കേരള വിസി യുടെ ചേമ്പറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം: ഗവര്‍ണര്‍ വിശദീകരണം തേടി; സുരക്ഷാ വീഴ്ചയില്‍ രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര പിഴവ്; അച്ചടക്കനടപടിക്കായി രജിസ്ട്രാര്‍ക്ക് വിസിയുടെ നോട്ടീസ്

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം: ഗവര്‍ണര്‍ വിശദീകരണം തേടി

Update: 2025-02-04 12:25 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്ന ഒരുപറ്റം എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ചേമ്പറില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐക്കാര്‍ അതിക്രമിച്ചുകയറിയത്.

രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയതുകൊണ്ട് രജിസ്ട്രാര്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിസി, രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിന് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി വളപ്പില്‍ കെട്ടിയ പന്തല്‍ പൊളിച്ചുമാറ്റാന്‍ വിസി നിര്‍ദ്ദേശിച്ചിട്ട് നടപടി കൈക്കൊള്ളാത്തതും, കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ വിസി യുടെ ചേമ്പറില്‍ അതിക്രമിച്ച് കടന്ന് വിസിക്കെതിരായ പോസ്റ്ററുകള്‍ പതിച്ചതും ഗുരുതര സുരക്ഷാവീഴ്ച്‌യാണെന്നും അതിന് ഉത്തരവാദികള്‍ക്കെതിരെ രജിസ്ട്രാര്‍ നടപടി കൈക്കൊണ്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.

വിസി ഡോ:മോഹനന്‍ കുന്നുമ്മേലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ചിത്രങ്ങളും സമരക്കാര്‍ വിസി യുടെ ഓഫീസില്‍ പതിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ ഗുരുതര സുരക്ഷാ വീഴ്ചയുള്ളതായി ഗവര്‍ണറുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി വിശദീകരണം തേടിയത്. അതിക്രമിച്ചുകടന്ന വിദ്യാര്‍ത്ഥികളെ പോലീസ് നീക്കംചെയ്തിരുന്നു. 14 പേരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ചു.

സര്‍വ്വകലാശാല വളപ്പിനുള്ളില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നത് ഇതാദ്യമായാണ്. പന്തല്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കി സമരം തുടരുന്നത് സിന്‍ഡിക്കേറ്റിലുള്ള ചില അംഗങ്ങളുടെ ഒത്താശയിലാണെന്ന ആക്ഷേപം ശക്തമാണ്. മുന്‍പ്, മുന്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ സര്‍വ്വകലാശാലയുടെ പ്രവേശനകവാടത്തില്‍ കെട്ടിയിരുന്നത് അഴിച്ചുമാറ്റാന്‍ വിസി, രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും സിണ്ടിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാനര്‍ നീക്കം ചെയ്യാന്‍ രജിസ്ട്രാര്‍ തയ്യാറായില്ല. ബാനര്‍ മാറ്റുന്നതുവരെ വിസി ഓഫീസില്‍ ഹാജരാകാതിരുന്നു .

യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കാതെ വിസിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. കോടതി വ്യാഴാഴ്ച കേസില്‍ വാദം കേള്‍ക്കും. വിസി ഇന്നും യൂണിവേഴ്‌സിറ്റിയില്‍ ഹാജരായില്ല.

Tags:    

Similar News