ജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്‌റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്‍

Update: 2024-10-26 02:08 GMT

ടെല്‍ അവീവ്: ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ഇറാനില്‍ പ്രതികാര ആക്രമണ പരമ്പരകള്‍ ആരംഭിച്ചത് ജോര്‍ദ്ദാന്റെ പിന്തുണയില്‍. ഇതിനൊപ്പം സ്‌ഫോടനങ്ങള്‍ സിറിയയിലും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 'ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഇസ്രയേലിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക്' മറുപടിയായി ടെഹ്റാനിലെ സൈനിക ലക്ഷ്യങ്ങളില്‍ 'കൃത്യമായ സ്ട്രൈക്കുകള്‍' നടത്തുകയാണ് ഇസ്രയേല്‍. ടെഹ്‌റാനിലെ ഏഴു സുപ്രധാന കേന്ദ്രങ്ങളിലാണ് ഇറാന്‍ ബോംബാക്രമണം നടന്നത്. എല്ലാം ലക്ഷ്യത്തില്‍ പതിക്കുകയും ചെയ്തു.

ഒക്ടോബര്‍ 1 ന് ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി നല്‍കുന്നത് അതിശക്തമായാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ വലിയ സ്ഫോടനങ്ങള്‍ കേട്ടതായി ടെഹ്റാനിലെ ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചു: 'ഇത് വളരെ ഉച്ചത്തിലായിരുന്നു, ആകാശം ചുവന്നു,'-ഇതാണ് ദൃക്‌സാക്ഷി വിവരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തെ ബങ്കറിലേക്ക് മാറിയിട്ടുണ്ട്. ഇറാന്‍ തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലെ കരുതലാണ് ഇത്. വലിയ നാശനഷ്ടമാണ് ഇറാന് ഇസ്രയേല്‍ തിരിച്ചടി നല്‍കുന്നത്. ആളപായത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ജോര്‍ദ്ദാന്‍ ഒരുക്കിയ സുരക്ഷിത ആകാശ പാതയിലൂടെയാണ് ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ ഇറാനിലേക്ക് കുതിച്ചത്. അതിനിര്‍ണ്ണായക കേന്ദ്രങ്ങളില്‍ ബോംബിങും നടത്തി. ഇത് ഇറാന് വലിയ തിരിച്ചടിയാവുകയും ചെയ്തു.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് ജോര്‍ദ്ദാനിലെ ആകാശ പാത ഉപയോഗിച്ചാണ്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയുകയും ചെയ്തു. ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ വിമാനത്താവളത്തിന് അടുത്തും സ്‌ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ''മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.''ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാന്‍ തയാറാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇത് ഇറാനോട് ആക്രമിക്കാനുള്ള വെല്ലുവിളിയായാണ് വിലയിരുത്തുന്നത്.

ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇറാനു നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു. നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതമായി. വ്യോമ ഗതാഗതത്തെ അടക്കം ഇത് ബാധിച്ചേക്കും.

ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നിരുന്നു. ഇതോടെ ഇറാനും ജാഗ്രതയിലായി. എന്നാല്‍ ഇസ്രയേല്‍ വ്യോമാക്രമണത്തെ ചെറുക്കാന്‍ അവര്‍ക്കിയില്ല. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം നേരത്തെ പുറത്തു വന്ന രഹസ്യരേഖകളില്‍ പറയുന്നുണ്ടായിരുന്നു. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്. ഇതിനുള്ള പ്രതികാരമാണ് ശനിയാഴ്ചത്തെ വ്യോമാക്രമണം.

Tags:    

Similar News