ബുഡാപെസ്റ്റ്: ഹംഗറി പ്രസിഡന്റ് കറ്റാലിൻ നൊവാക് രാജിവെച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ ഒരാൾക്ക് മാപ്പ് നൽകിയതിനെതിരെ ജനരോഷം ശക്തമായതോടയാണ് രാജിവെച്ചത്.

'എന്റെ നടപടി മൂലം വേദനിക്കപ്പെട്ട എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് 46 കാരിയായ കറ്റാലിൻ നൊവാക് പറഞ്ഞു. എല്ലാ ഇരകളോടും ക്ഷമ ചോദിക്കുന്നു. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാട് തുടരു'മെന്നും നൊവാക് വ്യക്തമാക്കി.

മാപ്പു നൽകിയതിൽ പ്രസിഡന്റിനെതിരെ പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുമ്പിൽ കഴിഞ്ഞദിവസം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ രാജിക്കായി രാജ്യത്താകെ മുറവിളിയും ശക്തമായിരുന്നു.

പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ അടുത്തയാളാണ് രാജിവെച്ച കറ്റാലിൻ നൊവാക്. 2022 മാർച്ചിലാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി കറ്റാലിൻ നൊവാക് അധികാരമേറ്റത്. പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ മുൻ നീതിന്യായ വകുപ്പ് മന്ത്രി ജൂഡീറ്റ് വെർഗ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.