മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പതിനൊന്നായിരത്തോളം മദ്‌റസകളിൽ പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ മദ്‌റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. 'നേരറിവ് നല്ല നാളേക്ക് ' എന്ന ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത്.

ബഹ്‌റൈൻ റൈഞ്ചിലെ പത്തോളം മദ്‌റസകളിലും വർണ്ണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർത്ഥികളെ വരവേറ്റത്.

ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് വാഹിദ് അൽ ഖറാത്ത സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ വെച്ച് ബഹ്‌റൈൻ തല പ്രവേശനോത്സവ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു, ഹാഫിദ് ശറഫുദ്ദീൻ മൗലവി സ്വാഗതവും, സയ്യിദ് അബ്റാർ തങ്ങൾ ഖിറാഅത്തും നിർവ്വഹിച്ചു. ജാമിഅ ഫാറൂഖിലെ ഖത്തീബ് ആദിൽ മർസൂഖി വിദ്യാർത്ഥികൾക്ക് ഫാത്തിഹ ഓതി കൊടുത്തു. ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി ലക്ചറർ ശൈഖ് മുസ്അബ് സ്വലാഹ്, ക്യാപിറ്റൽ ചാരിറ്റി ഫിനാഷ്യൽ കൺട്രോളർ ജാസിം സബ്ത്ത്, റാഷിദ് ദോസരി, തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്‌റൈൻ കേന്ദ്ര, ഏരിയ നേതാക്കളും, പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.


ബഹ്‌റൈനിലെ എല്ലാ മദ്‌റസകളിൽ അഡ്‌മിഷൻ തുടരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.