തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് രാജ്യം. എല്ലാ രാഷ്ട്രീയ പാർട്ടികളും കച്ചമുറുക്കി രംഗത്തുവരുമ്പോൾ വാർത്താ ചാനലുകൾക്കും നേട്ടമുണ്ടാക്കാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അടക്കം നടന്ന കഴിഞ്ഞ ആഴ്‌ച്ചയിൽ വാർത്ത കാണുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലായളത്തിലെ വാർത്താചാനലുകൾക്ക് പോയവാരത്തിൽ ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു.

ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് റേറ്റിങ് പ്രകാരം മലയാളം വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് പോയ വാരവും അവരുടെ അപ്രമാദിത്തം തുടരുകയാണ്. ജനുവരി 20 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ ബാർക്ക് റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 114.66 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് ചാനലിന് 83.12 പോയിന്റാണുള്ളത്.

മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ മനോരമ ന്യൂസും മാതൃഭൂമി ന്യൂസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 51.24 പോയിന്റോടെ മനോരമ മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി ന്യൂസ് ചാനലിന് 50.76 പോയിന്റാണ് നേടാനായത്. അതേസമയം പോയവാരം ഏറ്റവും അധികം കുതിപ്പു നടത്തിയത് ജനം ടിവിയും മീഡിയാവണ്ണുമാണ്. മീഡിയാ വൺ 35.22 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടർന്നപ്പോൾ റിപ്പോർട്ടറിനെയും കടത്തിവെട്ടിയാണ് ജനം ടിവി കുതിച്ചത്. 34.99 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായത്. ആറാം സ്ഥാനത്താണ് ജനം.

ജനം ടിവിയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളാണ് ജനം ടിവിയുടെ കുതിപ്പിന് ഇടയാക്കിയത്. പോയവാരം റിപ്പോർട്ടർ ടിവി 25.03 പോയിന്റ് നേടിയപ്പോൾ കൈരളി ന്യൂസ് ചാനൽ 22.84 പോയിന്റാണ് നേടിയത്. 16.34 പോയിന്റോടെ ന്യൂസ് 18 കേരളയാണ് ഏറ്റവും പിന്നിൽ.

അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോഴുള്ള ചാനലുകളുടെ റേറ്റിങ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടെയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ ജനം ടി വി വൻ കുതിപ്പു തന്നെയാണ് നടത്തിയത്. ഏഷ്യാനെറ്റിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ജനം ഇടം പിടിച്ചത്. പ്രാണപ്രതിഷ്ഠ നടന്ന 22ാം തീയ്യതി രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്തിലാണ് ജനം രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനത്ത് 24 ന്യൂസ് ഇടം നേടിയപ്പോൾ മാതൃഭൂമിയാണ് നാലാമതായത്. മനോരമ, മീഡിയാ വൺ, ന്യൂസ് 18 കേരള, റിപ്പോർട്ടർ, കൈരളി ന്യൂസ് എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനായി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകൾ നേരിട്ടു പ്രതിനിധികളെ അയച്ചിരുന്നു. ജനം ടിവിയാകട്ടെ ഒരാഴ്‌ച്ചയോളം വലിയ കവറേജാണ് ഇതിനായി നൽകിയതും. ഇത് ഫലത്തിൽ ഗുണകരമായി ഭവിക്കുകയും ചെയ്തു. രാമക്ഷേത്രം ഉദ്ഘാടനം ചരിത്ര മുഹൂർത്തമാണെന്നും എല്ലാവരും ജനം ടിവിയിൽ വീക്ഷിക്കണമെന്ന് ബിജെപി നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു. സൈബറിടത്തിലും ഈ പ്രചരണം നടന്നു. ഇതെല്ലാം ഗുണകരമായി വന്നതോടെയാണ് ചാനൽ റേറ്റിംഗിൽ കുതിച്ചതും.

വാർത്താചാനലുകൾക്ക പൊതുവിൽ ആശാവഹമായ പ്രകടനം നടത്താൻ പോയവാരം സാധിച്ചു. ജനം ടിവിയുടെ അട്ടിമറിയാണ് ഇതിൽ പ്രധാനമായത്. ഏതാനം ആഴ്‌ച്ചകളായി മീഡിയാ വണും കുതിപ്പിന്റെ പാതയിലായിരുന്നു.