മാതൃഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങങ്ങളെ മുൻനിർത്തി, മലയാളി പ്രവാസി സംഘടനകൾക്കായി കേരള സർക്കാർ-മലയാളം മിഷൻ, ആഗോളതലത്തിൽ ഏർപ്പെടുത്തിയ 'സുഗതാഞ്ജലി പുരസ്‌കാരം ബഹ്‌റൈൻ കേരളീയ സമാജത്തിന് സമ്മാനിച്ചു .

തിരുവനന്തുപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പുരസ്‌കാരം ഏറ്റു വാങ്ങി.പ്രശസ്ത കവിയും ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ ശ്രീ. മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.1947 ൽ രൂപം കൊണ്ട പ്രവാസ ഭൂമിയിലെ ആദ്യത്തെ മലയാളി സാംസ്‌കാരിക കൂട്ടായ്മയാണ് ബഹ്‌റൈൻ കേരളീയ സമാജം,

മാതൃഭാഷാ പഠനത്തിനായി കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി ഇവിടെ മലയാളം പാഠശാല പ്രവർത്തിക്കുന്നു. ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ മാതൃഭാഷ പഠന കേന്ദ്രമാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നുകേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ ആരംഭിച്ചത് മുതൽ മിഷന്റെ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ,2011 ൽ ഇന്ത്യക്ക് പുറത്തെ ആദ്യ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചതും ബഹ്‌റൈൻ കേരളീയ സമാജമാണ്.
ലോകത്തിൽത്തന്നെ ഒരേസമയം ഏറ്റവുമധികം പഠിതാക്കൾ മാതൃഭാഷ പഠനത്തിനായി എത്തുന്ന പഠനകേന്ദ്രവും,കണിക്കൊന്ന സൂര്യകാന്തി ആമ്പൽ നീലക്കുറിഞ്ഞി എന്നീ മലയാളം മിഷന്റെ നാല് കോഴ്‌സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഇന്ത്യക്ക് പുറത്തെ ഏക പഠന കേന്ദ്രവും ബഹ്‌റൈൻ കേരളീയ സമാജമാണ്.

മലയാളം മിഷൻ ആഗോളതലത്തിൽ ആദ്യമായി നടപ്പാക്കുന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരത ദൗത്യമായ 'വിശ്വമലയാളം' പദ്ധതിയുടെ ഏകോപനം നിർവ്വഹിക്കുന്നതും മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നോഡൽ സെന്ററായി പ്രവർത്തിക്കുന്ന സമാജം കേന്ദ്രികരിച്ചാണ്.
കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സിന്റെ വിദേശ രാജ്യത്തെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചതും ബഹ്‌റൈൻ കേരളീയ സമാജത്തിലാണ്.

സംസ്ഥാന സർക്കാരിൽ നിന്നുംലഭിച്ച ഈ പുരസ്‌കാര ലബ്ധിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും,സമാജത്തിലെ എല്ലാ ഭാഷാ പ്രവർത്തകർക്കും അംഗങ്ങൾക്കുമായി പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു.
കൂടുതൽ വിപുലമായ രീതിയിൽ ഭാഷാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ പുരസ്‌കാരം ഊർജ്ജം നൽകുമെന്നും പുരസ്‌കാരത്തിനായി സമാജത്തെ തെരഞ്ഞെടുത്ത കേരള സർക്കാരിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു.