തിരുവനന്തപുരം: കേരളത്തിൽ ആദിവാസി ക്ഷേമത്തിനായി നടത്തുന്ന പദ്ധതികളിൽ അഴിമതിയും കെടുകാര്യസ്ഥതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദിവാസി വികസനത്തിനായി നടത്തുന്ന കാലം ഇത്രയുമായിട്ടും വകയിരുത്തിയ കോടികളുടെ കണക്കെടുത്താൽ ഓരോ ആദിവാസി വിഭാഗക്കാരനും ഇന്ന് ലക്ഷാധിപതി ആകേണ്ടതാണ്. അത്രയ്ക്ക് തുക ഈ മേഖലയിലേക്ക് വകയിരുത്തിയിട്ടും അതെല്ലാം വെള്ളത്തിൽ വരച്ച വരപോലയാണ്. ഈ മേഖലയിലെ ധനവിനിയോഗത്തിന്റെ കെടുകാര്യസ്ഥത അത്രയ്ക്കുണ്ട്.

അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ലോബിയും ചേർന്നു കൊണ്ടാണ് ആദിവാസി വികസന പ്രവർത്തനങ്ങളെല്ലാം പ്രഹസനമാക്കുന്നത്. അഴിമതിയെ വെച്ചു പൊറുപ്പിക്കില്ലെന്ന് പറയുന്നവരും ഇക്കാര്യത്തിൽ അഴിമതിയുടെ പങ്കുപറ്റുന്നവരാണ്. സംസ്ഥാന സർക്കാറിന്റെ ആദിവാസി പുനരധിവാസ പദ്ധതിയുടെ മറവിൽ പലവിധത്തിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ഈ തട്ടിപ്പുകളിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് സംസ്ഥാനത്തെ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥർ ഇടപെട്ടു നടത്തിയ കള്ളക്കളികളാണ്.

ഭൂരഹിത ആദിവാസികളുടെ പേരു പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതിക്ക് കളമൊരുക്കിയത്. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ പേരു പറഞ്ഞുള്ള ഇടപാട് റിയൽ എസ്റ്റേറ്റ് അഴിമതിക്ക് കളമൊരുക്കുന്നതായി ആരോപണം ഉയർന്നതോടെ തൽക്കാലികമായി മരവിപ്പിച്ചിരിക്കയാണ്. ഭൂരഹിത ആദിവാസികളടെ പേരിൽ സ്വകാര്യ ഭൂമി പൊന്നും വില നൽകി വാങ്ങാനുള്ള സർക്കാർ തീരുമാനമാണ് വിവാദമായത്. വീടു വെക്കാൻ ഉതകുന്ന സ്ഥലമെന്ന് പറഞ്ഞ് വാങ്ങുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം വില്ലേജിലെ ബെന്നി സെബാസ്റ്റ്യന്റെ പേരിലുള്ള 45 ഡിഗ്രിയിലേറെ ചെങ്കുത്തായ 6.62 ഹെക്റ്റർ ഭൂമിയാണ്.

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തെ സ്വകാര്യഭൂമി പൊന്നും വിലക്ക് സർക്കാർ വാങ്ങുന്നതിന് നടപടികൾ തുടങ്ങിയത് മുൻ റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലക് ആയിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ ഉന്നതതല കമ്മിറ്റി ഈ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് രേഖപ്പെടുത്തുകയും ചെയത്. ഭൂമി വില കുറഞ്ഞ ഈ പ്രദേശത്തെ ഭൂമി വൻ വില നിശ്ചയിച്ചു വാങ്ങാനാണ് ശ്രമം നടത്തിയ്. 2.91 കോടി വിലയാണ് ഈ ഭൂമിക്കായി നിശ്ചയിച്ചത്. പ്രദേശം വാസയോഗ്യമില്ലെന്ന ആരോപണം ഉയർന്നിട്ടും ഭൂ വാങ്ങാൻ ഉത്തരവും പുറപ്പെടുവിച്ചു. 25.4.2022 ന് തന്നെ റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കാൻ തിരക്കിട്ട് ഉത്തരവിറക്കിയത്.

