''ഇത്രയും നാൾ എന്റെ സിനിമയുടെ ഒരു കോൺസെപ്റ്റ് എന്നുവച്ചാൽ ഒരു ക്രൈം നടക്കുന്നു, കൊലയാളി മറഞ്ഞു നിൽക്കുന്നു, അവസാനമയാളെ കണ്ടുപിടിക്കുന്നു എന്നതായിരുന്നു. എന്നാൽ അതിനുശേഷം കോടതിയിൽ എന്ത് നടക്കുന്നു എന്ന് ഞാൻ ആലോചിച്ചിട്ടില്ല, പിന്നെയാണ് ഒരാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാൽ എന്തൊക്കെയാണ് കോടതിയിൽ നടക്കുക എന്ന് ഞാൻ ശാന്തിയോട് ( തിരക്കഥാകൃത്തും അഭിഭാഷകയും) ചോദിച്ചത്. അതാണ് ഈ സിനിമ.

സിനിമ തുടങ്ങി ആദ്യ 10 മിനിറ്റിൽ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് പ്രേക്ഷകന് മനസിലാവും, പിന്നീട് അത് കോടതിയിൽ എങ്ങനെ ആണ് അതിന്റെ നടപടിക്രമങ്ങൾ എങ്ങനെയാണ് എന്നതാണ് സിനിമ. 70 ശതമാനത്തോളം കോടതി റിയാലിറ്റിയോട് നീതി പുലർത്തുന്ന ഒരു സിനിമ ആണ് നേര്. ത്രില്ലും സസ്പെന്സും ട്വിസ്റ്റും പ്രതീക്ഷിക്കരുത്, ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആണ് ഈ ചിത്രം'- സംവിധായകൻ ജീത്തു ജോസഫ് 'നേര്' എന്ന പുതിയ ചിത്രത്തിന്റെ പ്രോമേഷനനോട് അനുബന്ധിച്ച് പറഞ്ഞ വാക്കുകളാണിത്.

ഓരോഘട്ടത്തിലും ജീത്തുജോസഫിനും മോഹൻലാലിനും പറയാനുള്ളത് ഇത് 'ദൃശ്യം' മോഡൽ സിനിമ അല്ലെന്നായിരുന്നു. കാരണം ദൃശ്യത്തിന്റെ വമ്പൻ പ്രതീക്ഷയുമായി പ്രേക്ഷകൻ തീയേറ്ററിൽ കയറിയാൽ, ചെറിയ കാൻവാസിലുള്ള ഈ ചിത്രത്തിന് തിരിച്ചടിയാവുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു ഹൈപ്പ് ഇല്ലാതെയാണ്, നേര് റിലീസ് ചെയ്തതും. പക്ഷേ സിനിമ അവസാനിച്ചപ്പോൾ തീയേറ്ററിൽ കൈയടിയാണ്. കണ്ടിറങ്ങിയ ആരാധകർ പറയുന്നത് ഇത് മോഹൻലാലിന്റെ തിരിച്ചുവരവ് തന്നെയാണെന്നാണ്. എന്തായാലും ഈ കൊച്ചു ചിത്രം വലിയ സാമ്പത്തിക വിജയം ആവുമെന്ന് ഉറപ്പാണ്. വെറും കോടതി രംഗങ്ങൾക്ക് അപ്പുറം ശക്തമായ ഒരു കഥയും, അതിനൊത്ത മനോഹരമായ മേക്കിങ്ങും ചിത്രത്തിന്റെ ആകർഷണീയമായ ഘടകങ്ങളാണ്.

കഥയും മേക്കിങ്ങുമാണ് താരം

കഥയും മേക്കിങ്ങും തന്നെയാണ് ഈ ചിത്രത്തിലെ താരം. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം എന്നീ പേരുകളിലൊക്കെ അറിയപ്പെടാൻ വിധിക്കപ്പെട്ട അസംഖ്യം പെൺവാണിഭ കഥകളും ലൈംഗിക പീഡനങ്ങളുമൊക്കെ നമ്മെ ഈ ചിത്രം ഓർമ്മിപ്പിക്കും. നടിയ ആക്രമിച്ച കേസും, വണ്ടിപ്പെരിയാറിലെ ബലാത്സഗക്കൊലയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത് നമുക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥയാണിത്.

