വീട്ടിലെത്തിയ കടകംപള്ളിക്കുണ്ടായത് നിരാശ; പുറത്തായതിനാല്‍ നടനെ കാണാനായില്ല; തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകളില്‍ കണ്ണുവെച്ച് രാഷ്ട്രീയ നീക്കങ്ങള്‍; പ്രേംകുമാറിനെ തിരികെപ്പിടിക്കാന്‍ സി.പി.എം, ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും; പിണറായി സര്‍ക്കാരിന്റെ 'വരേണ്യ ബോധം' ചര്‍ച്ചകളില്‍ തുടരുമ്പോള്‍

Update: 2026-02-16 01:35 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിലെ നിര്‍ണായകമായ നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ ചൊല്ലിയാണ് ഇരുമുന്നണികളും ചരടുവലികള്‍ സജീവമാക്കിയിരിക്കുന്നത്. സി.പി.എമ്മുമായി അകന്നുനില്‍ക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നേരിട്ട് അദ്ദേഹത്തിന്റെ കഴക്കൂട്ടത്തെ വീട്ടിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

നാടാര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള തിരുവനന്തപുരത്ത് പ്രേംകുമാറിനെപ്പോലൊരു വ്യക്തിത്വം മുന്നണി വിടുന്നത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ പെട്ടെന്നുള്ള നീക്കത്തിന് പ്രേരിപ്പിക്കുന്നത്. അതേസമയം, പ്രേംകുമാറിനെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് തലത്തില്‍ തന്നെ ആരംഭിച്ചതായാണ് സൂചന. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാര്‍ സംസാരിച്ചതും താന്‍ മുന്‍പ് കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു.

ജില്ലയിലെ കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ ഒന്നില്‍ പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ നാടാര്‍ വോട്ടുകള്‍ ഏകീകരിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെയും സര്‍ക്കാരിന്റെ 'വരേണ്യ ബോധത്തിനെതിരെയും' പ്രേംകുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പ്രചാരണ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തിരുവനന്തപുരത്തെ പ്രധാന വോട്ടു ബാങ്കുകളില്‍ ഒന്നാണ് നാടാര്‍ സമുദായം. കുറച്ചു കാലമായി ഈ വോട്ടുകള്‍ സിപിഎമ്മിനെയാണ് തുണയ്ക്കാറ്. തിരുവനന്തപുരത്തെ സിപിഎം മുന്നേറ്റത്തില്‍ ഇതും കാരണമായിട്ടുണ്ട്.

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രേംകുമാറിന് കടുത്ത അമര്‍ഷമുണ്ട്. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്ന സച്ചിദാനന്ദന്‍ ഇപ്പോഴും സ്ഥാനത്ത് തുടരുമ്പോള്‍ തന്നോട് മാത്രം ഇരട്ടനീതി കാട്ടിയെന്നാണ് പ്രേംകുമാറിന്റെ പക്ഷം. 'സഖാവ് കൃഷ്ണപിള്ള' എന്ന സിനിമയിലൂടെ ഇടതുപക്ഷത്തോടടുത്ത തനിക്ക് നേരിട്ട അവഗണന നാടാര്‍ സമുദായത്തിനിടയിലും ചര്‍ച്ചയായിട്ടുണ്ട്.

സമുദായ സംഘടനകളുടെ പിന്തുണയോടെ പ്രേംകുമാറിനെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ വരുംദിവസങ്ങളില്‍ സി.പി.എം കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും. നാടാര്‍ സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള നീക്കങ്ങള്‍ ഇടതു പക്ഷവും പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News