മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്‍നാടന്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും
തിരുവനന്തപുരം: മാസപ്പടി കേസില്‍ എസഎഫ്‌ഐഒ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തരമായി തീരുമാനിക്കണം. 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.
കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞെന്ന് വി ഡി സതീശന്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേര്‍ത്തത് അതീവ ഗൗരവതരമായ വിഷയമാണ്. സേവനം നല്‍കാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തില്‍ അഴിമതി നടത്തിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും?
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം.
സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രി: ചെന്നിത്തല
മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ഇനി കേരളത്തിന്റെ ഭരണാധികാരിയായിരിക്കാന്‍ അ്ര്ഹതയില്ല.
സിഎംആര്‍എല്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇതിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നും വീണാവിജയന്‍ യാതൊരു സേവനവും നല്‍കാതെ 2.7 കോടി രൂപ എക്സാലോജിക് എന്ന കമ്പനി വഴി വാങ്ങിയെടുത്തെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്‍കംടാക്സ് അപ്പലേറ്റ് കൗണ്‍സില്‍ വിധിയില്‍ സര്‍ക്കാരിലെ പ്രമുഖന്റെ മകളായതു കാരണം ഈ തുക മാസപ്പടിയാണെന്നു കൃത്യമായി നിര്‍വചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറേക്കാലം അനങ്ങാതിരുന്നിട്ടും കടുത്ത പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ കേസ് ഏറ്റെടുക്കാന്‍ ടഎകഛ തയ്യാറായത്.
സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി ഇനി ആ സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ അടിയന്തിരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോടികള്‍ വീണക്ക് വെറുതെ നല്‍കിയതല്ലെന്ന് കുഴല്‍നാടന്‍
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സി.എം.ആര്‍.എല്‍ കോടികള്‍ വീണക്ക് വെറുതെ നല്‍കിയതല്ലെന്നും ഇതിന് വേണ്ട സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഫേസ്ബുക്കില്‍ കുറിച്ചു.
ഈ കാര്യമാണ് താന്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും തെളിയിക്കാന്‍ പരിശ്രമിക്കുന്നതും. പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്.ഐ.ഒ) പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. വീണ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത എസ്.എഫ്.ഐ.ഒ കുറ്റപത്രമാണ് വാര്‍ത്താ ചാനല്‍ പുറത്തുവിട്ടത്.
വീണയെ കൂടാതെ എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സി.എം.ആര്‍.എല്ലും സഹോദര സ്ഥാപനവും കേസില്‍ പ്രതികളാണ്. സേവനം നല്‍കാതെ വീണ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം (ഫിനാന്‍സ്) പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയത്. വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്‌സലോജിക്കിനും സി.എം.ആര്‍.എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 പ്രകാരമാണ് കുറ്റം ചുമത്തിയത്.