തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായി ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍. പാര്‍ട്ടിയിലെ പ്രധാന വേദികളില്‍ നിന്നുള്ള വിട്ടുനില്‍ക്കലും നേതൃത്വത്തിന്റെ നിലപാടുകളോടുള്ള വിയോജിപ്പും തരൂര്‍ കോണ്‍ഗ്രസുമായി അകലുകയാണെന്ന സൂചനകള്‍ക്ക് ബലം നല്‍കുന്നു.ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത സുപ്രധാന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ തരൂര്‍ പങ്കെടുക്കാതിരുന്നതോടെ അകല്‍ച്ച പരസ്യമായിരിക്കുകയാണ്.

കൊച്ചിയില്‍ വെച്ച് രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി അപമാനിച്ചുവെന്ന ഉറച്ച നിലപാടിലാണ് തരൂര്‍. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് 'മഹാപഞ്ചായത്തില്‍' വേദിയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളുടെയെല്ലാം പേരെടുത്ത് പറഞ്ഞ രാഹുല്‍ ഗാന്ധി, ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു രാഹുല്‍ ഗാന്ധി എത്തുന്നതിന് മുന്‍പ് തരൂരിന്റെ പ്രസംഗം തീര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായും എന്നാല്‍ രാഹുല്‍ എത്തിയ ശേഷം മറ്റു പല നേതാക്കളെയും സംസാരിക്കാന്‍ അനുവദിച്ചതായും പരാതിയുണ്ട്. ഇത് മനഃപൂര്‍വ്വമുള്ള അവഗണനയാണെന്ന് തരൂര്‍ വിശ്വസിക്കുന്നു. കൊച്ചിയിലെ ചടങ്ങില്‍ പ്രസംഗം നിഷേധിക്കപ്പെട്ടതിലും അവഗണിക്കപ്പെട്ടതിലും പ്രതിഷേധിച്ച് പരിപാടി തീരുന്നതിന് മുന്‍പേ തരൂര്‍ വേദി വിട്ടിറങ്ങിയിരുന്നു.

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത സുപ്രധാന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ പങ്കെടുക്കാന്‍ തരൂര്‍ തയ്യാറായില്ല. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത യോഗമാണ് തരൂര്‍ ബഹിഷ്‌കരിച്ചത്. തിരക്കുകള്‍ കാരണമാണ് എത്താത്തതെന്ന പാര്‍ട്ടി വിശദീകരണം തള്ളിക്കൊണ്ട്, ഓണ്‍ലൈനായി പോലും യോഗത്തില്‍ ഭാഗമാകാന്‍ അദ്ദേഹം വിസമ്മതിച്ചു. ഇത് നേതൃത്വത്തോടുള്ള കടുത്ത വെല്ലുവിളിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

പ്രശ്‌നം വഷളാകുന്നത് തടയാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടേക്കും. തരൂരുമായി വ്യക്തിപരമായ അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിയങ്കയ്ക്ക് മാത്രമേ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കഴിയൂ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, 'സ്വന്തം മണ്ണില്‍' വെച്ച് നേരിട്ട അപമാനം അത്ര പെട്ടെന്ന് മറക്കാന്‍ തരൂര്‍ തയ്യാറല്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചിയിലെ വേദിയില്‍ വെച്ച് രാഹുല്‍ ഗാന്ധി പ്രമുഖ നേതാക്കളുടെ പേര് പറഞ്ഞപ്പോള്‍ തന്റെ പേര് മാത്രം ഒഴിവാക്കിയത് മനഃപൂര്‍വ്വമാണെന്ന് തരൂര്‍ കരുതുന്നു.

ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന തരൂര്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാന്‍ സാധ്യതയില്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുമായി അകലം പാലിക്കുന്നത് തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ അതൃപ്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. അതേസമയം, കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ ഡല്‍ഹിയിലെ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് എ.ഐ.സി.സി നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും തരൂര്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. യുവാക്കള്‍ക്കും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കും ഇടയില്‍ വലിയ സ്വാധീനമുള്ള തരൂരിന്റെ പിന്മാറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന് നിരീക്ഷണമുണ്ട്.

സംസ്ഥാന കോണ്‍ഗ്രസിലെ സുപ്രധാന തീരുമാനങ്ങളിലും ഔദ്യോഗിക പരിപാടികളിലും തരൂരിനെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന പരാതി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തഴയപ്പെടുന്നതില്‍ തരൂര്‍ വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ക.പി.സി.സി നേതൃത്വത്തിലെ ചില പ്രമുഖരുമായി തരൂര്‍ ദീര്‍ഘകാലമായി സ്വരച്ചേര്‍ച്ചയിലല്ല. ശൈലീപരമായ വ്യത്യാസങ്ങളും രാഷ്ട്രീയ നിലപാടുകളിലെ വൈവിധ്യവുമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് നിന്നുകൊണ്ട് തരൂര്‍ നടത്തുന്ന നീക്കങ്ങളും പ്രസ്താവനകളും ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തന്റേതായ ഒരു രാഷ്ട്രീയ പാത വെട്ടിത്തെളിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തരൂര്‍ മറ്റൊരു രാഷ്ട്രീയ നീക്കത്തിന് തയ്യാറെടുക്കുകയാണോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തരൂരിനെപ്പോലൊരു ആഗോള പ്രതിച്ഛായയുള്ള നേതാവ് പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്ന ആശങ്ക അണികള്‍ക്കിടയിലുണ്ട്. യുവാക്കള്‍ക്കിടയിലും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.