ചീഫ് സെക്രട്ടറിയായിരുന്ന വി പി ജോയിയും റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലകും മുൻകൈയെടുത്തു നടത്തിയ ഈ ഭൂമി ഇടപാട് എതിർപ്പുയർത്തിയത് ആദിവാസി പുനരധിവാസ മിഷൻ (TRDM) ആയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ആദിവാസികൾക്ക് ഭൂമി വെക്കാൻ അനുയോജ്യമാണെന്ന് വിലയിരുത്തിയ സ്ഥലം പാവപ്പെട്ട ആദിവാസികൾക്ക് വിതരണം ചെയ്യാൻ അനുയോജ്യമല്ല എന്ന് ആദിവാസി പുനരധിവാസ മിഷൻ സ്പെഷ്യൽ ഓഫീസർ രേഖാമൂലം അറിയിച്ചു. കൃഷി ചെയ്യാനോ, വീട് വെക്കാനോ, സുരക്ഷിതമായി ജീവിക്കാൻ പോലുമാകാത്ത ഭൂപ്രദേശമാണിതെന്ന് അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറകടർ ഡോ. വിനയ് ഗോയൽ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഭൂമി ഇടപാടിനെ പിന്നിലെ ഉദ്യോഗസ്ഥ താൽപ്പര്യങ്ങൾ സംശയത്തിലായത്.

ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകൽ സ്‌കീം നടപ്പിലാക്കാൻ 2018 ൽ സർക്കാർ ഇറക്കിയ ഉത്തരവിലെ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് സ്വകാര്യഭൂമി തിരഞ്ഞെടുത്തത്. അപകടകരമായ മണ്ണിടിച്ചിൽ സാധ്യതയുള്ള 'റെഡ് സോണിൽ' പെട്ട ചെങ്കുത്തായ ഭൂമി 45 ഡിഗ്രിക്ക് മേലെ ചരിവുള്ളതാണെന്നും ഭൗമശാസ്ത്രപരമായി അപകടം പിടിച്ച പ്രദേശമാണെന്നും ജില്ലാ ജിയോളജിസ്റ്റും, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തുന്നു. 'റെഡ് സോണിലെ' ഭൂമി വാങ്ങാൻ തീരുമാനിച്ച അതേ ഉന്നതതല കമ്മിറ്റി മീറ്റിങ്ങിൽ മറ്റൊരു ഭൂമി 'ഓറഞ്ച് സോണിൽ' പെട്ടതിനാൽ ആദിവാസികൾക്ക് വിതരണം ചെയ്യാൻ അനുയോജ്യമല്ല എന്ന് രേഖപ്പെടുത്തിയത.

ഏത് സമയത്തും മലയിടിച്ചിൽ സംഭവിക്കാവുന്ന വളരെ അപകടം പിടിച്ച ഭൂപ്രദേശങ്ങളെയാണ് ദുരന്തനിവാരണ അഥോർറ്റി 'റെഡ് സോണിൽ' ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഓറഞ്ച് സോൺ' അപകടമാണെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയ അതേ മീറ്റിങ്ങിൽ വി.പി.ജോയിയും ഡോ. ജയതിലകും 'റെഡ് സോണിലെ' ഭൂമിക്ക് പൊന്നും വില നൽകാൻ തീരുമാനിച്ചതിന് പിന്നാൽ ഉന്നത ഇടപെടൽ തന്നെയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലനായ ഉദ്യോഗസ്ഥനാണ് ഈ ഭൂമി ഇടപാടിന് സമ്മർദ്ദം ചെലുത്തിയത് എന്നാണ് സൂചനകൾ.

ആദിവാസി പുനരധിവാസ മിഷൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ബെന്നി സെബാസ്റ്റ്യന്റെ പേരിലുള്ള ഭൂമി വാങ്ങാൻ വേണ്ടി പലവിധത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടായി. വസ്തു ഉടമ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല വിധി നേടിയിരുന്നു. ഈ കോടതി വിധി മറയാക്കിയും ഭൂമി ഏറ്റെടുക്കാൻ ശ്രമം തുടങ്ങി. അതിനിടെ ആദിവാസി പുനരധിവാസ മിഷന്റെയും മേധാവിയായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ചുമതലയും ഡോ. ജയതിലക് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെ വിഷയം കോടതിയിൽ എത്തിയപ്പോൾ കോടതിയിൽ സർക്കാർ വക്കീലിന്റെ നിലപാടുകളും വാദങ്ങളും പൂർണ്ണമായും വസ്തു ഉടമ ബെന്നി സബാസ്റ്റ്യന് അനുകൂലമായി മാറി.

ഭൂമിയുമായി ബന്ധപ്പെട്ട പ്രതികൂല റിപ്പോർട്ടുകൾ മറികടക്കാൻ മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ട് തേടാനും ശ്ര മം നടന്നു. റെഡ് സോണിൽ അപകടം പിടിച്ച ഭൂമിയുടെ സുരക്ഷ ഉറപ്പ് വരുത്താൻ വിവിധ രീതിയിലുള്ള ശാസ്ത്രീയ നിർമ്മാണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ട ശേഷം ഭൂമി വാങ്ങാം എന്ന വിചിത്രമായ റിപ്പോർട്ടാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സർക്കാരിന് നൽകിയത്. ഇതിന്റെ ആവശ്യം എന്താണെന്ന ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചില്ല.

