''പൂവിളി പൂവിളി പൊന്നോണമായി,

നീ വരൂ നീ വരൂ പൊന്നോണതുമ്പീ,

ഈ പൂവിളിയിൽ, മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ,

നീ വരൂ ഭാഗം വാങ്ങാൻ''

കേരളത്തിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന ഓണാഘോഷത്തിന്റെ സമയത്ത് മാത്രമല്ല, ഏത് സമയത്തും മലയാളിയുടെ നൊസ്റ്റാൾജിയയാണ് ഈ ഗാനം. എഴുതിയ മിക്ക ഗാനങ്ങളും, പ്രതിഭയുടെ പ്രതാപംകൊണ്ട് വയലാറിന്റെത് എന്ന് അറിയപ്പെടാൻ വിധിക്കപ്പെട്ട ഒരു നിർഭാഗ്യവാനായ കവിയുടേതാണ്, ഈ വരികളും. ഹൃദ്യവും മനോഹരവുമായ മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ എഴുതിയ ശ്രീകുമാരൻ തമ്പിക്ക് പക്ഷേ, ഗാനം എഴുതാൻ അറിയില്ല എന്നാണ് നമ്മുടെ സാഹിത്യഅക്കാദമിയുടെ കണ്ടെത്തൽ!

സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്നാണ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം, ഗാനരചന, സംഗീത സംവിധാനം, കവി, നോവലിസ്റ്റ്, ടെലിവിഷൻ നിർമ്മാതാവ്, എന്ന നിലകളില്ലെല്ലാം പ്രതിഭ തെളിയിച്ച ഈ വയോധികൻ പറയുന്നത്. കേരളഗാനത്തിനായി ശ്രീകുമാരൻ തമ്പി സാഹിത്യ അക്കാദമിക്ക് നൽകിയ ഗാനത്തിലെ ചില വരികളിൽ 'ക്ലീഷേ' പ്രയോഗങ്ങാണെന്നാണ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പറഞ്ഞത്. ഇത് വൻ വിവാദമായിരിക്കയാണ്. പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒടുവിൽ ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകുമെന്നുമാണ് സച്ചിദാനന്ദൻ പറയുന്നത്.

ക്ഷിപ്രകോപിയും, തൻേറടിയുമായ ശ്രീകുമാരൻ തമ്പി ഇതിനെതിരെ അതിശക്തമായാണ് പ്രതികരിച്ചത്. ഒരു ഹിന്ദു സംഘടനയുടെ അവാർഡ് വാങ്ങിയതാണ് തന്റെ പാട്ടു തള്ളാൻ കാരണമെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു.തന്നെ ആരും ഒന്നും അറിയിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ക്ലീഷേ എന്ന പ്രയോഗം തന്നെ അപമാനിച്ചു. ഗാനം നിരസിക്കാം. പക്ഷേ അത് അറിയിക്കണമായിരുന്നു. അത് കത്തിലൂടെ അറിയിക്കണമായിരുന്നു. അങ്ങനെ കത്തെഴുതാൻ തന്തയ്ക്ക് ജനിക്കണം. ഞാൻ തന്തയ്ക്ക് പിറന്നതു കൊണ്ട് ഏത് സത്യവും പറയും. ആരേയും ഭയവുമില്ല. സച്ചിദാനന്ദന് തന്റെ പേരിന്റെ അർത്ഥം പോലും അറിയില്ലെന്നും ശ്രീകുമാരൻ തമ്പി ആഞ്ഞടിച്ചു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് കെ സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നുവെന്നുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പക്ഷേ ഒന്നോർക്കണം, ശ്രീകുമാരൻ തമ്പിയെന്ന, അകലെ അകലെ നീലാകാശവും, ഹൃദയസരസ്സിലേ പ്രണയപുഷ്പവും, ചന്ദികയിലലിയുന്നു ചന്ദ്രകാന്തവും, വൈക്കത്തഷ്ടമി നാളിലും, ഉത്തരാസ്വയരവും, ഏഴിലംപാല പൂത്തതും, ഇലഞ്ഞപ്പൂമണ മൊഴികിവരുന്നതും അടക്കം മലയാളി നെഞ്ചിലേറ്റിയ ഒരുപിടി ഗാനങ്ങൾ എഴുതിയ ഒരു കവിക്ക് സാഹിത്യഅക്കാദമിയുടെ ഒരു സർട്ടിഫിക്കേറ്റിന്റെയും ആവശ്യമില്ല. ശരിക്കും ജീവിച്ചിരുക്കുന്ന അത്ഭുതമാണ്, 83ാം വയസ്സിലും എഴുത്തിൽ സജീവമായ നുഷ്യൻ. മലയാള ഭാഷതൻ മാദകഭംഗിയെക്കുറിച്ച് എഴുതിയ കവി ഇങ്ങനെ അപമാനിക്കപ്പെടേണ്ട വ്യക്തിത്വമാണോ?


