കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും; സിപിഐയില്‍ മാറ്റത്തിന്റെ കാറ്റോ? ഇടതു മുന്നണിയെ രണ്ടാമന്‍ തകര്‍ക്കുമോ?

10 വര്‍ഷത്തിലേറെ മുന്നണികള്‍ ഇങ്ങനെ നിലനില്‍ക്കില്ല !

Update: 2024-09-08 01:07 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സിപിഐ നിലപാടാണ് മുമ്പ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് കാരണം. കോണ്‍ഗ്രസിന്റെ സോഷ്യലിസത്തില്‍ ആകൃഷ്ടരായവര്‍ എന്നും സിപിഐയിലുണ്ടായിരുന്നു. മന്‍മോഹന്‍ സര്‍ക്കാരില്‍ ആഭ്യന്തരം പോലും സിപിഐ ഭരിച്ചു. ഇനിയും കോണ്‍ഗ്രസിനെ കേരളത്തില്‍ സഖ്യ പാര്‍ട്ടിയാക്കുമോ സിപിഐ? ചര്‍ച്ചകള്‍ക്ക് സാധ്യത ഇല്ലാതില്ല. സിപിഎം സഖ്യത്തിനപ്പുറമുള്ള സാധ്യതകളും പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയിലെ ആവശ്യം വിശാല ഇടതു ചേരിയെന്ന കേരളത്തിലെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുന്നതിന്റെ ആദ്യ പടിയോ? സിപിഎമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവം സിപിഐയെ പലതരത്തില്‍ ചിന്തിപ്പിക്കുകയാണ്.

സിപിഐ നിര്‍വ്വാഹക സമിതിയില്‍ കോണ്‍ഗ്രസ് സഖ്യമെന്നു നേരിട്ടുപറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് അതുതന്നെ. ദേശീയ നിര്‍വാഹകസമിതി അംഗവും രാജ്യസഭാംഗവുമായ പി.സന്തോഷ്‌കുമാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ ചുവടുപിടിച്ചു നടന്ന ചര്‍ച്ചയില്‍, സിപിഎം കടുത്ത അപചയമാണു നേരിടുന്നതെന്ന വിമര്‍ശനവുമുയര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് പഴയ കോണ്‍ഗ്രസ് സഖ്യത്തിലേക്കു തിരിച്ചുപോകണമെന്ന വാദം ചില ജില്ലാ കൗണ്‍സിലുകളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇതാരും ഉയര്‍ത്തിയില്ല. എന്നാല്‍ അതും മാറുയാണ്. ബിനോയ് വിശ്വമാണ് സിപിഐ സംസ്ഥാന സെക്രട്ടറി. ബിനോയിയുടെ വിശ്വസ്തനായ സന്തോഷ് കുമാറാണ് ഈ ആശയം പാര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നത്.

ദേശീയ രാഷ്ട്രീയം മാറ്റിനിര്‍ത്തി ഇടതുപാര്‍ട്ടികള്‍ക്കു മുന്നോട്ടുപോകാനാകില്ലെന്നു സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണ് സിപിഐ. കേരളത്തില്‍ കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും. 10 വര്‍ഷത്തിലേറെ മുന്നണികള്‍ ഇങ്ങനെ നിലനില്‍ക്കില്ല. കോണ്‍ഗ്രസ് എന്ന് പറയാതെ ആ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതയും ആലോചിക്കേണ്ടിവരുമെന്നു സന്തോഷ് പറഞ്ഞുവച്ചു.

കേരളത്തിനു പുറത്ത് ഇന്ത്യാസഖ്യവും കേരളത്തില്‍ മാത്രം സിപിഎം സഖ്യവും എന്നതു വികല കാഴ്ചപ്പാടാണെന്നു കഴിഞ്ഞ നിര്‍വാഹകസമിതി യോഗത്തില്‍ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതു തുടര്‍ന്നാല്‍ ആളുകള്‍ സിപിഐ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുമെന്നും ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്ന കനയ്യകുമാര്‍ അതാണു ചെയ്തതെന്നും മുല്ലക്കര പറഞ്ഞിരുന്നു. മുല്ലക്കരയുടെ ഈ നിലപാടിന് എതിര്‍പ്പുമെത്തിയിരുന്നു. എന്നാല്‍ സന്തോഷ് കുമാറിന്റെ വിശദീകരണം വീണ്ടും ചര്‍ച്ച സജീവമാക്കുകയാണ്.

കോണ്‍ഗ്രസുമായുള്ള സഖ്യവും കോണ്‍ഗ്രസിലേക്കു ചേരുന്നതും ചര്‍ച്ച ചെയ്യുന്ന വേദിയായി സിപിഐ നിര്‍വാഹകസമിതി മാറരുതെന്ന് ഇതിനുള്ള മറുപടിയായി മന്ത്രി ജി.ആര്‍.അനില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു സന്തോഷ് നടത്തിയ പ്രതികരണമാണ് കൂടുതല്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. തൃശൂരിലെ സിപിഐ തോല്‍വിയ്ക്ക് പിന്നില്‍ പൂരം കലക്കലാണെന്ന ചര്‍ച്ച സിപിഐയെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ അഭിപ്രായം പ്രകടനങ്ങളും എത്തുന്നത്. എഡിജിപി എം.ആര്‍ അജിത്ത് കുമാറും ആര്‍എസ്എസിന്റെ ദേശീയ നേതാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ശക്തമായ വിയോജിപ്പുമായി സിപിഐ രംഗത്തു വന്നിരുന്നു.

കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറും, കൂടിക്കാഴ്ച ഇടത് ചെലവില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു. അതേസമയം അങ്ങനെ കൂടിക്കാഴ്ച നടന്നാല്‍ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചോദിച്ചിരുന്നു. ഇതിനെ സിപിഐ ചോദ്യം ചെയ്യുന്നുണ്ട്.

Tags:    

Similar News