സഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും 'ഡിന്നര്‍ മീറ്റിംഗ്'; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?
കൊച്ചി: സീറോ മലബാര്‍ സഭയുടെ നിര്‍ണ്ണായകമായ സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ സന്ദര്‍ശനം ചര്‍ച്ചയാകുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള ഉന്നത സഭാ നേതാക്കളുമായി ഒരു മണിക്കൂറിലധികം രഹസ്യ കൂടിക്കാഴ്ച നടത്തി. സഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ സംരക്ഷിക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനുമുള്ള കോണ്‍ഗ്രസിന്റെ നീക്കമായാണ് 'ഡിന്നര്‍ മീറ്റിംഗ്' വിലയിരുത്തപ്പെടുന്നത്.
പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി ഇന്നലെ രാത്രി ഒന്‍പതേകാലോടെയാണ് സതീശന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയത്. സിനഡ് നടക്കുന്ന വേളയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കുന്ന പതിവ് ഇല്ലാത്തതിനാല്‍ സതീശന്റെ സന്ദര്‍ശനം കൗതുകമായി. സഭാ നേതൃത്വത്തോടൊപ്പം അത്താഴ വിരുന്നിലും പങ്കെടുത്താണ് മടങ്ങിയത്. സഭാ നേതൃത്വം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു വരുത്തിയതാണോ അതോ അദ്ദേഹം സ്വയം എത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സിനഡില്‍ സഭാപരമായ വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറന്നേക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും സഭയ്ക്കുള്ളിലെ തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, പൈലറ്റ് വാഹനമില്ലാതെ രാത്രിയില്‍ നടത്തിയ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും അടുത്തിരിക്കെ, ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം മുന്നണികള്‍ക്ക് നിര്‍ണ്ണായകമാണ്. മധ്യകേരളത്തിലെ സഭയുടെ സ്വാധീനം യുഡിഎഫിന് തിരിച്ചുപിടിക്കേണ്ടതുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള അന്തിമ ശ്രമങ്ങള്‍ സിനഡില്‍ നടക്കുന്നുണ്ട്. വിശ്വാസികള്‍ക്കിടയിലെ അതൃപ്തി വോട്ടായി മാറുമോ എന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. സഭാ നേതൃത്വവുമായി അടുക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.
സിനഡ് നടക്കുന്ന വേളയില്‍ സഭ ആസ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കാറില്ല എന്ന കീഴ് വഴക്കം ലംഘിച്ചാണ് സതീശന്‍ എത്തിയത്. ഇത് സഭയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വ്യക്തിപരമായ അടുപ്പമാണോ അതോ ഔദ്യോഗിക രാഷ്ട്രീയ നീക്കമാണോ എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. സതീശന്റെ ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയും സഭാ നേതൃത്വത്തോടൊപ്പമുള്ള അത്താഴ വിരുന്നും വെറുമൊരു സൗഹൃദ സന്ദര്‍ശനത്തിനപ്പുറം കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി പ്രതിപക്ഷ നേതാവ് എത്തിയതു കൊണ്ടു തന്നെ രഹസ്യ കൂടിക്കാഴ്ചയായി ഇതിനെ വിലയിരുത്തുന്നു. ഔദ്യോഗികമായി ഇതേ കുറിച്ച് ആരും പ്രതികരിച്ചിട്ടുമില്ല.
