മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ് - ഒക്ലഹോമ റീജിയനിലെ പാരീഷുകള്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (IPSF 2024) ഉദ്ഘാടനവും മുഖ്യ ആകര്‍ഷണമായ ഓപ്പണിങ് സെറിമണിയും ഓഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

ഹൂസ്റ്റണ്‍ ഫോര്‍ട്ട്‌ബെന്റ് എപ്പിസെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ ഇടവകകളുടെ വര്‍ണ്ണശബളമായ മാര്‍ച്ചു പാസ്‌ററ് അരങ്ങേറും. ഫെസ്റ്റിന്റെ രക്ഷാധികാരികളായ ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ മാര്‍ച്ചു പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കും.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, മിസ്സൂറി സിറ്റി മേയര്‍ ?റോബിന്‍ ഏലക്കാട്ട് സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളാവും.

മാര്‍ച്ച് പാസ്റ്റിനെ തുടര്‍ന്ന് വേദിയില്‍ വി. കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉദ്ഘാടന പരിപാടികളും വര്‍ണ്ണ ശബളമായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. മാര്‍ച്ച പാസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന ദാനവും തദവസരത്തില്‍ വിതരണം ചെയ്യും.

ജിബി പാറക്കല്‍(ഫൗണ്ടര്‍ & CEO) നേതൃത്വം നല്‍കുന്ന പിഎസ്ജി ഗ്രൂപ്പ് ആണ് IPSF 2024 ന്റെ മുഖ്യ സ്‌പോണ്‍സര്‍. കെംപ്ലാസ്‌ററ് Inc. ഗ്രാന്റ് സ്‌പോണ്‍സറും, അനീഷ് സൈമണ്‍ നേതൃത്വം നല്‍കുന്ന ഫോര്‍സൈറ്റ് ഡെവലപ്പേഴ്‌സ് LLC പരിപാടികളുടെ പ്ലാറ്റിനം സ്‌പോണ്‍സറും ആണ്.

ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്നത് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് മലബാര്‍ സീറോ മലബാര്‍ ഫൊറോനായാണ്. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് പാറയില്‍, ചീഫ് കോര്‍ഡിനേറ്റേഴ്സ് സിജോ ജോസ്, ടോം കുന്തറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ അയ്യായിരത്തില്‍ പരം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ മെഗാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.