കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് കിണറ്റില്‍ തള്ളി; മൂന്നാം ഭാര്യയും കാമുകനും കൂട്ടാളിയും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന് കിണറ്റില്‍ തള്ളി; മൂന്നാം ഭാര്യ അറസ്റ്റില്‍

Update: 2025-09-08 01:47 GMT

ഭോപ്പാല്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ഭാര്യ അറസ്റ്റില്‍. മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയിലെ സക്കരിയ ഗ്രാമത്തിലാണ് സംഭവം. 60കാരനായ ഭയ്യാലാല്‍ രജക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ ഇയാളുടെ മൂന്നാം ഭാര്യയും കാമുകനും മറ്റൊരു യുവാവും അറസ്റ്റിലായി. ഭയ്യാലാലിന്റെ ഭാര്യ മുന്നി ഏറെ നാളായി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. ഇയാളുമൊന്നിച്ച് ജീവിക്കാനാണ് കൊല നടത്തിയത്.

ഭയ്യാലല്‍ രജക് മൂന്നുതവണ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. പിന്നാലെ ഗുഡ്ഡി ഭായി എന്ന സ്ത്രീയെ രജക് വിവാഹം ചെയ്തതു. എന്നാല്‍ ഇവര്‍ക്ക് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഗുഡ്ഡിയുടെ സഹോദരി മുന്നിയെ രജക് വിവാഹം ചെയ്തു. മുന്നിയുടേതും മൂന്നാം വിവാഹമായിരുന്നു. മുന്നിയ്ക്കും രജകിനും രണ്ടു കുട്ടികളുണ്ട്. എന്നാല്‍ മുന്നിയ്ക്ക് നാരായണ്‍ ദാസ് എന്നയാളുമായി ബന്ധമുണ്ടായിരുന്നു. നാരായണ്‍ ദാസുമായുള്ള ബന്ധം തുടരാനാണ് മുന്നി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 30നായിരുന്നു കൊലപാതകം. ധീരജ് കോള്‍ എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് നാരായണ്‍ ദാസും ധീരജും ചേര്‍ന്ന് രജകിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രജകിനെ തലയ്ക്ക് അടിച്ചാണ് കൊല നടത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ കയറിയ പ്രതികള്‍. ഇരുമ്പുവടി കൊണ്ട് രജകിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് സാരികൊണ്ടും കയറുകൊണ്ടും കെട്ടി സമീപത്തെ കിണറ്റില്‍ തള്ളുകയായിരുന്നു.

പിറ്റേ ദിവസം കിണറ്റില്‍ എന്തോ പൊന്തിക്കിടക്കുന്നത് കണ്ട് രജകിന്റെ രണ്ടാം ഭാര്യയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. കിണറ്റിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രജകിന്റെ മൊബൈല്‍ ഫോണും കിണറ്റില്‍ നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് അടിയേറ്റാണ് രജക് മരിച്ചതെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News