'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം

Update: 2026-01-13 04:45 GMT

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ 'മാണി' സമവാക്യങ്ങള്‍ മാറ്റി ജോസ് കെ. മാണിയെ തിരികെ എത്തിക്കാനുള്ള സഭയുടെയും ലീഗിന്റെയും നീക്കങ്ങള്‍ക്കെതിരെ പടയൊരുക്കവുമായി പി.ജെ. ജോസഫും കൂട്ടരും. ജോസ് വന്നാല്‍ തങ്ങളുടെ അസ്തിത്വം ഇല്ലാതാകുമെന്നും അര്‍ഹതപ്പെട്ട സീറ്റുകള്‍ നഷ്ടപ്പെടുമെന്നുമുള്ള ആശങ്ക ജോസഫ് വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുകയാണ്. തങ്ങളുടെ കടുത്ത എതിര്‍പ്പ് യുഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. സിപിഎമ്മും യുഡിഎഫിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോയതോടെ യുഡിഎഫിലെ ഏക 'കേരള കോണ്‍ഗ്രസ്' എന്ന പദവി ജോസഫിനായിരുന്നു. എന്നാല്‍ പഴയ എതിരാളി മടങ്ങിയെത്തിയാല്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് മത്സരിച്ച പല സീറ്റുകളിലും ജോസ് വിഭാഗം അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ പോലും ജോസിന്റെ കടന്നുകയറ്റം ഉണ്ടാകുമോ എന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പേടി. ഈ വിവാദത്തില്‍ യുഡിഎഫ് മുന്നണി വിട്ട് ജോസഫ് പുറത്തേക്ക് വന്നാല്‍ സിപിഎം സ്വീകരിക്കും.

യുഡിഎഫില്‍ വലിയ പ്രതിഷേധമാണ് ജോസഫ് ഗ്രൂപ്പ് ഉയര്‍ത്തുന്നത്. മുന്നണി വിപുലീകരണം നല്ലതാണെന്ന് നേതൃത്വം പറയുമ്പോഴും, തങ്ങളെ ബലിനല്‍കിക്കൊണ്ടുള്ള ഒരു നീക്കത്തിനും വഴങ്ങില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ജോസ് കെ. മാണിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ജോസഫ് വിഭാഗം, ഇടയ്ക്കിടെ മുന്നണി മാറുന്നവര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നു. പി.ജെ. ജോസഫ് എടുക്കുന്ന നിലപാട് യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാണിപ്പോള്‍.

കോട്ടയം ജില്ലയില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും നേര്‍ക്കുനേര്‍ വന്നാല്‍ അത് യുഡിഎഫിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജോസിനെ സ്വാഗതം ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം ജോസഫിനെ എങ്ങനെ അനുനയിപ്പിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്.

ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കിലും ജോസഫിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ ജോസഫ് ഗ്രൂപ്പ് ഈ വിഷയം ഉന്നയിക്കും. ജോസ് കെ. മാണിയുടെ വരവ് തടയാന്‍ ജോസഫ് വിഭാഗം അവസാന അടവും പയറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.ജെ. ജോസഫ് അടിയന്തര പാര്‍ട്ടി യോഗം വിളിക്കും. മുന്നണി മര്യാദകള്‍ ലംഘിച്ച് ജോസ് കെ. മാണിയെ ഏകപക്ഷീയമായി സ്വീകരിക്കാന്‍ നീക്കം നടത്തിയാല്‍ അത് അംഗീകരിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നുപോലും വിട്ടുനല്‍കില്ലെന്ന കര്‍ശന നിര്‍ദ്ദേശം നേതാക്കള്‍ക്ക് ജോസഫ് നല്‍കിക്കഴിഞ്ഞു. യുഡിഎഫിനെ വഞ്ചിച്ച് പോയവര്‍ക്ക് തിരിച്ചുവരാന്‍ എളുപ്പവഴി ഒരുക്കുന്നത് വഞ്ചനയാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം.

മധ്യതിരുവിതാംകൂറിലെ പല പ്രാദേശിക ഘടകങ്ങളിലും ജോസഫ് വിഭാഗം അണികള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. കോട്ടയത്തും ഇടുക്കിയിലും ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുമെന്നും സൂചനയുണ്ട്. 'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല' എന്നാണ് ഒരു മുതിര്‍ന്ന ജോസഫ് ഗ്രൂപ്പ് നേതാവ് പ്രതികരിച്ചത്.

ജോസഫിന്റെ ഈ 'പടപ്പുറപ്പാട്' യുഡിഎഫ് നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. സഭയുടെ സമ്മര്‍ദ്ദവും ജോസഫിന്റെ കടുംപിടുത്തവും ഒരേപോലെ കൈകാര്യം ചെയ്യുക എന്നത് കോണ്‍ഗ്രസിന് കീറാമുട്ടിയാകും. ജോസഫിനെ പിണക്കി ജോസിനെ കൊണ്ടുവരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമോ എന്ന ആശങ്കയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

Tags:    

Similar News