തരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വിട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന്‍ എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?

Update: 2026-01-25 07:39 GMT

തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം കൂട്ടാന്‍ സിപിഎം. ഇടതു മുന്നണിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് സിപിഎം. സിപിഎം ഉന്നത നേതാവാണ് തരൂരിനെ ബന്ധപ്പെട്ടത്. കേരളത്തില്‍ ഉടനീളം 15 സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതു മുന്നണിയിലേക്ക് വരാനാണ് നിര്‍ദ്ദേശം. അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും തരൂരിനെ മുതിര്‍ന്ന സിപിഎം നേതാവ് അറിയിച്ചു. ഇതിനോട് അനുകൂലമായോ പ്രികൂലമായോ തരൂര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുതിര്‍ന്ന നേതാവ് തരൂരിനെ ബന്ധപ്പെട്ടത്.

ശശി തരൂര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് വരികയാണെങ്കില്‍, എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണനയും 15 സീറ്റുകളും നല്‍കാമെന്നാണ് വാഗ്ദാനം. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളില്‍ മനംമടുത്ത് നില്‍ക്കുന്ന തരൂരിനെ, മുഖ്യമന്ത്രിയുടെ ദൂതന്‍ ഈ സന്ദേശം കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ക്രിസ്ത്യന്‍-നായര്‍ വോട്ടുകളിലും, യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റുക. തരൂര്‍ കോണ്‍ഗ്രസ് വിടുകയോ പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ ചെയ്താല്‍ യുഡിഎഫിന്റെ അടിത്തറ ഇളകാം-ഇതൊക്കെയാണ് സിപിഎം പ്രതീക്ഷ.

കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും അടര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സിപിഎമ്മിന്റെ ഈ 'മെഗാ ഓഫറിനോട്' തരൂര്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഒരു മുതിര്‍ന്ന സിപിഎം നേതാവ് കഴിഞ്ഞ ദിവസങ്ങളില്‍ തരൂരുമായി അതീവ രഹസ്യമായി ആശയ വിനിമയം നടത്തി. വെറുമൊരു ക്ഷണമല്ല, കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലും ഞെട്ടിക്കുന്ന വാഗ്ദാനങ്ങളാണ് ഇടതുപക്ഷം മുന്നോട്ട് വെച്ചിരിക്കുന്നത്: തരൂര്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ച് വരികയാണെങ്കില്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വരെ നല്‍കാമെന്നാണ് വാഗ്ദാനം. മുന്നണിയിലെ മറ്റ് പ്രധാനികള്‍ക്കുള്ള പ്രമുഖ സ്ഥാനങ്ങള്‍ക്കും പരിഗണനകള്‍ക്കും തുല്യമായ പദവി തരൂരിന്റെ പുതിയ പാര്‍ട്ടിക്ക് നല്‍കും.

ദേശീയ തലത്തില്‍ എല്‍ഡിഎഫിന്റെയും പിണറായി സര്‍ക്കാരിന്റെയും ശബ്ദമായി തരൂരിനെ മാറ്റുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരുകളും അവഗണനയും മൂലം തരൂര്‍ കുറച്ചുകാലമായി അതൃപ്തനാണ്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ കൊച്ചി സന്ദര്‍ശന വേളയില്‍ ഉണ്ടായ 'അവഗണന' തരൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ അവസരം കൃത്യമായി മുതലെടുക്കാനാണ് പിണറായിയുടെ നീക്കം.

തരൂര്‍ വന്നാല്‍ നായര്‍-ക്രിസ്ത്യന്‍ വോട്ടുകളിലും യുവാക്കള്‍ക്കിടയിലും വലിയ സ്വാധീനം ഉറപ്പിക്കാമെന്നും യുഡിഎഫിന്റെ അടിത്തറ തകര്‍ക്കാമെന്നും എകെജി സെന്റര്‍ കണക്കുകൂട്ടുന്നു. തരൂര്‍ തന്റെ അടുത്ത അനുയായികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന.

Tags:    

Similar News