മെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
തിരുവനന്തപുരം: വിഡി സതീശന്റെ മാസ് നീക്കം ഫലിച്ചു. ഇതിനൊപ്പം സിപിഎമ്മില്‍ രണ്ടഭിപ്രായവും. വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎമ്മില്‍ തന്നെ അഭിപ്രായം ഉയര്‍ന്നു. പാട്ടു പിന്‍വലിക്കാന്‍ മെറ്റ തയ്യാറായില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയുമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം.
കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേര്‍ത്തതില്‍ ഗൂഢാലോചന സംശയിച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചത്. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമത്തില്‍നിന്ന് നീക്കംചെയ്യണമെന്ന പോലീസ് ആവശ്യം ഉണ്ടായാല്‍ അത് തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കി. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം.
ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പാട്ട് ആണ് ഇത്. പാട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള കോടതി വിധികളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടില്ല. നിയമം ലംഘിക്കപ്പെടാത്ത തരത്തിലുള്ള സംസാര സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗാനം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയോ മെറ്റയുടെ ഗൈഡ്‌ലൈന്‍സ് ലംഘിക്കുകയോ ചെയ്തതായി കണ്ടെത്തുന്നതുവരെ ഈ ഗാനവുമായ ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യരുതെന്നും മെറ്റയോട് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിലും ഈ നീക്കം ചോദ്യം ചെയ്യപ്പെട്ടു. കേസെടുക്കുന്നതിനെ സിപിഐയും അനുകൂലിച്ചില്ല. മലബാറില്‍ ഈ പാട്ട് വൈറലാണ്. പാട്ട് പിന്‍വലിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഭയമായി വിലയിരുത്തുമെന്ന് സിപിഎം നേതാക്കള്‍ തന്നെ ചൂണ്ടി കാട്ടുകയും ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായെന്ന് വിലയിരുത്തിയ 'പോറ്റിയേ കേറ്റിയേ...' പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ തല്‍ക്കാലം നടപടി കടുപ്പിക്കേണ്ടെന്നാണ് തീരുമാനം. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ മാത്രം പൂര്‍ത്തീകരിക്കും. പ്രതി ചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. കേസ് പിന്നീട് എഴുതി തള്ളും.
പാട്ടിനെതിരെ പരാതി നല്‍കിയ തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാലയുടെ മൊഴി ശനിയാഴ്ചയെടുക്കുമെന്നും സൂചനയുണ്ട്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന പാട്ട് തയാറാക്കിയവര്‍ക്കെതിരെയും ഉപയോഗിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യപ്പെടുന്നത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് ബുധനാഴ്ച രാത്രി ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിചേര്‍ത്ത് തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഇട്ടത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്.
ഗാനത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നത് കുറ്റമായി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. കേസെടുത്തതിന് പിന്നാലെ വിഡിയോ കൂട്ടത്തോടെ പിന്‍വലിക്കപ്പെടുകയും ചെയ്തു.
പോറ്റിയേ കേറ്റിയേ, ഗാനം
