നടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ 'പടയപ്പ' എന്ന് വിളിച്ചു; ആദ്യം ശാന്തനായി മൂന്നാറുകാരുടെ മനസ്സ് കീഴടക്കിയ 'പടയപ്പ' ഇപ്പോള്‍ പരാക്രമി; അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്ത് വീണ്ടും ഭീതി പടര്‍ത്തി ആ കാട്ടാന; ജനവാസ മേഖല വിടാത്തത് ആശങ്കയാകുന്നു; മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഭയം
ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്തു. രണ്ട് മണിക്കൂറോളം പടയപ്പ പരാക്രമം തുടര്‍ന്നു. വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനതെ കാട്ടിലേക്ക് തുരത്തി. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചു. ആളപായമില്ലെന്നത് ആശ്വാസമായി.
മഴ ശക്തമായിട്ടും ജനവാസ മേഖലയില്‍ നിന്ന് പിന്‍വാങ്ങാതെ പടയപ്പ എന്ന കാട്ടാന നിലയുറപ്പിക്കുകയാണ്. മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ കാട്ടാനയുടെ ആക്രമണം പതിവായതോടെ വലിയ ദുരിതത്തിലാണ് നാട്ടുകാര്‍. കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതിനൊപ്പം വീടുകള്‍ക്ക് നേരെയും ഇപ്പോള്‍ പടയപ്പ ആക്രമണം നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലിറങ്ങിയ പടയപ്പ മണിക്കൂറുകളോളം ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. അന്ന് മറയൂര്‍ പാമ്പന്‍ മലയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂരയും പടയപ്പ തകര്‍ത്തിരുന്നു. വീട് തകര്‍ത്ത് ഭക്ഷണവും കഴിച്ചാണ് പടയപ്പ മടങ്ങുന്നത്. ഇതേ അവസ്ഥയാണ് വീണ്ടും.
മറയൂര്‍ പള്ളനാട് മേഖലയില്‍ എക്കറുകണക്കിന് കൃഷി ഭൂമിയിലെ കരിമ്പ്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികള്‍ പടയപ്പ ഏതാനും നാളുകള്‍ക്കിടെ നശിപ്പിച്ചിട്ടുണ്ട്. ആന ശല്യം രൂക്ഷമാകുമ്പോഴും ആവശ്യത്തിന് വാച്ചര്‍മാര്‍ പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശവാസികളാകെ ആന ഭീതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പ് മദപ്പാടിന്റെ സമയം കാട്ടാന മൂന്നാറിലെ വിവിധ ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതി പരത്തിയിരുന്നു. മറയൂര്‍ - മൂന്നാര്‍ റോഡില്‍ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ പ്രദേശവാസികള്‍ നല്‍കുന്ന വിവരമറിഞ്ഞ് എത്തുന്ന വനം വകുപ്പിന്റെ ആര്‍ആര്‍ടി ടീം തേയിലത്തോട്ടത്തിലേക്കാണ് പടയപ്പയെ കയറ്റിവിടുന്നതെന്നും ആരോപണമുണ്ട്. മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് 'പടയപ്പ'യെന്ന ഓമനപ്പേരില്‍ ഈ ആനയെ വിളിച്ചുതുടങ്ങിയത്. കാട്ടാനക്കൂട്ടങ്ങള്‍ ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന രീതിയാണ് 'പടയപ്പ'യ്ക്ക് ആദ്യം ഉണ്ടായിരുന്നത്.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദര്‍ശകനായ ഈ കാട്ടാന മാസങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ 'പടയപ്പ'യ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയില്‍ തമ്പടിച്ചതോടെ ആ ഭയവും ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്. 'പടയപ്പ'യും കാട്ടില്‍നിന്നിറങ്ങിയ ഒറ്റയാനും തമ്മില്‍ മുമ്പ് ഏറ്റുമുട്ടിയിരുന്നു. സ്വതവേ ശാന്തസ്വഭാവമുള്ള 'പടയപ്പ' ആ സംഭവത്തിന് ശേഷം പ്രകോപിതനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊളുന്തു ചാക്കുകള്‍ കയറ്റിയ ട്രാക്റ്റര്‍ 'പടയപ്പ' 50 അടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടിരുന്നു.
മുമ്പൊരിക്കല്‍ കെ എസ് ആര്‍ ടി സി ബസിനെ തടഞ്ഞതും മുമ്പ് ആശങ്കയായി. ഡ്രൈവറുടെ മനസാന്നിധ്യമാണ് അന്ന് അപകടം ഒഴിവാക്കിയത്. ഭക്ഷണം കഴിക്കാനെത്തി മതില്‍ പൊളിപ്പും തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ പടയപ്പയെ മൂന്നാര്‍ ഇപ്പോള്‍ ഭയന്ന് തുടങ്ങുകയാണ്. അബദ്ധത്തില്‍ മുമ്പിപ്പെടുമ്പോള്‍ ഭയന്നിട്ടോ അകാരണമായി പ്രകോപിപ്പിക്കുമ്പോഴോ മാത്രമാണ് ഇവന്‍ പേരിനെങ്കിലും ആക്രമണകാരിയാവാറുള്ളു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ആക്രമിക്കാന്‍ പോയില്ലെങ്കില്‍ ചെയ്തില്ലങ്കില്‍ ആള്‍ ശാന്ത സ്വഭാവക്കാരനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ ആണ് ഇവന് പടയപ്പ എന്ന് പേരിട്ടതെന്നാണ് പ്രചരിച്ചിട്ടുള്ള വിവരം.