മിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥ

Update: 2026-02-16 01:00 GMT

തിരുവനന്തപുരം: തുടര്‍ച്ചയായ അക്രമങ്ങളും പോലീസിന്റെ തണുപ്പന്‍ സമീപനവും കാരണം താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മാളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയി. എന്നാല്‍ മാളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആദ്യം ആക്രമിച്ചത് മിഥുന്‍ റോയിയാണെന്ന് സംഘടനയുടെ ജില്ലാ സെക്രട്ടറി എം.എ. നന്ദന്‍ ആരോപിച്ചു.

2023 ഓഗസ്റ്റില്‍ പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കിയത്. തുടര്‍ന്ന് ഇക്കൊല്ലം പുതുവര്‍ഷാഘോഷത്തിനിടെ ശംഖുമുഖത്ത് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയും വിവാദമായിരുന്നു. കഴിഞ്ഞദിവസം മിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ചാണെന്നാണ് സൂചന.

അതേസമയം, മിഥുന്റെ ആരോപണങ്ങള്‍ തള്ളിയ എം.എ. നന്ദന്‍, ഉദ്യോഗസ്ഥന്റെ മുന്‍കാല പെരുമാറ്റദൂഷ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. പുതുവത്സരാഘോഷത്തിനിടെ മിഥുന്‍ പ്രവര്‍ത്തകരെ കാരണമില്ലാതെ മര്‍ദിച്ചിരുന്നെന്നും, എവിടെ ജോലി ചെയ്താലും വിവാദങ്ങളുണ്ടാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും നന്ദന്‍ കുറ്റപ്പെടുത്തി. പിന്തുടര്‍ന്ന് ആക്രമിക്കുന്ന ശൈലി സംഘടനയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാക്കിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് അവധിയിലായിരുന്ന മിഥുന്‍ ഏതാനും ദിവസം മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. മാളില്‍ എത്തിയത് ബന്ധുവായ സ്ത്രീക്കൊപ്പമല്ലെന്നും അവിടെ വെച്ച് അവരെ കണ്ടുമുട്ടിയതാണെന്നും മിഥുന്‍ വ്യക്തമാക്കി. കേസ് വന്നതോടെ ആ സ്ത്രീയും കുടുംബവും കടുത്ത മനോവിഷമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനെ നേരില്‍ കണ്ട് ഇവര്‍ ആശങ്ക അറിയിച്ചു. പരാതിയില്‍ സാഹചര്യം പരിശോധിക്കാമെന്ന് എ.ഡി.ജി.പി. ഉറപ്പുനല്‍കിയതായി പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് അറിയിച്ചു.

സംഭവത്തില്‍ പിടിയിലായ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം കിട്ടിയിരുന്നു. എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ മിഥുന്‍ റോയിയെ മര്‍ദിച്ച വിനയ്, സുര്‍ജിത് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണു ജാമ്യം ലഭിച്ചത്. മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ നേരത്തേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയിലായിരുന്നു കേസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയായിരുന്നു വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാള്‍ ഓഫ് ട്രാന്‍വന്‍കൂറില്‍ സഹോദരിക്കൊപ്പം എത്തിയപ്പോഴാണ് മിഥുന്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളും നടന്നിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാര്‍ ലാത്തിവീശി. ഇതില്‍ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റതായി ആരോപണമുയര്‍ന്നു. ഇതിന്റെ പ്രതികാരമായാണു ശനിയാഴ്ച മിഥുനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

മാളില്‍ മിഥുന്റെ പിന്നാലെ നടന്ന് അസഭ്യം പറയുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതുമായ വിഡിയോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ റിക്കോര്‍ഡ് ചെയ്തിരുന്നു. പലതവണ മിഥുനെ പിടിച്ചുതള്ളുന്നതും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിപ്പട്ടികയിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മിഥുനെ ചവിട്ടി വീഴ്ത്തുന്നതും കാണാം. പുറത്തുവന്ന സിസിടിവി ദൃശ്യത്തിലും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നത് വ്യക്തമാണ്. എന്നിട്ടും പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ ദൃശ്യങ്ങളില്‍ മിഥുനും സഹോദരിയും ആയുധം ഉപയോഗിക്കുന്നതായും കാണുന്നില്ല.

പേട്ട ചായക്കുടി സ്വദേശി വിനയ്പ്രകാശിന്റെ പരാതിയിലാണ് മിഥുനും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തത്. മിഥുന്‍ ശംഖുമുഖത്ത് വച്ച് ലാത്തികൊണ്ട് അടിച്ചതില്‍ കമ്മിഷണര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കാത്ത വൈരാഗ്യമാണെന്നാണു പരാതിയിലുള്ളത്. ശംഖുമുഖത്തെ സംഭവത്തിനുശേഷം മിഥുന്‍ മെഡിക്കല്‍ അവധിയിലായിരുന്നു.

Tags:    

Similar News