കുവൈത്ത് സിറ്റി : വർണ്ണ വർഗ്ഗ ഭാഷ ദേശ വ്യത്യാസം കൂടാതെ സകല മനുഷ്യരോടും എല്ലാ ജീവ ജാലങ്ങളോടും കാരുണ്യത്തിന്റെ ഉറവയാകണമെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആണെന്ന് യുവ പണ്ഡിതനും എഴുത്തുക്കാരനും സൗദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ്, ഫഹാഹീൽ, അബൂഹലീഫ യൂണിറ്റുകളുടെ അഹ് മദി സോണൽ ഇഫ്ത്വാർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പവിത്രമായ റമദാൻ കാരുണ്ണ്യത്തിന്റെ മാസമാണ്. തീവ്രവാദവും ഭീകരതയും ഇസ്ലാമിക പാഠങ്ങൾ അനുവദിക്കുന്നില്ല. എല്ലാ മനുഷ്യരും പരസ്പരം സ്‌നേഹിക്കാനും നന്മയിൽ സഹകരിക്കുവാനും മുഹമ്മദ് നബി നൽകിയ സന്ദേശമാണ്. പ്രപഞ്ച സൃഷ്ടാവ് ഏറ്റവും കാരുണികനും ദയാപരനുമാകുന്നു. അവനിൽ വിശ്വസിക്കുന്നവർ ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവരോട് കരുണ കാണിക്കാൻ തയ്യാറാവണം - സയ്യിദ് സുല്ലമി വിശദീകരിച്ചു.

സംഗമം ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ഫഹാഹിൽ ശാഖ പ്രസിഡന്റ് അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അബൂഹലീഫ ശാഖ ജനറൽ സെക്രട്ടറി ബിൻസീർ പുറങ്ങ് എന്നിവർ സംസാരിച്ചു. ഇംറാൻ സഅദ് ഖിറാഅത്ത് നടത്തി.