ലണ്ടൻ: വംശീയ വിവേചനം പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ക്ഷമാപണം നടത്താൻ ബ്രിട്ടണിലെ കൺസർവേറ്റീവ് നേതാവ് ലീ ആൻഡെഴ്സൻ തയ്യാറാകാതായതോടെ അദ്ദെഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് എന്ന ആൻഡേഴ്സന്റെ പ്രസ്താവനയാണ് ഏറെ വിവദമായത്. ഇതുമായി ബന്ധപ്പെട്ട് ക്ഷമാപണം നടത്താൻ മുൻ ഡെപ്യുട്ടി ലീഡർ കൂടിയായ ആൻഡേഴ്സൻ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് പാർട്ടി ചീഫ് വിപ്പ് സൈമൺ ഹാർട്ട് അറിയിച്ചു.

പ്രസ്താവന പുറത്തു വന്ന നിമിഷം മുതൽ തന്നെ ആൻഡേഴ്സനെതിരെ നടപടി എടുക്കുവാൻ ഋഷി സുനകിന് മേൽ സമ്മർദ്ദം ഏറുകയായിരുന്നു. കുറ്റകരമായ മൗനാമാണ് പ്രധാന മന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സാദിഖ് ഖാനും വിമർശിച്ചിരുന്നു. ചില കൺസർവേറ്റീവ് സ്രോതസ്സുകൾ കഴിഞ്ഞ ദിവസങ്ങളിൽ ആൻഡേഴ്സന് പ്രതിരോധം തീർക്കാൻ രംഗത്തെത്തിയെങ്കിലും, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മുസ്ലിം വിരുദ്ധതയുടെ എരിതീയിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് ആൻഡേഴ്സൻ എന്ന് സാദിഖ് ഖാൻ പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ നടപടികളുടെ പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ടോറി പാർട്ടിയുടെ മുൻ ഡെപ്യുട്ടി ചെയർമാൻ കൂടിയായ ആഷ്ഫീൽഡ് എം പി, ജി ബി ന്യുസിൽ വിവാദമായ പരാമർശം നടത്തിയത്. ലണ്ടനിലെ ആദ്യ മുസ്ലിം മെയർ ആയ സാദിഖ് ഖാൻ ഇസ്ലാമിസ്റ്റുകളുടെ പിടിയിലാണെന്നും ബ്രിട്ടീഷ് തലസ്ഥാനത്തെ തന്റെ കൂട്ടാളികൾക്ക് നൽകിയിരിക്കുകയാണെന്നുമായിരുന്നു ആൻഡേഴ്സൻ പറഞ്ഞത്. രാജ്യം ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ, സാദിഖ് ഖാനും ലണ്ടൻ നഗർവും അവരുടെ നിയന്ത്രണത്തിലാണെന്നുമായിരുന്നുപരാമർശം. സാവധാനം കിയർ സ്റ്റാർമറും ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിൽ വരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലേബർ പാർട്ടിയെ അധികാരത്തിലെത്തിയാൽ നമ്മുടെ നഗരങ്ങൾ പലതും തീവ്രവാദികളുടെ നിയന്ത്രണത്തിലാകുമെന്നും ആൻഡേഴ്സൻ പറഞ്ഞിരുന്നു. അതേസമയം, മുസ്ലിം വിരുദ്ധ ചിന്തകൾക്ക് ശക്തി പകരുന്നതാണ് എം പി യുടെ പരാമർശമെന്ന് സ്‌കൈ ന്യുസിനോട് സംസാരിക്കവെ സാദിഖ് ഖാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് മാസാങ്ങ്ളായി മുസ്ലിം വിരുദ്ധത വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മന്ത്രിമാരും കുറ്റകരമായ അനാസ്ഥ പുലർത്തുന്നു.

യഹൂദ വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും എതിർക്കപ്പെടേണ്ടതുപോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് മുസ്ലിം വിരുദ്ധതയും എന്നും സാദിഖ് ഖാൻ പറഞ്ഞു. ചീഫ് വിപ്പിനെയും പ്രധാനമന്ത്രിയെയും തന്റെ പ്രസ്താവന വഴി അത്യന്തം ക്ലേശകരമായ ഒരു സാഹചര്യത്തിൽ എത്തിച്ചതായി ചീഫ് വിപ്പിന്റെ ഫോൺ സന്ദേശത്തിൽ മനസ്സിലായി എന്നായിരുന്നു സസ്പെൻഷനെ കുറിച്ചുള്ള ആൻഡേഴ്സന്റെ പ്രതികരണം. താൻ ആ തീരുമാനം സ്വീകരിക്കുന്നതായും എന്നാൽ, തീവ്രവാദം തുടച്ചു നീക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിന് തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.