മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ലാസുകളിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ അവാർഡ് ദാന ചടങ്ങിൽ നുമോദിച്ചു. 2023-2024 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച 390ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണശബളമായ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ ബി.കെ.ജി ഹോൾഡിങ് ആൻഡ് ഖത്തർ എഞ്ചിനീയറിങ് ലബോറട്ടറീസ് ചെയർമാൻ കെ.ജി.ബാബുരാജൻ ദീപം തെളിയിച്ചു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് & ഐടി), മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

മുഖ്യാതിഥിയും സ്‌കൂൾ അധികൃതരും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. വിദ്യാർത്ഥികളുടെ അർപ്പണബോധവും കഠിനാധ്വാനവും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാവട്ടെയെന്നു അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആശംസിച്ചു. സ്‌കൂൾ ഗതാഗതത്തിനായി പുതിയ ബസുകൾ ഏറ്റെടുക്കുന്നതും ഓൺലൈനായി ഫീസ് അടയ്ക്കുന്ന സംവിധാനം വിജയകരമായി നടപ്പാക്കിയതും ഉൾപ്പെടെ സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

അഡ്വ. ബിനു മണ്ണിൽ വറുഗീസ് രക്ഷിതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. നേരത്തെ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ആൽവിൻ കെ, ബ്ലെസ്വിൻ ബ്രാവിൻ, ഇവാനി റോസ് ബെൻസൻ എന്നിവർ അവതാരകരായിരുന്നു.വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. നേരത്തെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആൻ സൂക്തങ്ങളും സ്‌കൂൾ പ്രാർത്ഥനയും നടന്നു.