തിരുവനന്തപുരം തുമ്പയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന ഫോൺ കോളിൽനിന്നാണ് ചിത്രത്തിന്റെ തുടക്കം. അന്ധയായ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. കണ്ണില്ലെങ്കിലും സാറക്ക് കൈകൾകൊണ്ട് കാണാൻ കഴിയുന്ന അപൂർവ സിദ്ധിയുണ്ട്. അവൾ ആ നീചന്റെ മുഖമുള്ള പ്രതിമ ഉണ്ടാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റ് ചെയ്യപ്പെടുന്നു. ധനിക കുടുംബത്തിൽ നിന്ന് വരുന്ന പ്രതിക്കുവേണ്ടി ഡൽഹിയിൽ പ്രാക്റ്റീസ് ചെയ്യുന്ന, ലക്ഷങ്ങൾ പ്രതിഫലം മലയാളിയായ അഡ്വ രാജശേഖരനാണ് ( ചിത്രത്തിൽ സിദ്ദീഖ്) ഹാജരാവുന്നത്. പുല്ലുപോലെ പ്രതിക്ക് ജാമ്യം വാങ്ങികൊടുക്കുന്ന രാജശേഖർ സാറയുടെ കേസ് ഏറ്റെടുക്കുന്നതിൽ നിന്നും ലീഡിങ് അഡ്വക്കേറ്റ്സിനെയെല്ലാം സ്വാധീനം ഉപയോഗിച്ച് തടയുന്നു. സാറയുടെ കേസ് ആര് ഏറ്റെടുക്കുമെന്നത് ചോദ്യചിഹ്നമാവുന്നിടത്തേക്കാണ് അഡ്വക്കേറ്റ് വിജയമോഹൻ എന്ന മോഹൻലാൽ കഥാപാത്രം എത്തുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട, താൻ ഈ ജോലിക്ക് ഫിറ്റല്ലെന്നു വിശ്വസിച്ച് ഒതുങ്ങികൂടി കഴിയുന്ന വിജയമോഹനിലേക്ക് ഈ കേസ് ഒരു നിമിത്തംപോലെ എത്തിച്ചേരുകയാണ്.

ഇവിടെവരെ ഏതാണ്ട് സാധാരണ കഥയായി നമുക്ക് തോന്നാം. പക്ഷേ കോടതിയിൽ വിചാരണ തുടങ്ങുന്നതോടെ കളി മാറുകയാണ്. യഥാർഥ ജീവിതത്തിൽ അഭിഭാഷകയായ ശാന്തി മായാദേവി ചിത്രത്തിന്റെ തിരക്കഥാ രചനയിൽ പങ്കാളിയായതിന്റെ ഗുണം ചിത്രത്തിനുണ്ട്. കോടതി രംഗങ്ങൾ എല്ലാം റിയലിസ്റ്റിക്കാണ്. രണ്ടര മണിക്കൂറുകൾ പ്രേക്ഷകരെ എൻഗേജിങ് ആക്കി നിർത്തുന്നുണ്ട്. ഇമോഷണൽ കോർട്ട് റൂം ഡ്രാമ എന്ന വിശേഷണത്തോട് നൂറ് ശതമാനം ചിത്രം നീതി പുലർത്തുന്നു. കോടതിമുറികളിൽ വാദപ്രതിവാദങ്ങൾക്കിടയിൽ പീഡനത്തിനിരയായ സ്ത്രീകളും അവരുടെ കുടുംബവുമൊക്കെ എങ്ങനെയൊക്കെയാണ് അപമാനിക്കപ്പെടുന്നത്, സമൂഹം അവരെ എങ്ങനെയാണ് വിചാരണ ചെയ്യുന്നത് തുടങ്ങിയ ചില യാഥാർത്ഥ്യങ്ങളിലേക്ക് കൂടിയാണ് നേര് ക്യാമറ തിരിക്കുന്നുണ്ട്.

