തൃശ്ശൂർ: പൂത്തോൾ പോട്ടയിൽ ലെയിനിൽ കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം ഫെബ്രു. 17, 18 തിയ്യതികളിൽ നടത്തുന്നു. 17ന് രാവിലെ അഞ്ചിന് നിർമ്മാല്യദർശനത്തോടെ ആരംഭിക്കുന്ന പൂജാ ചടങ്ങുകളിൽ ഗണപതി ഹവനം, നവകം, പഞ്ചഗവ്യം തുടങ്ങിയവ ഉണ്ടായിരിക്കും. രാവിലെ മലവാഴി കളം, മുത്തപ്പന്മാർക്കുള്ള കളങ്ങൾ എന്നിവയും വൈകുന്നേരം മുതൽ വിഷ്ണുമായയ്ക്ക് രൂപക്കളം, കരിങ്കുട്ടിക്ക് കളം എന്നിവയും നടത്തും.

18ന് പകൽ പതിവു പൂജകളും വൈകീട്ട് 6 മുതൽ മേളം, ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, എന്നിവയും രാത്രി 9മുതൽ കുറുവത്ത് തമ്പുരാട്ടി അമ്മയുടെ രഥം എഴുന്നള്ളിപ്പും പറവെപ്പും ഊരകം ഷാബു നയിക്കുന്ന കളംപ്പാട്ടും ഉണ്ടായിരിക്കും. പുലർച്ചെ 2 മണിക്ക് വടക്കുംവാതിൽ വലിയ ഗുരുതിയും മംഗള പൂജയും കഴിയുന്നതോടെ നട അടക്കും.

തുടർന്ന്, 25ന് ഏഴാം പൂജയ്ക്ക് നട തുറക്കൽ, നിർമ്മാല്യദർശനം, ഉഷഃപൂജ, ശുദ്ധി പുണ്യാഹം, ഉച്ചപൂജ, പന്തിരാഴി പൂജ, കലം കരിക്കൽ തുടങ്ങിയവ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളും പ്രസാദയൂട്ടും ഉണ്ടായിരിക്കും.

ക്ഷേത്രചരിത്രം:

തൃശ്ശൂർ ജില്ലയിലെ അന്തിക്കാടിനടുത്തുള്ള പുത്തൻപീടിക ഭാഗത്തെ വടക്കുംമുറിയിൽ സ്ഥിതി ചെയ്യുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഈഴവ ക്ഷേത്രമായ കുറുവത്ത് ഭഗവതി ക്ഷേത്രമാണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം. 1900ൽ,ഷൊർണൂർ- കൊച്ചി റെയിൽ പാതയുടെ പണി നടക്കുന്ന കാലം. അതിന്റെ മേൽനോട്ടം വഹിച്ചിരുന്ന ബ്രിട്ടീഷ് എഞ്ചിനിയർമാർക്ക് കള്ള് ചെത്തികൊടുക്കാൻ പുത്തൻപീടികയിലെ കുറുവത്ത് തറവാട്ടിൽനിന്നും കിട്ടു എന്നയാളെ ഏർപ്പാടാക്കുകയുണ്ടായി. അക്കാലത്ത്, എടക്കുന്നി വാരിയത്തുക്കാരുടെ ഭൂമിയായിരുന്നു ഇന്നത്തെ പൂത്തോൾ പ്രദേശം. ഈ ഭാഗത്തെ പറമ്പുകളിലെ കള്ള് ചെത്താനാണ് കിട്ടുവിനെ ഏൽപ്പിച്ചത്. പിന്നീട്, ഇവിടെ വീടുവെച്ചു താമസിക്കാനും അനുമതി ലഭിച്ചു. തുടർന്ന്, ഭാര്യ പൊന്നിയേയും മക്കളെയുംകൂടി കൊണ്ടുവരികയും ദൈവാരാധനയ്ക്കായി തന്റെ തറവാട്ടു ഭഗവതിയെ ഇവിടെയും കുടിവെച്ചു പൂജിക്കാനും ആരംഭിച്ചു.

ആദ്യകാലത്ത്, വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും സൗകര്യമനുസരിച്ചു പൂജകൾ ചെയ്തിരുന്ന ഈ ക്ഷേത്രത്തിന് ഇപ്പോൾ പുറമെ നിന്നും മൂന്ന് ശാന്തിക്കാരുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഉദയനാപുരം വിനോദ് ശാന്തിയാണ് ക്ഷേത്രം തന്ത്രി. ഇവിടെത്തെ സർപ്പക്കാവിൽ നാഗരാജാവിനേയും നാഗയക്ഷിയേയും കരിനാഗത്തിനെയും പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. വിഷ്ണുമായ, ബ്രഹ്മരക്ഷസ്, രാമൻ മുത്തപ്പൻ, പാണൻ മുത്തപ്പൻ, മൂത്തകൈമൾ, കരിങ്കുട്ടി എന്നീ ഉപദേവതകളും ഇവിടെയുണ്ട്. മേടത്തിലെ മകയിരം നക്ഷത്രത്തിലെ പ്രതിഷ്ഠാദിനവും കുംഭത്തിലെ തോറ്റം പാട്ടുമാണ് പ്രധാന ആഘോഷങ്ങൾ.