കേരളത്തിന്റെ ഗുൽസാർ

''കരയുള്ള മുണ്ട്, എഴുത്തുകാർ തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത മട്ടിലുള്ള തിളക്കം പുരണ്ട ഷർട്ട്, ധൃഷ്ടനും സ്ഥാനഭ്രഷ്ടനുമായ ഒരു ഗോത്രരാജാവിന്റെ മുഖം, നെറ്റിയിൽ രാത്രിയായിട്ടും അസ്തമിക്കാൻ കൂട്ടാക്കാത്ത ചന്ദനക്കുറി''- എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഒരു വിമാനയാത്രക്കിടെ പരിചയപ്പെട്ട ശ്രീകുമാരൻ തമ്പിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. യാത്രക്കിടെ ഉത്തരേന്ത്യൻ എയർഹോസ്റ്റസ് കുശലം ചോദിച്ചപ്പോഴുള്ള അനുഭവം സുഭാഷ് ഇങ്ങനെ എഴുതുന്നു. ''അദ്ദേഹം കൈവെച്ച സർഗമേഖലകളെ ഞാൻ എണ്ണിപ്പറയാൻ തുടങ്ങിയപ്പോൾ കൈകൊണ്ട് എന്നെ വിലക്കിയിട്ട് തമ്പിച്ചേട്ടൻ അവളോട് ചോദിച്ചു: 'ഹാവ് യു ഹേഡ് ഓഫ് ഗുൽസാർ?'വിടർകണ്ണിൽ ആദരത്തോടെ അവൾ ഉവ്വെന്ന് തലയാട്ടി. തമ്പിസാർ സ്വന്തം നെഞ്ചിൽ തൊട്ടുകൊണ്ട് പറഞ്ഞു. -'അയാം ദ ഗുൽസാർ ഓഫ് കേരള!'.

പരേതരായ കളരിക്കൽ പി.കൃഷ്ണപിള്ള താങ്കളുടെയും, കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി, 1940 മാർച്ച് 16-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖയായ കരിമ്പാലേത്ത് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. പ്രശസ്ത നോവലിസ്റ്റ് പരേതനായ പി.വി. തമ്പി (പി. വാസുദേവൻ തമ്പി), പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായിരുന്ന പരേതനായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായിരുന്നു. തുളസിബായി തങ്കച്ചി, പ്രസന്നവദനൻ തമ്പി എന്നീ രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. അമ്മാവൻ ശ്രീ കരിമ്പാലേത്ത് പത്മനാഭൻ തമ്പി, ശ്രീമൂലം പ്രജാസഭ അംഗം ആയിരുന്നു. ഹരിപ്പാട്ട് ഗവ. ഗേൾസ് സ്‌കൂൾ, ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്, തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളജ് , മദ്രാസ് ഐ.ഐ.ഇ.റ്റി., എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

കുഞ്ഞുന്നാളിലെ സാഹിത്യമായിരുന്നു തമ്പിയുടെ വഴി. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓൾ ഇന്ത്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരമായ ഒരു കവിയും കുറേ മാലാഖമാരുംപ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസിൽ എഞ്ചിനീയറിങ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എംപി. മണിയുടെ മകൾ രാജേശ്വരിയാണ് അദ്ദേഹത്തിന്റെ പത്നി. കവിത, പരേതനായ രാജകുമാരൻ എന്നീ രണ്ടുമക്കൾ.

