കൊടും ചൂടിൽ മകളെ കാറിൽ ലോക്ക് ചെയ്ത് മറന്നു; ജീവന് വേണ്ടി പിഞ്ചുകുഞ്ഞ് പിടഞ്ഞപ്പോൾ അച്ഛൻ മുറിയിൽ അശ്ലീല വീഡിയോ കണ്ടിരുന്ന് ക്രൂരത; കേസിൽ വിധി വരാനിരിക്കെ സംഭവിച്ചത് മറ്റൊന്ന്
അരിസോണ: അതിദാരുണമായ സംഭവത്തിൽ, രണ്ട് വയസുള്ള മകളെ കൊടും ചൂടിൽ കാറിൽ ഉപേക്ഷിച്ച് മരണത്തിനു കാരണക്കാരനായ പിതാവ് ജീവനൊടുക്കി. കേസിൽ വിധി വരാനിരിക്കെയാണ് 38 വയസുള്ള ക്രിസ്റ്റോഫർ സ്കോൾടേസ് ജീവനൊടുക്കിയത്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ, ഏകദേശം 43 ഡിഗ്രി സെൽഷ്യസ് താപനിലയിൽ, പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സ്കോൾടേസ് തന്റെ മകളെ കാറിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുന്നതിനിടെ മറന്നത്. വീട്ടിലെത്തിയ ശേഷം അശ്ലീല വീഡിയോ കാണുക, മദ്യപിക്കുക, വീഡിയോ ഗെയിം കളിക്കുക തുടങ്ങിയവയിൽ മുഴുകിയിരുന്ന ഇയാൾ, മൂന്നര മണിക്കൂറോളം കുട്ടിയെക്കുറിച്ച് ഓർക്കാതിരിക്കുകയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ ഭാര്യ വീട്ടിലെത്തി കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം തിരിച്ചറിയുന്നത്.
കാറിൽ നിന്ന് പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മരണസമയത്ത് ഇയാൾ അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് വ്യക്തമായിരുന്നു.
ഈ കേസിൽ സ്കോൾടേസിനെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. 20 മുതൽ 30 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. കുട്ടിയെ കാറിൽ മറക്കുന്നത് ഇയാളുടെ പതിവ് രീതിയായിരുന്നുവെന്ന് സ്ഥാപിക്കാൻ ഭാര്യ അയച്ച സന്ദേശങ്ങളും സഹായകമായി. വിധി പറയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇയാൾ ബുധനാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.