ലയാള സിനിമ മനസ്സുനിറഞ്ഞ് ഒന്ന് പ്രേമിച്ചിട്ട് എത്രകാലമായി! ഹൈദരബാദിൽ സംഭവിക്കുന്ന മുഴുനീള യുവത്വ ചിത്രമായ പ്രേമലു കണ്ടതിനുശേഷം സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണിത്.

അറുപതുകഴിഞ്ഞ സൂപ്പർ താരങ്ങളും, മധ്യവയസ്സുപിന്നിട്ട നായകരുമുള്ള ഒരു ഇൻഡസ്ട്രിയിൽ അല്ലുഅർജ്ജുനനൊക്കെ ഉണ്ടാക്കിയതുപോലെ കാമ്പസ് ഹിറ്റുകൾ ഉണ്ടാകിലല്ലോ. പക്ഷേ തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയുമൊക്കെ മലയാളിക്ക് സമ്മാനിച്ച ഗരിഷ് എ ഡി എന്ന സംവിധായകൻ, പ്രേമലു എന്ന പടത്തിലുടെ ഒരുപാട് കാലത്തിനുശേഷം പ്രണയത്തെ മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്.

ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ, കിടക്കലു, കേമലു, വൈബലു എന്നൊക്കെ പറയാവുന്ന സിനിമയാണിത്. തുടക്കം മുതൽ ഒടുക്കംവരെ ഒത്തരി നർമ്മവും, ഇത്തരി നൊമ്പരവും, അതിനൊക്കെ അപ്പുറത്തായി യുവത്വത്തിന്റെ ഫ്രഷ്നെസ്സും ഫീൽ ചെയ്യിക്കുന്ന സിനിമയാണ്. പടം തുടങ്ങിക്കഴിഞ്ഞാൽ രണ്ടുമണിക്കൂർ 35 മിനുട്ട് കടന്നുപോകുന്നത് അറിയില്ല. സംവിധായകൻ ഗിരീഷ് എ ഡിയെ സംബന്ധിച്ച് ഇതൊരു ട്രിലജി കോമ്പോ തന്നെയാണ്.

'തണ്ണീർമത്തൻ ദിനങ്ങളിലെ' പ്ലസ് ടു പ്രണയം കഴിഞ്ഞ്, 'സൂപ്പർ ശരണ്യയിലെ' കോളേജ് പ്രണയം വഴി, 'പ്രേമലു'വിൽ കോളേജ് പാസ്ഔട്ടുകളുടെ പ്രേമകഥവരെയെത്തി നിൽക്കുന്നു ഗിരീഷിന്റെ സിനിമകൾ ഒരു കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. സത്യത്തിൽ ഒരു സംവിധാകനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇതുപോലെത്തെ ട്രിലജികൾ.

കാരണം പ്രമേയ സാമ്യം വരുന്നതുകൊണ്ട് ആവർത്തന വിരസത തോന്നാം. പക്ഷേ മേക്കിങിന്റെ ബ്രില്ലൻസ് കൊണ്ട് അത് പരിഹരിച്ചിരിക്കയാണ് ഗിരീഷ്.

പ്രണയം പൂത്തുലയുമ്പോൾ

നമ്മുടെ ധ്യാൻ ശ്രീനിവാസൻ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഇന്റർവ്യൂകളിൽ പറയുന്നതുപോലുള്ള, യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു ടിപ്പിക്കൽ മല്ലുവാണ്, ചിത്രത്തിലെ നായകൻ സച്ചിൻ. നസ്ലൻ ഈ വേഷം ഗംഭീരമാക്കുന്നുണ്ട്. മാർക്കില്ലാതെ തമിഴ്‌നാട്ടിൽ പഠിച്ച് ബി.ടെക് ബിരുദം നേടിയ തൊഴിൽരഹിതൻ. എങ്ങനെയെങ്കിലും യു കെയിൽ എത്തുകയാണ് അയാളുടെ ആഗ്രഹം. പതിവുപോലെ ഒരുപാട് പ്രണയ പരാജയങ്ങളിലുടെയും അയാൾ കടന്നുപോയി. പ്രത്യേകിച്ച് ഗോൾ ഒന്നുമില്ലാതെ, 'വീണേടം വിഷുണുലോകം' മോഡലിൽ ഒരു അപ്പൂപ്പൻ താടിപോലെ അവൻ ജീവിച്ചുപോകുന്നു.

ഇതിൽനിന്ന് നേർ വിപരീതമാണ്, മമിതാ ബൈജു അവതരിപ്പിച്ച റീനു എന്ന നായിക. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പെൺ മുന്നേറ്റങ്ങളെ കൃത്യമായി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. റീനുവിന് തന്റെ 30 വയസ് വരെയുള്ള ജീവിതത്തെപ്പറ്റി കൃത്യമായ കണക്കുകൂട്ടലുണ്ട്. പഠിച്ച് നല്ലമാർക്കുവാങ്ങി വൻകിട ഐ.ടി. കമ്പനിയിലെ ഫ്രഷ് അപ്പോയ്ന്റ്മെന്റാണ് അവൾ. കോളേജ് പ്രണയം പൂത്തില്ലെങ്കിലും ഭാവി പങ്കാളിയെ പറ്റി വലിയ സ്വപന്ങ്ങൾ അവൾക്കുണ്ട്.

സച്ചിനും റീനുവിനും കൂടെയുള്ള ചങ്ക് ബഡികൾ ഓരോന്ന് വീതം. ഇവരും ഗംഭീരമാക്കുന്നുണ്ട്. ഇവർ ഹൈദരബാദ് പോലുള്ള ഒരു വിശാലമായ നഗരത്തിൽ യാദൃശ്ചികമായി കണ്ടുമുട്ടുകയാണ്. ചെന്നൈയും ബംഗളൂരുവും മുംബൈയുമൊക്കെ മലയാള സിനിമകളുടെ പശ്ചാത്തലമായി നിരവധി തവണ കടന്നുവന്നിട്ടുണ്ടെങ്കിലും ഹൈദരാബാദ് അങ്ങനെ ഒരു ചിത്രത്തിന്റെ മുഴുനീള പശ്ചാത്തലം ആയിട്ടില്ല. ചിത്രത്തിൽ ഒരു 'ലു വാൽ' കേറുന്നത് ആ തെലുങ്ക് ഛായയിൽ നിന്നുമാണ്. സ്ഥിരം പ്രേമരോഗിയായ സച്ചിൻ ആദ്യ കാഴ്ചയിൽ തന്നെ റിനുവിൽ അനുരക്തനായി എന്ന് പ്രത്യേകം പറയണ്ടേതില്ലല്ലോ.

ഇവിടെ ഒരു വില്ലന്റെ ഛായയുള്ള എന്നാൽ കോമഡിയിൽ കാര്യം പറയുന്ന ഒരു സഹനടനെക്കൂടി സംവിധായകൻ കൊണ്ടുവരുന്നുണ്ട്. അതാണ് ആദി, റീനുവിന്റെ ബോസ്. സിനിമയിൽ ശ്യാം മോഹൻ ഈ വേഷം രസകരമായി ചെയ്യുന്നുണ്ട്. എന്തും സർപ്രൈസ് കോമഡിയാക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമമൊക്കെ ചിരിപ്പിക്കും. സിനിമയുടെ തുടക്കത്തിൽ റീനുവിന്, ആദിയോട് ഒരു ക്രഷ് ഉണ്ടെന്നതിന്റെ സൂചനകളുണ്ട്. അവളുടെ കണ്ടീഷനുകൾക്ക് ഏതാണ്ടെല്ലാ നിലയിലും ചേരുന്ന ആദിക്കാണോ, മുകളിൽ ആകാശം താഴെ ഭൂമി എന്ന മട്ടിൽ ജീവിക്കുന്ന സച്ചിനാണോ പ്രണയം നൽകുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പിന്നീടുള്ള കഥ. അതു അനുഭവിച്ചുതന്നെ അറിയണം.

നസ്ലൻ എന്ന ന്യൂജൻ സൂപ്പർ സ്റ്റാർ

നൂറുശതമാനം നസ്ലൻ -മമിതാ ഷോ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. അസാധ്യ നടനാണ് നസ്ലൻ. ഒരു പ്രത്യേകത അയാളുടെ അനായാസതയാണ്. ഇടയിൽ ഒരു ക്യാമറയില്ല എന്ന് തോന്നിക്കുന്ന വിധം അയാൾ ജീവിച്ചുകളയും. നാച്ച്വറൽ കോമഡിയാണ് അവന്റെത്. ഇപ്പോൾ അയാൾ ഒരു റൊമാന്റിക്ക് ഹീറോ ആയിരിക്കുന്നു. ഇനിയങ്ങോട്ട് നസ്ലന്റെ കാലമായിരിക്കും. ഇപ്പോൾ തന്നെ നോക്കുക. നസ്ലൻ പങ്കെടുക്കുന്ന ചെറിയ പരിപാടികൾക്കുപോലും, ആയിരങ്ങളാണ് ഒത്തുകൂടുനന്നത്. മലയാളത്തിലെ ന്യൂജൻ സൂപ്പർ സ്റ്റാർ എന്ന രീതിയിലാണ് നസ്ലന്റെ പോക്ക്. ടൈപ്പായിപ്പോയില്ലെങ്കിൽ മലയാള സിനിമയുടെ ഭാവി നിർണ്ണയിക്കുന്ന താരമായി ഈ യുവ നടൻ മാറുമെന്ന് ഉറപ്പാണ്.

അതുപോലെ മമിതയും ഒരു രക്ഷയുമില്ല. ശരിക്കും ന്യൂജൻ ലേഡി സൂപ്പർ സ്റ്റാർ. നസ്രിയയിൽ തുടങ്ങി മലയാള സിനിമാ പ്രേക്ഷകർ സ്നേഹിക്കാൻ ആരംഭിച്ച കൂൾ ഗേൾ ഫീൽ മമിതയിലും പ്രകടം. ആത്മവിശ്വാസത്തിന്റെ നിറകുടമായ, അതേസമയം വൈകാരികതയ്ക്കും ബന്ധങ്ങൾക്കുമൊക്കെ പ്രാധാന്യം കൊടുക്കുന്ന റീനുവിനെ മമിതയും മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നസ്ലൻ- മമിത കോമ്പോ പ്രേക്ഷകർ ശരിക്കും ആസ്വദിക്കുന്നുണ്ട്.

