കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന്. പകൽ രണ്ടിനാണ് മകം ദർശനത്തിനായി നട തുറക്കുന്നത്. രാവിലെ 5.30 മുതൽ ചടങ്ങുകൾക്ക് തുടക്കമായി. ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകൾക്ക് തുടക്കമാകും. ആറാട്ടുകടവിൽ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും.

പകൽ ഒന്നിന് മകം തൊഴൽ ഒരുക്കങ്ങൾക്കായി നട അടയ്ക്കും. രാത്രി 10.30 വരെയാണ് മകം തൊഴാൻ സമയം ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. മകം തൊഴലിന് ശേഷം മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.