അമ്മയൂടെ കണ്ണീര് കണ്ടാണ് താൻ വളർന്നത് എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. താൻ ജീവിതത്തിലിത് വരെ മദ്യപിക്കാത്തതിന്റെയും കാരണം അതാണ്. താൻ കാരണം സ്ത്രീകളുടെ കണ്ണുനീർ വീഴരുതെന്ന് ചെറിയ പ്രായത്തിൽ അമ്മ പറഞ്ഞ് തന്നിരുന്നു. ''എന്റെ അച്ഛൻ നന്നായി മദ്യപിക്കുമായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം അച്ഛൻ വീട്ടിൽ വരും. അച്ഛൻ വന്ന് പോയാൽ അമ്മ ഗർഭിണിയാവും. എനിക്ക് താഴെ നാല് അനുജന്മാർ തുടരെ തുടരെ മരിച്ചിട്ടുണ്ട്. രാത്രി എന്നെ കെട്ടിപ്പിടിച്ച് കിടന്നിട്ട് അമ്മ തേങ്ങും. ഒരിക്കൽ ഞാൻ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മുഖത്ത് മഴ പെയ്തു. നോക്കുമ്പോൾ മഴയല്ല, അമ്മയുടെ കണ്ണുനീരാണ്.

അന്ന് അമ്മ എന്നോട് പറഞ്ഞു, 'ഇന്ന് അമ്മ കരയുന്നത് പോലെ നീ കാരണം ഒരു സ്ത്രീയ്ക്കും കരയേണ്ടി വരരുതെന്ന്'? അച്ഛന്റെ മദ്യപാനമായിരുന്നു അമ്മയുടെ ദുഃഖമെന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതത്തിൽ ഒരു തുള്ളി പോലും മദ്യപിക്കില്ലെന്ന് അന്നെടുത്ത ശപഥമാണ്. ഈ എൺപത്തിമൂന്നാമത്തെ വയസിലും അത് പാലിക്കുന്നുണ്ടെന്ന്' ശ്രീകുമാരൻതമ്പി പറയുന്നു.


ഹൃദയസരസ്സിലെ പ്രണയ പുഷ്പം

1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ. എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

ടെലിവിഷനു വേണ്ടി 6 പരമ്പരകൾ ശ്രീകുമാരൻ തമ്പി നിർമ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു.

വ്യത്യസ്തമായ പല മേഖലകളിലും തന്റെ പ്രതിഭയുടെ മാറ്റുരച്ചു നോക്കിയ ശ്രീകുമാരൻ തമ്പി പൂർണമായും വിജയശ്രീലാളിതനായത് ഗാനരചനയിലാണ് . പത്തു വരികളിൽ ഒതുക്കേണ്ടുന്ന സിനിമാപ്പാട്ടിലും ലളിതഗാനത്തിലും തമ്പിയുടെ പ്രതിഭ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങി.എൻജിനീയറുടെ വീണയും കവിയുടെ കംപ്യൂട്ടറും കലർന്നൊട്ടുന്ന വിസ്മയകരമായ ഒരു സർറിയലിസമുണ്ട് അദ്ദേഹത്തിന്റെ രചനകളിൽ.