3 കോടി ചെലവാക്കി വാങ്ങുന്ന ഭൂമിയിൽ 5 കോടിയോളം സുരക്ഷാനടപടികൾക്ക് അധിക തുക ചെലവാക്കിയ ശേഷം വെറും 25 ആദിവാസികളെ മാത്രമേ പുനരധിവസിപ്പിക്കാൻ സാധിക്കൂ മനസ്സിലാക്കുമ്പോഴാണ് പദ്ധതിക്ക് പിന്നിലെ അഴിമതി താൽപ്പര്യം വ്യക്തമാകുക. ഇക്കാര്യങ്ങളെല്ലാം വ്യക്തമായിട്ടും സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി തുടരാൻ തീരുമാനിക്കുകയായിരുന്നു.

അതിനിടെ ഈ ഇടപാടിന് പിന്നെലെ ക്രമക്കേടുകളും അഴിമതി താൽപ്പര്യങ്ങളും വ്യക്തമായതോടെ കോൺ്ഗ്രസ് നേതാവ് മാത്യു കുഴൽനാടനും വിഷയത്തിൽ ഇടപെട്ടു. ബെന്നി സെബാസ്റ്റ്യന്റെ പേരിലുള്ള റെഡ് സോണിലെ അപകടകരമായ ഭൂപ്രദേശത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മാത്യു കുഴൽനാടൻ പരാതി നൽകി. പട്ടികജാതി - പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുൻപാകെയാണ് ഡോ. മാത്യു കുഴൽനാടൻ പരാതി നൽകിയത്. ഇതേ തുടർന്ന് കോടതി നടപടികളിൽ സർക്കാർ വീഴ്ച വരുത്തിയതായും വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികളുടെ പേരിൽ വാങ്ങുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമസഭാസമിതി വിഷയം പരിഗണിച്ച് കൊണ്ടിരിക്കെയാണ് സർക്കാർ തലത്തിൽ പണം കൈമാറാൻ തിടുക്കപ്പെട്ട നടപടികൾ തുടങ്ങിയത്.

ഇതിനിടെ വസ്തു ഉടമകൾ കോടതിയലക്ഷ്യം ഫയൽ ചെയ്യുകയും കേസിൽ കക്ഷി പോലുമല്ലാത്ത ഡോ. ജയതിലകിന്റെ നിർദ്ദേശപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ വക്കീൽ കോടതിയിൽ ഉറപ്പ് കൊടുക്കുകയും ചെയ്തു. ബെന്നി സെബാസ്റ്റ്യനും കുടുംബാംഗങ്ങളുമായുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ രമ്യതയിൽ പറഞ്ഞ് തീർത്തെന്നും മുഴുവൻ തുകയും രണ്ടാഴ്ചക്കുള്ളിൽ കക്ഷിക്ക് കൈമാറുമെന്നും സർക്കാർ വക്കീൽ കോടതിക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതി അപ്രകാരം വിധിയിൽ രേഖപ്പെടുത്തുകയും ചെയ്തു.

സുരക്ഷാ നടപടികൾക്ക് അധികതുക ചെലവാക്കി, വാസയോഗ്യമാക്കി ഭൂമി ഏറ്റെടുക്കാൻ ഡോ. ജയതിലക് സ്വന്തം നിലയിൽ സർക്കാർ ഉത്തരവും ഇറക്കി. കേസിൽ കക്ഷി പോലുമല്ലാത്ത പട്ടികവർഗ്ഗ വികസനവകുപ്പ് സെക്രട്ടറി ജയതിലകിനെ കോടതിയിൽ വിളിച്ച് വരുത്താൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്കീൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി പോലും ഫയൽ കാണാതെയാണ് വിചിത്രമായ ഈ ഉത്തരവിറങ്ങിയത്.

എന്നാൽ റവന്യു വകുപ്പോ പട്ടികവർഗ്ഗ വികസന വകുപ്പോ അത്തരത്തിൽ ഭൂമി ഏറ്റെടുക്കാമെന്നോ പണം കൈമാറാമെന്നോ ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് റവന്യു വകുപ്പ് ഫയലിൽ എഴുതിയതോടെയാണ് ഉദ്യോഗസ്ഥന്റെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവന്നു. എന്നാൽ, കേസ് ശക്തമായി നടത്താനാണ് അഡ്വക്കേറ്റ് ജനറലിനോട് ഇരു വകുപ്പുകളും രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. ആരുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ വക്കീൽ കോടതിയിൽ അത്തരത്തിൽ ഒരുറപ്പ് നൽകിയത് എന്നത് ദുരൂഹമാണെന്നാണ് റവന്യു വകുപ്പ് വൃത്തങ്ങൾ പറയുന്നത്.