ഗിരീഷ് എ ഡിയുടെ മുൻ ചിത്രങ്ങളെപ്പോലെതന്നെ കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ മാത്രം നിൽക്കുന്ന സിനിമയല്ല പ്രേമലുവും. ചുറ്റുമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യവും സ്പേസുമുണ്ട്. ഒരൽപം വികടനായ ആദിയെ അവതരിപ്പിച്ച ശ്യാം മോഹനും, 'ഹൃദയം' സിനിമയിലെ തല്ലുകൊള്ളി കോളേജ് സീനിയർ ആയി പരിചയപ്പെട്ട സംഗീത് പ്രതാപും പലയിടത്തും നായകനേക്കാൾ പൊളിക്കുന്നുണ്ട്. ഇരുവരെയും സംബന്ധിച്ച് കരിയർ ബ്രേക്കാണ് ഈ ചിത്രം. മാത്യു തോമസിന് സ്‌ക്രീൻ സപേസ് കുറവാണെങ്കിലും ഉള്ളത് പൊളിച്ചിട്ടുണ്ട്. അതുപോലെ മഴവിൽ മനോരമ ഫെയിം മീനാക്ഷിയും. ക്ലൈമാക്സിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റൊമാന്റിക് കോമഡി എന്ന ജോണറിനോട് പൂർണ്ണമായും നീതി പുലർത്തിയിരിക്കുന്ന ചിത്രമാണ് പ്രേമലു.

ഗിരീഷ് എ ഡിയുടെ ചിത്രം

സോഷ്യൽ മീഡിയയിൽ നിരന്തരം ഇടപെടുന്ന ഒരാൾക്കുമാത്രമേ ഇതുപോലെ ഒന്ന് സൃഷ്ടിക്കാൻ കഴിയൂ എന്നും വ്യക്തം. റീനു, സച്ചിനോട് നോ പറയുന്നതിനുശേഷം സച്ചിന്റെ ഒരു ഡയലോഗ് ഉണ്ട്. ''നീ മറ്റേ ഡയലോഗ് പറയുന്നില്ലേ, നിനക്ക് എന്നെക്കാളം നല്ല പെണ്ണിനെ കിട്ടുമെന്ന്''- ഇതുകേട്ടാൽ ഒരേ സമയം ചിരിയും നൊമ്പരവും വരും. ഇത്തരത്തിലുള്ള ഒരുപാട് മാജിക്കുകൾ ഗിരീഷ് ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

സിനിമാറ്റോഗ്രഫി, സൗണ്ട്, മ്യൂസിക്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങി ടെക്നിക്കൽ ഡിപ്പാർട്ട്മെന്റുകളിലൊക്കെ മികവ് പുലർത്തിയിട്ടുണ്ട് ചിത്രം. അജ്മൽ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പുതുതലമുറയുടെ ജീവിതത്തെ ഏറ്റവും കളർഫുൾ ഫ്രെയ്മുകളിലൂടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് അജ്മൽ. ആകാശ് ജോസഫ് വർഗീസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്. യുവതലമുറയാണ് ചിത്രത്തിന്റെ ടാർഗറ്റ് ഓഡിയൻസ് എങ്കിലും ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രേമലു.

ഈ ലേഖകന് ചിത്രത്തോട് ഒരു വിമർശനമേയുള്ളൂ. ചിലയിടത്തൊക്കെ ഈ പ്രണയത്തിൽ ആവർത്തനം കലരുന്നു. നായകൻ നായികയുടെ വയറുവേദനമാറ്റാൻ ഒറ്റമൂലി വാങ്ങി ട്രെയിനിൽ ഓടിക്കയറുന്നതുപോലുള്ള ഒന്നുരണ്ട് രംഗങ്ങൾ ചിത്രത്തിൽ മുഴച്ചുനിൽക്കുന്നുണ്ട്. ഒരു പ്രണയിനി, ഒരാളെ ആത്മാവിശ്വാസമുള്ളയാളക്കി മാറുന്ന കഥ തന്നെയാണ് ഇവിടെയും പറയുന്നത്. ഈ പ്രഡിക്റ്റബിലിറ്റി പക്ഷേ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കാത്ത രീതിയിൽ എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

വാൽക്കഷ്ണം: ഈയിടെ ഒരു തീയേറ്റിൽ നസ്ലനും മമിതയും വന്നതിന്റെ വീഡിയോ കണ്ടു. പൂരത്തിരിക്കാണ് ഇവരെ കാണാൻ. പുതിയകാലത്ത് പുതിയ താരോദയങ്ങൾ ഉണ്ടാവട്ടെ. അവർ മലയാള സിനിമയെ നയിക്കട്ടെ.