സന്ധ്യയ്ക്കെന്തിനു സിന്ദൂരം, ചന്ദ്രബിംബം നെഞ്ചിലേറ്റും...ഭഗവാൻ ഭഗവത്ഗീതയിൽ പാടി, ആറാട്ടിനാനകൾ എഴുന്നള്ളി...മദം പൊട്ടിച്ചിരിക്കുന്ന മാനം, ഹൃദയവാഹിനീ ഒഴുകുന്നു നീ, ഒന്നാരാഗം പാടി, ചെട്ടിക്കുളങ്ങര ഭരണിനാളിൽ.... തുടങ്ങി അനവധി മനോഹരഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ സൃഷ്ടികളാണ്. പതിറ്റാണ്ടുകൾ ഏറെ പിന്നിട്ടിട്ടും ഈ പാട്ടുകൾ തലമുറകൾ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും നിത്യയൗവ്വനത്തിലാണ് ഈ ഗാനങ്ങൾ എന്ന് പറയാം

പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്നതിനാൽ ഹ്യദയഗീതങ്ങളുടെ കവി എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

മൊയ്തീൻ കാഞ്ചനമാലക്കൊപ്പം പ്രണയം

''അലിഞ്ഞു ചേർന്നതിൻ ശേഷമെൻ
ജീവനെ പിരിഞ്ഞു പോയി നീ
എങ്കിലും മംഗളം നേരുന്നു.''-

ജീവന്റെ ജീവനായ പ്രണയിനി നഷ്ടമായപ്പോൾ ശ്രീകുമാരൻ തമ്പിയുടെ കാമുകൻ അവൾക്ക് നുറുങ്ങുന്ന ഹൃദയത്തോടെ മംഗളം നേരുകയാണ് ചെയ്തത്. ഇതുപോലെ പണയകവിതകളെതുന്ന കാമുകൻ അയിരുന്നില്ല അദ്ദേഹം ജീവിതത്തിൽ. അത് ഫ്ളവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് തമ്പി തന്നെ പറയുന്നുണ്ട്. ''കാര്യമായി രണ്ട് പ്രേമമേ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം ആരാധനയായിരുന്നു. ആദ്യത്തെ പ്രണയവല്ലരി പൂത്തില്ല. ഞാൻ അദ്ധ്യാപകനായി പോയപ്പോൾ അവളും അതേ ജോലിയുമായി വന്നു. കോഴിക്കോടായിരുന്നു ഞങ്ങൾ. അന്ന് കാഞ്ചനമാല അവളുടെ അടുത്ത സുഹൃത്തായിരുന്നു. അവളിലൂടെയാണ് ഞാൻ മൊയ്തീനെയും കാഞ്ചനമാലയേയും പരിചയപ്പെടുന്നത്. അവർക്ക് ഞങ്ങളേയും ഞങ്ങൾക്ക് അവരേയും അറിയാമായിരുന്നു. അങ്ങനെയാണ് മൊയ്തീൻ കാണാൻ വരുന്നത്'.

എന്നാൽ അന്ന് ആ പ്രണയം പൂവണിയാതെ പോയത് എന്റെ കുറ്റം കാരണമാണെന്നാണ് കാമുകി കാഞ്ചനമാലയോട് പറഞ്ഞത്. മൊയ്തീന് എല്ലാം അറിയാമായിരുന്നു. ഞാൻ പിൻവാങ്ങിയെന്നാണ് അവൾ പറഞ്ഞത്. ഇറങ്ങി വന്നാൽ കൊണ്ടു പോവാമെന്ന് ഞാൻ അവളോട് പറഞ്ഞത്''- ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു. അതേ സമയം തന്റെ വിവാഹം വീട്ടുകാർ അറിയാതെയാണ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 28ാം വയസിലായിരുന്നു എന്റെ വിവാഹം. ചേട്ടന്മാർ വന്ന് എന്നെ വിളിച്ചോണ്ട് പോവുമോ എന്ന ഭയം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് തന്നെ മധുരയിലേക്ക് പോയി.