ലാലിന്റെ തിരിച്ചുവരവ്

അടുത്തകാലത്തായുള്ള പരാജയങ്ങളിൽനിന്ന് മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായാണ് ഈ ചിത്രത്തെ ആരാധകർ കണക്കാക്കുന്നത്. ആദ്യപകുതിയിൽ പതികാലത്തിൽ കൊട്ടിക്കയറി തുടങ്ങുന്ന മോഹൻലാലിന്റെ അഡ്വ വിജയമോഹൻ രണ്ടാം പകുതിയിൽ, തീപാറിക്കുന്നുണ്ട്. ബാർ കൗൺസിലിൽ നിന്നും അഞ്ച് വർഷത്തെ സസ്പെൻഷൻ നേരിട്ട, കോടതിയിൽ വീണ്ടും പോകാൻ ആത്മവിശ്വാസമില്ലാത്ത വിജയമോഹനിൽനിന്ന്, പ്രതിഭാഗത്തെ പൊളിച്ചടുക്കുന്ന ബുദ്ധിരാക്ഷസനിലേക്കുള്ള ആ പരകായപ്രവേശം ലാൽ ഗംഭീരമാക്കുന്നുണ്ട്. പക്ഷേ മോഹൻലാൽ എന്ന അതുല്യ നടന്റെ മൂൻകാല പ്രകടനങ്ങൾ നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. 'ഒടിയനിനെ' കുപ്രസിദ്ധമായ ബോട്ടോക്സ് ഇഞ്ചക്ഷനുശേഷം വന്ന ആ അനായസക്കുറവ് പലപ്പോഴും ലാലിന്റെ മുഖത്ത് പ്രകടമാവുന്നുണ്ട്.

പക്ഷേ ഈ ചിത്രത്തിൽ ശരിക്കും കസറിയത് പ്രതിഭാഗം, വക്കീലായി വന്ന സിദ്ദീഖ് ആണ്. ചിലപ്പഴോക്കെ സിദ്ദീഖിന്റെ ഡയലോഗുകൾ കേട്ടാൽ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നും. അതുതന്നെയാണ് ആ നടന്റെ വിജയം. മോഹൻലാൽ-സിദ്ദീഖ്, മോഹൻലാൽ- പ്രിയാമണി വക്കീൽ കോംമ്പോ ഗംഭീരമായിട്ടുണ്ട്.

അനശ്വര രാജന്റെ അന്ധയായ കഥാപാത്രം, കരിയറിൽ ഈ യുവതാരത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. ജീവിതത്തിൽ വലിയൊരു ആഘാതത്തിലൂടെ കടന്നുപോകുന്ന, എന്നാൽ തോറ്റ് കൊടുക്കാൻ മനസില്ലാത്ത കഥാപാത്രം. കാഴ്ചയില്ലാത്തതിന്റെ പരിമിതി കൈകൾകൊണ്ട് പരിഹരിക്കുന്ന സാറയെ അവൾ ഗംഭീരമാക്കുന്നു. ക്ലൈമാക്സിലെ അനശ്വരയുടെ പ്രകടനവും എക്കാലവും ഓർക്കപ്പെടും. സമീപകാലത്ത് നിരവധി പ്രകടനങ്ങളിലൂടെ ഞെട്ടിച്ച ജഗദീഷ് നേരിലും ആ മികവ് ആവർത്തിക്കുകയാണ്. ഗണേശ് കുമാറിന്റെ പൊലീസ് വേഷവും നന്നായിട്ടുണ്ട്.

തിരക്കഥയിലും അഭിനേതാക്കളുടെ പ്രകടനത്തിലും മാത്രമല്ല സാങ്കേതിക വശങ്ങളിലും ചിത്രം മികവു പുലർത്തുന്നുണ്ട്. ആ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വി എസ് വിനായകനും സംഗീതം വിഷ്ണു ശ്യാമും നിർവഹിച്ചിരിക്കുന്നു. ചരുക്കിപ്പറഞ്ഞാൽ, ഈ ക്രിസ്മസ് കാലം 'നേര്' തൂക്കിയെന്ന് പറയാം. ഈ ചിത്രം കണ്ടാൽ ഒരിക്കലും, കാശ് നഷ്ടമാവുമെന്ന ഭീതി വേണ്ട.

വാൽക്കഷ്ണം: മോഹൻലാലിന്റെ പ്രശ്നം നല്ല കഥയില്ലാത്തതുതന്നെയാണെന്ന് ഈ ചിത്രം ഒരിക്കൽകൂടി അടിവരയിടുന്നു. ഇനി മലക്കോട്ടെ വാലിബാനും, ബറോസും എത്തുന്നതോടെ വീണ്ടും ലാൽതരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.