യുക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു: അതിര്‍ത്തിയില്‍ മിസൈലുകള്‍ വീണതോടെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ടും
യുക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം
കീവ്: ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്കിടെ യുക്രെയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. ഇന്നലെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ 13 മേഖലകളിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. യുക്രെയ്‌നിന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈലുകള്‍ വീണതോടെ അയല്‍രാജ്യമായ പോളണ്ടും പോര്‍വിമാനങ്ങള്‍ വിന്യസിച്ചു.
ഇതേത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായി അടിയന്തര വൈദ്യുതി മുടക്കം അനുഭവപ്പെട്ടു. നാലു വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റഷ്യന്‍ ആക്രമണം. പടിഞ്ഞാറന്‍ മേഖലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോ വ്യക്തമാക്കി.
യുക്രെയ്ന്‍ സ്വദേശികള്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ തയാറെടുക്കുന്നതിനിടെ, റഷ്യ നടത്തിയ ആക്രമണം സമാധാന ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് ആത്മാര്‍ഥതയില്ലെന്നാണ് തെളിയിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
'താന്‍ കൊലപാതകം നിര്‍ത്തണമെന്ന് അംഗീകരിക്കാന്‍ പുട്ടിന് ഇപ്പോഴും കഴിയുന്നില്ല. അതിനര്‍ഥം ലോകം റഷ്യയില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തുന്നില്ല എന്നാണ്. പ്രതികരിക്കാനുള്ള സമയമാണിത്.' സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതിയിലുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇരുപക്ഷവും ധാരണയിലെത്തിയിട്ടില്ല.