'ആദ്യ രാത്രി തന്നെ ഭാര്യയോട് തന്റെ മുൻകാമുകിക്ക് ഒരു കത്തെഴുതാൻ പറഞ്ഞു. ശരിയാണോ അതേ തെറ്റല്ലേ, അവരുടെ ഭർത്താവിന് കിട്ടിയാലോ എന്നൊക്കെയായിരുന്നു അവൾ ചോദിച്ചത്. ഇതെന്റെയൊരു മധുരമായ പ്രതികാരമായിരുന്നു. എനിക്ക് നിങ്ങളുടെ ബന്ധത്തെ കുറിച്ചെല്ലാം അറിയാം. എങ്കിലും ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ പേര് പറഞ്ഞാണ് അദ്ദേഹം ആദ്യം അകന്നു നിന്നത്. നിങ്ങൾ വിവാഹിതയാണൈന്ന് അറിഞ്ഞതിന് ശേഷമാണ് വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു കുറിപ്പ്. ''- ശ്രീകുമാരൻ തമ്പി പറഞ്ഞു. അത് ആ പ്രായത്തിലെ അദ്ദേഹത്തിന്റെ ഒരു മധുര പ്രതികാരമായിരുന്നു.

എന്നും വിവാദ നായകൻ

ശ്രീകുമാരൻ തമ്പി എന്നും കലഹപ്രിയനാണ്. തൻേറടിയും നിർഭയനും. തനിക്ക് ശരിയെന്ന് തോനുന്നത് ആരോടും തുറന്നിടക്കും. വയലാർ അവാർഡ് ലഭിച്ചപ്പോൾ അത് തനിക്ക് മുമ്പേ ലഭിക്കേണ്ടതായിരുന്നുവെന്നും ആരൊക്കെയോ പാര വെച്ചതുകൊണ്ടാണ് അത് കിട്ടാതെ പോയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ക്ഷുഭിതപ്രതികരണം. ഈയിടെ ഐഎഫ്എഫ്കെയിൽ അതിഥിയായി എത്തിയ അദ്ദേഹം, തനിക്കെതിരെ എഴുതിയ ഒരു യുട്യൂബറെ പരസ്യമായി ചീത്ത വിളിച്ചതും വാർത്തയായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സൃഷ്ടികളെ മാറ്റിമറിക്കാൻ അദ്ദേഹം സമ്മതിക്കില്ല.. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദർശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. തന്റെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കിയപ്പോൾ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാൽ അന്നു സിനിമയാകാതിരുന്ന ആ കഥ , പിന്നീടു പി. ഭാസ്‌കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇതിനെരെയും പ്രതകിരിച്ചു. അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവരുടെ പേരുകളിൽ അടിച്ചിറക്കിയിട്ടുമുണ്ട്. ജയൻ, മമ്മൂട്ടി, മോഹൻലാൽ പോലെ പല പ്രശസ്തരായ സിനിമ താരങ്ങൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിക്കാനുള്ള അവസരമൊരുക്കിയതു ശ്രീകുമാരൻ തമ്പിയാണ്. എന്നിട്ടും അവർ തന്നെ അവഗണിക്കയാണുണ്ടായതെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്‌കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ ഒരു നല്ല ഗാനരചിയിതാവ് എന്ന നിലയിലുള്ള കീർത്തി അദ്ദേഹത്തിന് മറ്റുമേഖലയിൽ കിട്ടിയില്ല. പല സിനിമകളും സാമ്പത്തികമായി പരാജയവും ആയിരുന്നു.

നേടിയതെല്ലാം സിനിമയിൽ നഷ്ടമാവുന്നു

ഒരു അഭിമുഖത്തിൽ തമ്പിസാർ ഇങ്ങനെ പറയുന്നു. -''ചെറുപ്പത്തിലെ സിനിമയിൽ വന്നു പേരും പ്രശസ്തിയും കാശും ഉണ്ടായി. 35-ാംമത്തെ വയസ്സിൽ മൂന്നു കാറ് ഉണ്ടായിരുന്നു. ഒരു ഫോഡും രണ്ടു അംബാസിഡറും പിന്നെ എല്ലാം വിറ്റു. ഇപ്പോൾ ചെന്നൈയിൽ ഒരു വണ്ടിയുണ്ട്. അത് അവിടെ വീട്ടാവശ്യത്തിനാണ്. തിരുവനന്തപുരത്തെ എന്റെ യാത്രകൾ ഓട്ടോയിലും ടാക്സിയിലുമാണ്. അന്നുമിന്നും ആഡംബര ജിവിതം എന്നെ ഭ്രമിപ്പിച്ചിട്ടില്ല. ഞാൻ കോടീശ്വരനല്ല.''

