മനാമ: കെഎംസിസി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹ നോമ്പ് തുറയാണിത്.

കഴിഞ്ഞ റമദാനിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് ഇഫ്താറുകളിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു. ബഹ്റൈൻന്റെ ചരിത്രത്തിലെ പ്രവാസി സംഘടനകളുടെ സമൂഹ നോമ്പ് തുറകളിലെ സർവകാല റെക്കോർഡ് ആയിരുന്നു ഇത്.

മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യതിഥി ആയി പങ്കെടുക്കും.സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്റൈനിലെ മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഇഫ്താറിൽ പങ്കെടുക്കും.

ഗ്രാൻഡ് ഇഫ്താർ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയായതായി കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്നും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കെഎംസിസി ജില്ലാ/ഏരിയ/മണ്ഡലം/പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സമർപ്പണ സന്നദ്ധരായ നാനൂറോളം വരുന്ന വളണ്ടിയർ വിങ് പരിപാടി വിജയിപ്പിക്കാൻ സദാ കർമ്മ നിരതർ ആണ്.

ഗ്രാൻഡ് ഇഫ്താറിന് വരുന്നവർ വൈകുന്നേരം 5 മണിക്ക് മുമ്പായി സ്‌കൂൾ ഗ്രൗണ്ടിലേക് പ്രവേശിച്ചു ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണ്. നോമ്പ് തുറക്ക് തൊട്ട് മുമ്പുള്ള വൈകുന്നേരത്തെ റോഡ് ട്രാഫിക് ജാം കണക്കിലെടുത്തു ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കണം എന്ന് സംഘടകർ ഉണർത്തുന്നു.