സർക്കാർ വക്കീലിനെതിരെ നടപടിയെടുക്കാൻ റവന്യു വകുപ്പ് ഫയൽ നീക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിർത്തി വെപ്പിക്കുകയായിരുന്നു. റവന്യു സെക്രട്ടറിയുടെ എതിർപ്പിനെ മറികടന്ന്, എതിർ കക്ഷിക്ക് അനുകൂലമായി നിലപാടെടുത്ത സർക്കാർ വക്കീലിനെ നിലനിർത്തുന്നത് നൽകുന്ന സൂചന ഉന്നതതലത്തിൽ കേസ് തോറ്റുകൊടുക്കാൻ ധാരണയായി എന്നാണ്.

ഡോ. ജയതിലകും സർക്കാർ വക്കീലും ചേർന്നുള്ള ഇടപാടിനെതിരെ റവന്യു സെക്രട്ടറി ടിങ്കു ബിസ്വാൾ ഫയലിൽ ശക്തമായ നിലപാടെടുത്തതോടെ ഡോ. ജയതിലക് ലീവിൽ പ്രവേശിച്ചു. അപകടം മനസ്സിലാക്കിയ ചീഫ് സെക്രട്ടറി ഡോ. വേണു നേരിട്ട് ഇടപെട്ട് ഉന്നതതല മീറ്റിങ് വീണ്ടും വിളിച്ച് ചേർത്ത് ഭൂമി ഏറ്റെടുക്കാനുള്ള വി.പി. ജോയിയുടെ തീരുമാനം റദ്ദാക്കിയെങ്കിലും മിനുട്ടിൽ ഒപ്പിടാൻ ഡോ. ജയതിലക് വിസമ്മതിച്ചതായും റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്ന് കോടിയോളം വിലവരുന്ന സ്വകാര്യ ഭൂമിയുടെ ഇടപാടിന് വേണ്ടി എന്താനാണ് ജയതിലക് വാശിപിടിച്ചത് എന്ന ചോദ്യം അവശേഷിക്കയാണ്. സിപിഎം താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് ഇതിൽ പ്രധാനമെന്ന കാര്യം ഉറപ്പാണ്. കോടതി കയറിയ ഇടപാടിൽ ഖജനാവിന് ഉണ്ടായി അനാവശ്യം ചെലവ് അടക്കം പരിഗണിക്കേണ്ടതാണ്. സിപിഎമ്മിനും സർക്കാറിനും അനുകൂല തീരുമാനങ്ങൾ എടുത്തതിന്റെ പേരിലാണ് മുൻ ചീഫ് സെക്രട്ടറി വി പി ജോയിയെ വിരമിച്ച ശേഷവും ഉന്നത പദവിയിൽ നിയമിക്കാൻ തീരുമാനം ആയത് എനന്തും ശ്രദ്ധേയമാണ്.

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ ചെയർപഴ്സനായാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജോയിക്ക് പുതിയ പദവിയിൽ ഉയർന്ന ശമ്പളം നൽകാൻ ചട്ടത്തിൽ ഇളവ് വരുത്തിയിരുന്നു സർക്കാർ. പബ്‌ളിക് ബോർഡ് ചെയർമാൻ സ്ഥാനത്തേക്കാണ് വി.പി. ജോയിയുടെ പുതിയ നിയമനം. വിരമിച്ചവർക്ക് നിയമനം നൽകുമ്പോൾ പെൻഷൻ കിഴിച്ചുള്ള തുക ശമ്പളമായി നൽകുന്നതാണ് പതിവ്. കേരള സർവീസ് റൂളിൽ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ വി.പി. ജോയിക്ക് വേണ്ടി ഇകകാര്യത്തിൽ ഇളവു വരുത്തുകയായിരുന്നു.

സമാനമായ വിധത്തിൽ രാഷ്ട്രീയ താൽപ്പര്യത്തിന് അനുകൂലമായി ചലിക്കുന്ന ജയതിലകനും ഭാവിയിൽ ഉന്നത പദവി ലഭിക്കുമെന്ന അടക്കം പറച്ചിലിലാണ് ഉന്നത ഉദ്യോഗസ്ഥരും. ആറളംഫാം പുനരധിവാസമേഖലയിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് നൽകിയ ഭൂമി അടക്കം വാസയോഗ്യമല്ലെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.