കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' എസ്.സുർജിത് നിർമ്മിക്കുന്ന ചിത്രം 9 ന് റിലീസ് ചെയ്യും.

കുട്ടികൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശമുയർത്തുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എൻ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. സ്‌നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകൻ ജി കെ എൻ പിള്ള പറഞ്ഞു. ദേശീയ അവാർഡ് ജേതാവ് മാസ്റ്റർ ആദിഷ് പ്രവീൺ, ജി കെ എൻ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നന്ദു പൊതുവാൾ, ശിവാനി സായ, രാജീവ് പാല, എസ്.സുർജിത് , ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിൻ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആൻഡ്രിയ തുടങ്ങിയവരാണ് അഭിനേതാക്കൾ.