ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു; നിരവധി കുട്ടികള്‍ കുടുങ്ങി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു; നിരവധി കുട്ടികള്‍ കുടുങ്ങി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് അപകടം. മുപ്പതോളം കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ജാവയിലെ സിഡോര്‍ജോ പട്ടണത്തിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിലാണ് സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടം കുട്ടികളുടെ മുകളിലേക്ക് മുകളിലേക്ക് തകര്‍ന്നുവീണതെന്ന് പ്രവിശ്യാ പൊലീസ് വക്താവ് ജൂള്‍സ് എബ്രഹാം അബാസ്റ്റ് പറഞ്ഞു.
രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനിടെ ഗുരുതര പരിക്കുകളോടെ എട്ട് കുട്ടികളെ പുറത്തെടുത്തതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും വിവരമുണ്ട്. തകര്‍ന്നുകിടക്കുന്ന കോണ്‍ക്രീറ്റുകള്‍ വീണ്ടും ഇളകിയതോടെ രാവിലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ഉച്ചയ്ക്ക് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഏഴ് മുതല്‍ പതിനൊന്ന് വരെ ക്ലാസുകളില്‍ പഠിക്കുന്ന 12 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. 2,000-ത്തിലധികം കുട്ടികളാണ് പെസാന്‍ട്രെന്‍ എന്നറിയപ്പെടുന്ന ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ സമുച്ചയത്തില്‍ പതിച്ച ഒരു നോട്ടീസില്‍ 65 വിദ്യാര്‍ഥികളെ കാണാതായതായി രേഖപ്പെടുത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹാരി ഉച്ചയോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി കരുതുന്ന ആളുകളുടെ എണ്ണം 38 ആണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ കണക്കുകളില്‍ വ്യത്യാസം വരാമെന്നും അധികൃതര്‍ വ്യക്തമാക്കി.
കനത്ത കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനായ നാനാങ് സിഗിറ്റ് പറഞ്ഞു. കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കനത്ത കോണ്‍ക്രീറ്റ് പാളികള്‍ വീണ്ടും തകരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.