തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സിബിഐയെക്കൊണ്ട് കുടുക്കി രാഷ്ട്രീയമായി തളയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പാളി. ഇത്തരം നീക്കങ്ങള്‍ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും തന്നെ തലവേദനയായി മാറുകയാണ്.

പുനര്‍ജനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ ആയുധം തുരുമ്പിച്ച അവസ്ഥയിലാണ്. ആന്റണി രാജു പ്രതിയായ 'ജട്ടി കേസ്'രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് മറയ്ക്കാനാണ് പെട്ടെന്ന് സതീശനെതിരായ നീക്കം സജീവമാക്കിയതെന്ന ആരോപണം ഇതോടെ ശക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായിരുന്നു ഇതിന് പിന്നില്‍.

പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് സമാഹരിച്ച തുക സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും പകരം 'മണപ്പാട്ട് ഫൗണ്ടേഷന്‍' എന്ന എന്‍ജിഒയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയതെന്നും വിജിലന്‍സ് തന്നെ കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതി നിരോധന നിയമപ്രകാരം സതീശനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് എസ്.പി. ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.

വിദേശ ഫണ്ട് ഇടപാട് ആയതിനാല്‍ കേന്ദ്രാനുമതി ഇല്ലാത്തത് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് തന്നെ നിയമവകുപ്പ് ഇത് തള്ളുകയായിരുന്നു. വിജിലന്‍സ് കേസെടുക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നതായിരുന്നു നിരീക്ഷണം. ഈ സാഹചര്യത്തില്‍ കാര്യമില്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഇത്തരം ചര്‍ച്ചകള്‍ സിപിഎമ്മിന് ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ സജീവമാണ്.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ യുഡിഎഫിന്റെ ആത്മവിശ്വാസം തകര്‍ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം. ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ തന്നെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് പ്രതിരോധത്തിലാക്കാന്‍ ഇടതുപക്ഷം ഒരുങ്ങിയെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം തിരിച്ചടിയായി. മണപ്പാട് ഗ്രൂപ്പ് വഴി നടന്ന പണമിടപാടുകളില്‍ സതീശന്‍ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള സതീശന്റെ വാദം ശരിവെക്കുന്നതാണ് പുറത്തു വന്ന കണ്ടെത്തലുകള്‍.


ഇതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സതീശനെതിരെ ഈ കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ ഇറങ്ങിയ പിണറായി വിജയനും എല്‍ഡിഎഫിനും വലിയ നയതന്ത്ര പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതില്‍ സിപിഎമ്മില്‍ അതൃപ്തിയും ഉണ്ട്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.