റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു; ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ; റവാഡയ്‌ക്കെതിരെ കൊലക്കേസ് എടുക്കണം എന്ന് പിണറായി പറഞ്ഞത് 1995 ജനുവരി 30ന്; നിയമസഭയിലെ അടിയന്തര പ്രമേയ പ്രസംഗം പുറത്ത്; സിപിഎം വെട്ടില്‍; ആ രേഖ പുറത്തെത്തിച്ചത് കൂത്തുപറമ്പ് വികാരമുള്ളവരോ? ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

Update: 2025-07-13 12:58 GMT

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗത്തിന്റെ രേഖകള്‍ പുറത്ത്. കൂത്തു പറമ്പ് വെടിവയ്പിനുശേഷം 1995 ജനുവരി 30ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍ റവാഡയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. കൂത്തുപറമ്പ് വെടിവയ്പ്പിന് ശേഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയവതരണ ചര്‍ച്ചയിലെ പ്രസംഗമാണ് പുറത്തു വന്നത്. ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളിലും പ്രത്യേകിച്ച് കണ്ണൂര്‍ ഘടകത്തിലും എതിര്‍സ്വരങ്ങള്‍ ഉണ്ടായിരുന്നു.

കൂത്തുപറമ്പിലേത് വെടിവയ്പ് പരിശീലനമാണെന്ന് റവാഡ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. റവാഡയ്‌ക്കെതിരെ കൊലക്കേസ് എടുക്കണം എന്നായിരുന്നു അന്ന് പിണറായി വിജയന്‍ സഭയില്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ കരിങ്കൊടി കാണിച്ച് പുറത്തേക്ക് പോകുമെന്നും വെടിവയ്ക്കരുതെന്നും അന്നത്തെ ഡിവൈഎഫ്ഐ ചുമതലയിലുണ്ടായിരുന്ന എം.വി. ജയരാജന്‍ പറഞ്ഞിരുന്നുവെന്നും ആ സമയത്ത് ഞങ്ങള്‍ക്ക് ഇതൊരു പരിശീലനമാണെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു എന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്. റവാഡ ചന്ദ്രശേഖരിന്റെ പേരെടുത്ത് പറയാതെ എഎസ്പി എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് എന്നും രേഖകളില്‍ വ്യക്തം. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു എന്ന പത്രവാര്‍ത്ത പിണറായി നിയമസഭയില്‍ ഉദ്ധരിച്ചു. റവാഡയെ സസ്‌പെന്‍ഡ് ചെയ്തു കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിണറായി വിജയന്റെ പ്രസംഗം നിയമസഭാ രേഖകളിലാണുള്ളത്.. പകര്‍പ്പ് പുറത്തു വന്നു. നിയമസഭയില്‍ ചര്‍ച്ച നടന്നത് രണ്ടായിരത്തി 1995 ജനുവരി 30നാണ്. സിപിഎമ്മിലെ കൂത്തുപറമ്പ് വികാരം കാത്തു സൂക്ഷിക്കുന്നവരാണ് ഈ പ്രസംഗത്തിന്റെ പകര്‍പ്പ് പുറത്തു വിട്ടതെന്ന വാദവും സജീവമാണ്.

ആ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം


കേരളത്തില്‍ത്തന്നെ ഒട്ടേറെ വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് റവാഡ എ. ചന്ദ്രശേഖര്‍. സംസ്ഥാനത്തെ നിര്‍ണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 1991-ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സ് സ്പെഷ്യല്‍ ഡയറക്ടര്‍ ചുമതല ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്. ഷേക്ക് ദര്‍വേഷ് സാഹിബിന്റെ പിന്‍ഗാമിയായാണ് റവാഡ പോലീസ് മേധാവിയായത്. കേരള ചരിത്രത്തിലെ മായ്ക്കാനാവാത്ത മുറിപ്പാടാണ് 1994 നവംബര്‍ 25-ലെ കൂത്തുപറമ്പ് വെടിവെപ്പ്. അഞ്ച് ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സംഭവം സിപിഎമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും പൊള്ളുന്ന ഓര്‍മയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു അടുത്തകാലത്ത് മരിച്ച പുഷ്പന്‍. മൂന്നു പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് അദ്ദേഹം വിടവാങ്ങി. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലം ജീവിച്ച അദ്ദേഹം തോക്കിനെ തോല്‍പ്പിച്ച പോരാളിയായാണ് വിലയിരുത്തപ്പെടുന്നത്.

റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ.എസ്.പി. ആയിരിക്കേയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവന്‍. ഇരമ്പിയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് അവിടെ പോലീസിന്റെ നേതൃത്വം റവാഡയ്ക്കായിരുന്നു. അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്നുതന്നെയായിരുന്നു ഇത്. ഇതോടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കയ്പ്പുനിറഞ്ഞതായി.

കേസില്‍ റവാഡയെയും പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട് 2012-ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിര്‍വഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് നിയമിക്കപ്പെട്ടു. അങ്ങനെ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തിയ അദ്ദേഹം, സിപിഎം സര്‍ക്കാരിന്റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വന്നു. റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായായിരുന്നു നിയമനം. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും പൊള്ളുന്ന സ്മരണകള്‍ ഇപ്പോളും സിപിഎം പ്രവര്‍ത്തകരില്‍ ഉണ്ട് എന്നതാണ് സത്യം. അവരാണ് പിണറായിയുടെ പ്രസംഗ രേഖയും പുറത്തേക്ക് വിട്ടത്.

Tags:    

Similar News