എഞ്ചിനീയർ കൂടിയായ ശ്രീകുമാരൻ തമ്പിക്ക് ഒന്നാന്തം കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ടായിരുന്നു. അന്ന് ലക്ഷങ്ങളായിരുന്നു അദ്ദേഹത്തിന് കൈവന്നത്. പക്ഷേ ആ പണവും സിനിമിയിലൂടെ വന്ന പണവും എല്ലാം സിനിമയിൽ തന്നെ നഷ്ടമാടമായി. കവി കണ്ണദാസൻ ലക്ഷ്മിയും, സരസ്വതിയും ഒരുമിച്ച് വാഴില്ല എന്ന് തന്നെ ഉപദേശിച്ചത് അദ്ദേഹം തന്റെ ആത്മകഥയിൽ എടുത്തുപറയുന്നുണ്ട്. -''ഈ ഒരു പടത്തോടെ നീ പ്രൊഡക്ഷൻ നിർത്തണം. നിനക്ക് ആശ തോന്നി, ഒരു പടമെടുത്തു. അത്രതന്നെ വിട്ടേക്കൂ. നീ എഴുതിയ പല വരികളും കേട്ട എനിക്ക് ഉറപ്പുണ്ട്. നീ നല്ല കവിയാണ്. നിന്റെ കൂടെ സരസ്വതിയുണ്ട്. സരസ്വതിയുള്ള സ്ഥലത്ത് ലക്ഷ്മി വരില്ല. കവികൾക്ക് ഒരിക്കലും കച്ചവടത്തിൽ വിജയിക്കുക സാധ്യമല്ല എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇങ്ങനെ പറയുന്നത്. എ.എൽ.ശ്രീനിവാസൻ എന്റെ ജ്യേഷ്ടനാണെന്നു നിനക്കറിയാമല്ലോ. അദ്ദേഹം ഉപദേശിച്ചിട്ടും കേൾക്കാതെ ഞാൻ തമിഴിൽ എട്ടു സിനിമകൾ പ്രൊഡ്യൂസ് ചെയ്തു. ഞാൻ പാട്ടുകളെഴുതിക്കിട്ടിയ പണം കൊണ്ടു വാങ്ങിയ രണ്ടു വലിയ വീടുകളും വിറ്റു. ഇപ്പോഴും കടം തീർന്നിട്ടില്ല. ഇപ്പോൾ ഞാൻ വാടകവീട്ടിലാണു താമസിക്കുന്നത്. പാട്ടെഴുതിക്കിട്ടുന്ന പണത്തിൽ പാതിയും പലിശ കൊടുക്കാനാണ് ഉപയോഗിക്കുന്നത്. നീ ചെറുപ്പമാണ്. എനിക്ക് ജീവിതത്തിൽ പറ്റിയ തെറ്റ് നിനക്കു പറ്റരുത്.''- ഇങ്ങനെയായിരുന്നു തമ്പി നിർമ്മിക്കുന്ന ആദ്യ പടത്തിന്റെ റിക്കാർഡിങ്ങിന് എത്തിയ കണ്ണദാസന്റെ ഉപദേശം.

