കൊച്ചി: മലയാള സിനിമയ്ക്ക് അടുത്ത ആഴ്ച അതി നിർണ്ണായകം. ശ്രീഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്' 22ന് തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. സമ്മതിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്ത് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനൊപ്പമാണ് സിനിമയ്ക്കുള്ളിലെ സംഘടനകൾ. താര സംഘടനയായ അമ്മയും ഫിയോക്കിന് എതിരാണ്. ഫെഫ്കയിലേയും അമ്മയിലേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേയും നിരവധി പേർക്ക് തിയേറ്ററുകളുണ്ട്. ഇതിനൊപ്പം മൾട്ടി പ്ലക്‌സുകളുടെ പിന്തുണയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുണ്ട്. ഏതായാലും മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിൽ എത്തും. ഫിയോക് സമരം തുടങ്ങുന്നത് 23ന് മാറ്റിയ സാഹചര്യത്തിലാണ് ഇത്. അടുത്ത ആഴ്ച മലയാള സിനിമാ റിലീസ് അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഇത്. ഇതിനെ മറ്റ് സംഘടനകൾക്ക് അതിജീവിക്കാൻ കഴിയുമോ എന്നതാണ് നിർണ്ണായകം.

അഞ്ചൽ വിജയകുമാറാണ് ഫിയോക്കിന്റെ നിലവിലെ നേതാവ്. ഈ സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് നടൻ ദിലീപും മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരുമാണ്. പിന്നീട് ഇവർ സംഘടനയിൽ നിന്നും പിന്മാറി. രണ്ടു പേർക്കും തിയേറ്ററുകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ ഫിയോക്കിന്റെ പുതിയ സമര പ്രഖ്യാപനത്തെ ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് അട്ടിമറിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഫെഫ്കയും ഈ നീക്കത്തിൽ സഹകരിച്ചേക്കും. അടുത്ത ആഴ്ചയും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്താൽ അത് മറ്റൊരു സിനിമാ സംഘടനയുടെ ഉദയത്തിന് വഴിവയ്ക്കും.

ഈ വിഷയത്തിൽ ദിലീപും ആന്റണി പെരുമ്പാവൂരും നിർണ്ണായക നീക്കങ്ങൾ നടത്തുന്നുവെന്നാണ് സൂചന. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന തിയേറ്ററുടമകളുടെ ഫെഡറേഷന്റെ നിരന്തര സമര പ്രഖ്യാപനത്തെ പൊളിക്കാനായിരുന്നു വർഷങ്ങൾക്ക് ദിലീപ് ഫിയോക്കുണ്ടാക്കിയത്. എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം ദിലീപ് പതിയെ പിന്നോട്ട് പോയപ്പോൾ സംഘടന അഞ്ചൽ വിജയകുമാറിന്റെ കൈയിലായി. പുതിയ സംഘടനയിലൂടെ വീണ്ടും തിയേറ്ററുകളിൽ പിടിമുറുക്കാനുള്ള ഇടപടെൽ വീണ്ടും നടന്മാരും സാങ്കേതിക വിദഗ്ധരും നിർമ്മതാക്കളും ചേർന്ന് നടത്തുമെന്നാണ് സൂചന.

അതിശക്തമായ വിമർശനമാണ് ഫിയോക്കിനെതിരെ ഫെഫ്ക നടത്തുന്നത്. പത്ര--ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണ്. മലയാള സിനിമയോട്, അതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങെയറ്റം നിന്ദ്യമായ ഈ നിലപാട് പുനഃ പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ഇത്തരം സമര പ്രഖ്യാപനങ്ങൾ മലയാള സിനിമയെ നശിപ്പിക്കുമെന്നതാണ് ഫെഫ്കയുടെ നിലപാട്. മലയാള സിനിമാ സംഘടനകൾക്കുള്ളിലെ എതിർപ്പിന് തെളിവാണ് ഫെഫ്കയുടെ വിശദീകരണവും.

തിയറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമ്മാതാക്കൾ ഒടിടിക്ക് നൽകുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് റിലീസ് നിർത്തിവെയ്ക്കുന്നതെന്നുമായിരുന്നു ഫിയോക്കിന്റെ തലപ്പത്തുള്ളവരുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനാണ് നിർമ്മാതാക്കൾ പലപ്പോഴും ഒടിടിയെ അഭയം തേടുന്നതെന്നതാണ് വസ്തുത. എന്നാൽ മലയാള സിനിമകളെക്കാൾ അതിവേഗം അന്യഭാഷാ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ഫിയോക്കിന്റെ നിലപാട് മലയാള സിനിമയിലെ മറ്റാരും അംഗീകരിക്കുന്നില്ല. പ്രശ്‌നത്തിൽ സർക്കാർ ഇടപെടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മാത്രമേ പ്രശ്‌ന പരിഹാരത്തിന് ഫിയോക്കിലെ നിലവിലെ നേതൃത്വം വഴങ്ങൂ. സമ്മർദ്ദത്തിന് കീഴ്‌പെടാതെ മറ്റ് മാർഗ്ഗങ്ങൾ നോക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിർമ്മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം. 42 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഒ.ടി.ടിയിൽ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റർ ഉടമകളുടെ പരാതി. നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് പറയുന്നു. നേരത്തേയും തങ്ങളുടെ ആവശ്യങ്ങൾ ഫിയോക് നിർമ്മാതാക്കളെ അറിയിച്ചിരുന്നു.

എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഫിയോക് പറഞ്ഞു. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകൾ വ്യക്തമാക്കി.