മനാമ:ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ഇന്ത്യൻ സ്‌കൂളിൽ ദേശസ്നേഹത്തിന്റെ നിറവിൽ വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി.രാജപാണ്ഡ്യൻ,വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ.ബിനു മണ്ണിൽ വറുഗീസ് പതാക ഉയർത്തി.

സ്‌കൂൾ ബാൻഡ് ദേശഭക്തിഗാനം ആലപിച്ചു. നേരത്തെ സ്‌കൂൾ ബാൻഡും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ് അംഗങ്ങളും വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. മുൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉൾപ്പെടെയുള്ള സാമൂഹിക നേതാക്കളും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സ്വാഗതം പറഞ്ഞു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ കുട്ടികളിൽ പരസ്പര ബഹുമാനവും ആഴത്തിലുള്ള ആദരവും വളർത്തിയെടുക്കുന്നതിൽ നാം നിർണായക പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു.

ഈ സുപ്രധാന വേളയിൽ നമ്മുടെ മഹത്തായ രാഷ്ട്രത്തെ നിർവചിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും നാനാത്വത്തിലെ ഏകത്വമാണ് നമ്മെ അതുല്യരും ശക്തരുമാക്കുന്നതെന്നും അഡ്വ. ബിനു മണ്ണിൽ പറഞ്ഞു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികളുടെ ആവേശകരമായ ദേശഭക്തി നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. വിദ്യാർത്ഥി ജോയൽ ഷൈജു പ്രചോദനാത്മകമായ പ്രസംഗം നടത്തി. പ്രധാന അദ്ധ്യാപകൻ ജോസ് തോമസും സദസ്സുമായി ഉൾക്കാഴ്ചയുള്ള ചിന്തകൾ പങ്കുവെച്ചു.

സ്‌കൂൾ ബാൻഡിലെയും സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിലെയും പ്രതിഭാധനരായ അംഗങ്ങൾക്ക് അവാർഡുകൾ സമ്മാനിച്ചു. അവിസ്മരണീയമായ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി അറിയിച്ചു. സീനിയർ വിഭാഗം വിദ്യാർത്ഥികളായ ഷാൻ ഡയമണ്ട് ലൂയിസ്, അബിഗയിൽ എല്ലിസ് ഷിബു, ഭദ്ര ശ്രീകുമാർ, ജോയൽ ഷൈജു എന്നിവർ ചടങ്ങുകൾക്ക് അവതാരകരായിരുന്നു.