തിരുവനന്തപുരത്ത് സിപിഎം-ബിജെപി കൂട്ടുകച്ചവടം; വെള്ളാപ്പള്ളിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപി പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ സിപിഎമ്മുകാരാണ് ഈ വോട്ട് കൈമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇതൊരു 'കൂട്ടുകച്ചവടം' ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി കരുത്താര്‍ജ്ജിക്കുന്നു എന്ന വാദത്തെ അദ്ദേഹം തള്ളി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വട്ടിയൂര്‍ക്കാവിലും നേമത്തും ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന്റെ മുന്നേറ്റത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശനെതിരെയും മുരളീധരന്‍ രൂക്ഷവിമര്‍ശനം നടത്തി. ഒരു മാധ്യമപ്രവര്‍ത്തകനെ പേര് നോക്കി 'തീവ്രവാദി' എന്ന് വിളിച്ചത് തെറ്റായ നടപടിയാണെന്നും, എല്ലാവരെയും ഒരുപോലെ കാണേണ്ട സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളിയെ തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫില്‍ കലഹം തുടങ്ങിയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന വെറും തമാശയാണെന്നും മുസ്ലിം ലീഗുമായി കോണ്‍ഗ്രസിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം ഇപ്പോള്‍ ഇഴയുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. വന്ദേഭാരത് വേഗതയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിന്‍ വേഗതയിലാണെന്നും ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സോണിയ ഗാന്ധിക്ക് പുരാവസ്തു കച്ചവടമുണ്ടെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന വിവരക്കേടാണെന്നും സുരേന്ദ്രന്റെ തലയ്ക്ക് നെല്ലിക്കാതളം വെക്കണമെന്നും മുരളീധരന്‍ പരിഹസിച്ചു.