- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര്‍ റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തടയിടാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃക്യാമ്പില്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും ആക്ഷന്‍ പ്ലാനും കനഗോലു അവതരിപ്പിച്ചു. പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണ തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്' എന്ന വാചകം പരിഗണനയിലുണ്ട്.
ലക്ഷ്യം 100 സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലുള്ള 'ഇന്‍ക്ലൂസീവ് മൈന്‍ഡ്സ്' ടീം നടത്തിയ അതീവ രഹസ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫിന് 85 സീറ്റുകളില്‍ നിലവില്‍ വ്യക്തമായ വിജയസാധ്യതയുണ്ടെന്നും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇത് 100 കടക്കാമെന്നും അദ്ദേഹം നേതൃത്വത്തെ ബോധ്യപ്പെടുത്തി. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഉപയോഗിച്ച് വോട്ടര്‍മാരുടെ പ്രായം, ലിംഗഭേദം, പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് ഡാറ്റാ അനലിറ്റിക്‌സ് തയ്യാറാക്കിയത്.
തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളുള്ള 'വാര്‍ റൂം' സ്ഥാപിച്ച് താഴെത്തട്ടിലുള്ള രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കും. യുവാക്കളെയും അരാഷ്ട്രീയവാദികളെയും സ്വാധീനിക്കാന്‍ പ്രത്യേക സോഷ്യല്‍ മീഡിയ കാമ്പെയ്നുകളും സജ്ജമാക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റം കനഗോലുവിന്റെ റിപ്പോര്‍ട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. ജനപ്രീതി കുറഞ്ഞ എംഎല്‍എമാര്‍ക്ക് പകരം യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കണം. മുന്‍പ് കോണ്‍ഗ്രസ് കോട്ടകളായിരുന്നതും എന്നാല്‍ നഷ്ടപ്പെട്ടതുമായ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഫെബ്രുവരിയില്‍ വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്രയ്ക്ക് മുന്‍പായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. യാത്രയ്ക്കിടയില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് പദ്ധതിയെന്നും സൂചനയുണ്ട്.
ജനുവരി 19-ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത് സംഗമം നടക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപടെലിനെതിരെ രാപ്പകല്‍ സമരം, എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഭവന സന്ദര്‍ശനം, ശബരിമല സ്വണ്ണക്കൊള്ള വിഷയത്തിലെ തുടര്‍ച്ചയായ സമരങ്ങള്‍ എന്നിവയിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് തീരുമാനം. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയ അതേ തന്ത്രങ്ങളുമായി കനഗോലു എത്തുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിലെ പങ്ക്: 2022-ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' ആസൂത്രണം ചെയ്യുന്നതിലും വിജയിപ്പിക്കുന്നതിലും കനഗോലു വലിയ പങ്കുവഹിച്ചു. എഐസിസിയുടെ (AICC) 'ഡിസൈന്‍ ആന്‍ഡ് കാമ്പെയ്ന്‍' വിഭാഗത്തിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ഇദ്ദേഹമാണ്. കര്‍ണാടകയിലെ 'PayCM' കാമ്പെയ്ന്‍ ഇദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു. തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ 'നമുക്ക് നാമേ' കാമ്പെയ്നിന് പിന്നിലും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരസ്യങ്ങളില്‍ നിന്നും വാര്‍ത്താമാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്. 'ഇന്‍ക്ലൂസീവ് മൈന്‍ഡ്സ്' (Inclusive Minds) എന്ന ഏജന്‍സി വഴിയാണ് അദ്ദേഹം സര്‍വേകളും ഡാറ്റാ വിശകലനങ്ങളും നടത്തുന്നത്. കേരളത്തിലെ ദൗത്യം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ സോഷ്യല്‍ മീഡിയ പ്രചാരണം വരെ ശാസ്ത്രീയമായ രീതിയില്‍ അദ്ദേഹം നിയന്ത്രിക്കുന്നു.