പക്ഷേ ശ്രീകുമാരൻ തമ്പി അത് കേട്ടില്ല. ''അഹന്ത എത്ര വലിയ ബുദ്ധിമാനെയും ചിലപ്പോൾ വിഡ്ഢിയാക്കും. എന്റെ പ്രായക്കുറവിന്റെ അവിവേകം സംസാരിച്ചു. ഒട്ടും ബഹുമാനമില്ലാതെ ഞാൻ പറഞ്ഞു. 'തുടർച്ചയായി പടങ്ങൾ പ്രൊഡ്യൂസ് ചെയ്യാൻ തന്നെയാ എന്റെ തീരുമാനം. അണ്ണന് രണ്ടു ഭാര്യമാരില്ലേ? അതുപോലെ ഞാൻ സരസ്വതിയെയും ലക്ഷ്മിയെയും രണ്ടു ഭാര്യമാരാക്കി ഒരാളെ എന്റെ വലതുവശത്തും മറ്റെയാളെ എന്റെ ഇടതുവശത്തും ഇരുത്തും.' - ഇങ്ങനെയായിരുന്നു തമ്പിയുടെ മറുപടി. പക്ഷേ കണ്ണദാസൻ പ്രവചിച്ചത് തന്നെ സംഭവിച്ചു. അദ്ദേഹത്തിന്റെ പല പ്രൊഡക്ഷനുകളും വൻ നഷ്ടമായി. പക്ഷേ എഴുത്തിലുടെയും സീരിയലുകളിലുടെയും അദ്ദേഹം ആ നഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നു.


മകന്റെ ആത്മഹത്യക്ക്ശേഷം ഉറക്കമില്ല

ശ്രീകുമാരൻ തമ്പിയെ ആകെ ഉലച്ചകളഞ്ഞ സംഭവമായിരുന്നു, തെലുങ്കിൽ മൂന്ന് ഹിറ്റ് സനിമകളുണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന മകൻ രാജകുമാരൻ തമ്പിയുടെ മരണം. 2009-ൽ നടന്ന ആ സംഭവത്തിന്റെ ട്രോമയിൽനിന്ന് ഇപ്പോഴും തമ്പി കരകയറിയിട്ടില്ല.ഇപ്പോഴും ഉറക്കഗുളിക കഴിച്ചാണ് താൻ ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. ഈയിടെ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന പരിപാടിയായ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അതിഥിയായെത്തിയപ്പോഴും അദ്ദേഹം ഈ വേദനയെക്കുറിച്ച് സംസാരിച്ചിരുന്നു.

''മരണം മോക്ഷമാണ്. മകൻ പോയിട്ടിപ്പോൾ 12 വർഷം കഴിഞ്ഞു. ഇത്രയും വർഷമായി സ്ലീപ്പിങ് പിൽസ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ കഴിയില്ല''- തമ്പി പറയുന്നു. മകൻ ആത്മഹത്യ ചെയ്‌തെന്നാണ് നമ്മൾ കേട്ടതെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധ്യമല്ല എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുപടല. ''അന്ന് വയലാർ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാർ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദിൽ വിടരുതെന്നാണ്. തമ്പി ഹൈദരാബാദിൽ ഇത് അന്വേഷിച്ച് പോയാൽ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. ഒരു മലയാളിപ്പയ്യൻ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാൻ അവരെക്കൊണ്ട് കഴിയില്ല. ആ വാക്കുകൾ വല്ലാതെ സംശയമുണ്ടാക്കി''- തമ്പി പറയുന്നു.

''മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാൽ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോർട്ടമൊക്കെ കഴിഞ്ഞ് ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തിൽ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തിൽ അരങ്ങേറിയത്''- കണ്ണുനിറഞ്ഞുകൊണ്ട് അദ്ദേഹം പറയുന്നു.

താൻ ജന്മദിനം ആഘോഷിക്കാറില്ലെന്നും, ഈ സത്യം ആരാധകർ മനസിലാക്കണമെന്നും ശ്രീകുമാരൻ തമ്പി അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം മകനായിരുന്നു എന്നുമായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ലാലും മമ്മൂട്ടിയും അവഗണിക്കുന്നോ?

