തിരുവനന്തപുരം: പിണറായി വിജയനെ അധിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് എഎച്ച് ഹഫീസ്. കായംകുളം കൊച്ചുണ്ണിയെന്ന് പിണറായിയെ വിളിക്കാൻ അനുവദിക്കില്ലെന്നും ഹഫീസ്. കായംകുളം കൊച്ചുണ്ണിയെ ഓർമ്മപ്പെടുത്തുന്നത് പോലെയാണ് പിണറായിയുടെ വിശദീകരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണയും. ഓർമ്മപ്പെടുത്തുന്നത് പോലെയെന്ന പറയുന്നതിൽ കുഴപ്പമില്ലെന്ന് കേരളാ കോൺഗ്രസ് നേതാവും. ഒടുവിൽ എല്ലാ ആർത്ഥത്തിലും പിണറായിയെ കായംകുളം കൊച്ചുണ്ണിയാക്കി യൂത്ത് കോൺഗ്രസ് നേതാവും. അങ്ങനെ നാടകീയത നിറഞ്ഞ ചർച്ച. സീ കേരളയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പലതും ഇന്ന ലെ കണ്ടു.

ചാനൽ ചർച്ചക്കിടെ വാക്പോര് നാം പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ സീറ്റിൽ നിന്ന് എഴുന്നേറ്റുള്ള കയ്യാങ്കളി വളരെ അപൂർവ്വമായി മാത്രമാണ് മലയാളം ചാനൽ ചർച്ചകളിൽ സംഭവിക്കാറ്.അത്തരത്തിലൊരു കാഴ്‌ച്ചയാണ് സി കേരളത്തിന്റെ ചാനൽ ചർച്ചക്കിടെ ഉണ്ടായത്.പിണറായി വിജയനെ കായംകുളം കൊച്ചുണ്ണിയെന്ന് വിളിച്ചെന്നാരോപിച്ചാണ് യുത്ത് കോൺഗ്രസ്സ് നേതാവും കേരള കോൺഗ്രസ്സ് പ്രതിനിധിയും തമ്മിൽ വക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത്. കൈയങ്കളിയിലേക്ക് പോയതോടെ ചർച്ച കട്ട് ചെയ്തു. അതിന് ശേഷം വീണ്ടും തുടങ്ങി. അപ്പോഴും അടികൂടിയവർ അടുത്തടുത്ത് ഇരുന്നു. ചർച്ചയ്ക്കിടെ ആവേശം കൂടി ഹഫീസ് പെരുമാറിയെന്ന് അവതാരകനായ രഞ്ജിത് പറയുകയും ചെയ്തു.

അടി തുടങ്ങിയതോടെ ചാനൽ പരസ്യം നൽകി. ഈ സമയം രണ്ടു പേരും കൂടി ഫ്‌ളോറിൽ ഇഴഞ്ഞു അടികൂടിയെന്നാണ് മറുനാടന് ലഭിച്ച വിവരം. അതിന് ശേഷം രണ്ടു പേരേയും എല്ലാവരും ചേർന്ന് പിടിച്ചു മാറ്റി. കൈകൊടുത്ത് പ്രശ്‌നമെല്ലാം പരിഹരിച്ചു. അതിന് ശേഷമാണ് ചർച്ച വീണ്ടും തുടങ്ങിയത്. സിൽവർ ലൈൻ പ്രതിഷേധത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസ് ബൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചവിട്ടുകയും മർദിക്കുകയും ചെയ്ത വിഷയം സീ ഡിബേറ്റ് ചർച്ച ചെയ്യുന്നതിനിടെയിൽ ഇടതുപക്ഷ പ്രതിനിധിയും യൂത്ത് കോൺഗ്രസ് നേതാവും തമ്മിൽ കൈയാങ്കളിയുണ്ടായത്. ചവിട്ടി വീഴ്‌ത്തി മുമ്പോട്ട് എന്നായിരുന്നു ചർച്ചയ്ക്ക് സി ടിവി ഇട്ട പേര്. അത് അക്ഷരാർത്ഥത്തിൽ ശരിയാകുന്നതായിരുന്നു സംഭവങ്ങൾ.

യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എ.എച്ച്. ഹഫീസ്,ബിജെപി നേതാവ് കൃഷ്ണദാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. തുടക്കം മുതൽ തന്നെ എ എച്ച് ഹഫീസും ബാഹുൽ കൃഷ്ണയും തമ്മിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിനെച്ചൊല്ലി ഇടതുപക്ഷ നേതാവ് കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള കൈയാങ്കളിലേക്ക് നയിക്കുകയും ചെയ്തു.

കെ-റെയിൽ പദ്ധതി ജനങ്ങൾക്ക് ആവശ്യമില്ലെന്ന് നിലപാട് ആവർത്തിക്കവെ ഉമ്മൻ ചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് ഇടത്പക്ഷത്തെ പ്രതിനിധീകരിച്ച എ.എച്ച്. ഹഫീസ് പറഞ്ഞു. ആ കായംകുള കൊച്ചുണ്ണിയെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ പറഞ്ഞതോടെ ഇരുവരും തമ്മിൽ കൈയാങ്കളിയായി. പിണറായി വിജയനെ കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതോടെ ഹഫീസ്, ബാഹുൽ കൃഷ്ണയെ കൈയേറ്റം ചെയ്തു. പിണറായി വിജയനെക്കുറിച്ച് വൃത്തികേട് പറയരുത് എന്ന് പറഞ്ഞ് ഹഫീസ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ബാഹുൽ കൃഷ്ണയുടെ കോളറിൽ കടന്നുപിടിച്ചു. ഇരുവരും തമ്മിൽ സ്റ്റുഡിയോയിൽ അടിപിടിയായി. പിന്നീട് ഇടവേളയ്ക്ക് ശേഷം ഇരുവരെയും അനുനയിപ്പിച്ച് ചർച്ച പുനരാരംഭിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കാലത്തിന് മുമ്പ് കേരളത്തിൽ കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നു. അന്ന് ആളുകൾ തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരുന്നത് കായൽ മാർഗം ആയിരുന്നു. അവിടുന്ന് കാലം മാറി കെ റെയിൽ വരെയെത്തി. ഇനി ആകാശമാർഗത്തെക്കുറിച്ച് ചിന്തിക്കണം. മുഖ്യമന്ത്രിയാണ് കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞത് കേട്ടിരിക്കാൻ കഴിഞ്ഞില്ല. പിണറായി വിജയനെ ആരെയും അധിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ഹാഫിസ് പറഞ്ഞു. കെ-റെയിൽ കുറ്റി എടുക്കാൻ വന്നാൽ സിപിഎം എന്തുചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കണ്ടത് എന്നുമാണ് അടിപിടിയെ ന്യായീകരിച്ച് ഹഫീസ് പിന്നീട് പറഞ്ഞത്.

കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചപ്പോൾ എതിർക്കാം. പക്ഷേ പറയാൻ ആർക്കും അവകാശം ഉണ്ടെന്ന് ബാഹുൽകൃഷ്ണ തിരിച്ചടിച്ചു. ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടായി. രണ്ട് ലക്ഷം കോടിയുടെ കമ്മീഷൻ അടിച്ചുമാറ്റുന്ന ആളെ പിന്നെ എന്ത് പേരിട്ട് വിളിക്കണമെന്നും ബാഹുൽ കൃഷ്ണ ചോദിച്ചു. ചർച്ചയുടെ തുടക്കം മുതൽ അവസാനം വരെ ഇരുവരും ശക്തമായ വാദപ്രതിവാദമാണ് ഉന്നയിച്ചത്.