മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇന്റർസ്‌കൂൾ സയൻസ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ചു. സേക്രഡ് ഹാർട്ട് സ്‌കൂളിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ അലൻ ബേസിൽ ബിനോ 'സയൻസ് മെയ്സ്റ്റർ' പട്ടം കരസ്ഥമാക്കി. 13 സ്‌കൂളുകളിൽ നിന്നായി പങ്കെടുത്ത 140 പേരെ പിന്തള്ളിയാണ് അലൻ ഈ കിരീടം നേടിയത്. മെയ് 4നു നടന്ന ഇന്റർസ്‌കൂൾ മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മറ്റൊരു വിദ്യാർത്ഥിയായ റയാൻ ജോസ് റിഷി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഫൈനൽ റൗണ്ടിലെത്തി സ്‌കൂൾ ടോപ്പർ ബഹുമതി നേടി. മികവ് പുലർത്തിയ അലനും റയാനും ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

ഇന്ത്യൻ സ്‌കൂൾ സയൻസ് വിഭാഗം മേധാവികളായ മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കാരണവർ (കെമിസ്ട്രി), സുദീപ ഘോഷ് (ബയോളജി) എന്നിവർ ജേതാക്കളെയും മാർഗദർശനം നൽകിയ എല്ലാ അദ്ധ്യാപകരെയും വിശിഷ്യാ ബയോളജി ടീച്ചർ ഫ്‌ളെഡി വിശ്വത്തെയും കെമിസ്ട്രി ടീച്ചർ മിനി ബാലകൃഷ്ണനെയും അനുമോദനം അറിയിച്ചു. സ്‌കൂളിന്റെ പങ്കാളിത്തതിന്റെ ഏകോപനം ഹെഡ് ടീച്ചർ ആക്ടിവിറ്റീസ് ശ്രീകല നായർ നിർവഹിച്ചു.

വിജയികൾക്ക് സേക്രഡ് ഹാർട്ട് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ തോമസ് ട്രോഫി സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ വിജയം ഇന്ത്യൻ സ്‌കൂളിന്റെ സയൻസ് വിദ്യാഭ്യാസത്തിന്റെ മികവ് പ്രതിഫലിപ്പിക്കുക മാത്രമല്ല, അക്കാദമിക് വെല്ലുവിളികളെ നേരിടുന്നതിൽ വിദ്യാർത്ഥികളുടെ അർപ്പണബോധത്തിനും അടിവരയിടുന്നു.