താൻ മികച്ച കഥാപാത്രങ്ങൾ നൽകി വളർത്തി വലുതാക്കിയ മമ്മൂട്ടിയും, മോഹൻലാലും തനിക്ക് പിന്നീട് ഡേറ്റ് തന്നിട്ടില്ലെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ വാക്കുകൾ ഇങ്ങനെ...''ഞാൻ എന്റെ സിനിമയിൽ ക്യാരക്ടർ റോൾ കൊടുത്ത് വളർത്തിയ മമ്മൂട്ടിയും മോഹൻലാലും ഇന്ന് കോടീശ്വരന്മാരാണ്. 'മുന്നേറ്റ'ത്തിൽ മമ്മൂട്ടിക്കും 'എനിക്കും ഒരു ദിവസം' എന്ന സിനിമയിൽ മോഹൻലാലിനും ഞാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം നൽകി. പിന്നീട് അവർ വലിയ താരങ്ങളായപ്പോൾ എനിക്ക് കാൾഷീറ്റ് തന്നില്ല. സിനിമയിൽ നിന്ന് കിട്ടിയതെല്ലാം ഞാൻ സിനിമയ്ക്ക് തന്നെ നൽകി. തിരുവനന്തപുരത്ത് ആദ്യം വാടകയ്ക്കായിരുന്നു താമസം. സീരിയലിൽ നിന്ന് കിട്ടിയ കാശ് കൊണ്ടാണ് ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത്''- അദ്ദേഹം പറയുന്നു.

കൂടാതെ യുവതാരങ്ങളെ വെച്ച് സിനിമ ചെയ്യാത്ത കാര്യവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും തനിക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരൻ തമ്പി അഭിമുഖത്തിൽ പറഞ്ഞു.

സിനിമാലോകവും സാഹിത്യലോകവും തന്നോട് നീതി പുലർത്തിയിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ''എന്റെ തിരുവോണം എന്ന സിനിമയിൽ മാത്രമാണ് കമൽ ഹാസൻ അഭിനയിച്ചിട്ടുള്ളത്. എന്നിട്ടും എനിക്ക് വയലാർ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം വിളഇച്ചു. ഫേസ്‌ബുക്കിൽ എഴുതി.ഞാൻ കൂടി താരങ്ങളാക്കിയമലയാളത്തിലെ ഒരാൾ പോലും എന്നെ വിളിച്ചില്ല. അതിൽ ഖേദമൊന്നുമില്ല. കാരണം വയലാർ അവാർഡിന്റെ വിലയെന്താണെന്ന് കമൽ ഹാസന് അറിയുന്നത് പോലെ മറ്റുള്ളവർക്ക് അറിയണമെന്നില്ലല്ലോ''.

പക്ഷേ ആര് അവഗണിച്ചാലും മലയാള സിനിമക്ക് ശ്രീകുമാരൻ തമ്പിയെ മറക്കാനാവില്ല. മലയാളിക്ക് ഒരു ജന്മം മുഴുവൻ ആത്മാവിൽ ചേർത്തുവച്ച് ലാളിക്കാനുള്ള പ്രണയഗീതങ്ങൾ സമ്മാനിച്ച അദ്ദേഹം ഓർക്കപ്പെടുക ഈ വിവാദത്തിന്റെ പേരിൽ ആവാനിടയില്ലെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ''ഞാനൊരു മുപ്പത്തഞ്ച്, നാൽപ്പതു വയസ്സിൽ ചത്തു പോയിരുന്നെങ്കിൽ നിങ്ങളെല്ലാം ശ്രീകുമാരൻ തമ്പിയെ ഒരു ലെജന്റായി ആഘോഷിച്ചേനെ!''- എഴുത്തുകാരൻ സുഭാഷ്ചന്ദ്രനോട് ഒരിക്കൽ ശ്രീകുമാരൻ തമ്പി പറഞ്ഞത് അങ്ങനെയാണ്. ശരിയല്ലേ. അത്രയും ചെറിയ പ്രായത്തിൽതന്നെ ഇത്രയും മനോഹരഗാനം എഴുതിയ വേറെ ആരാനുള്ളത്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുന്നു.