മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദിത്യൻ വ്യറ്റ് നായർ 98% ശതമാനം ( 490 / 500 ) മാർക്ക് നേടി സ്‌കൂളിൽ ഒന്നാമതെത്തി. 486 മാർക്ക് ( 97.2%) വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ രണ്ടാം സ്ഥാനം നേടി. 485 ( 97% )മാർക്ക് നേടിയ അക്ഷത ശരവണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൊത്തത്തിൽ, സ്‌കൂൾ ശ്രദ്ധേയമായ 99.9% വിജയശതമാനം കൈവരിച്ചു. 19 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി. 76 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, 79.72% വിദ്യാർത്ഥികൾ മൊത്തത്തിൽ 60% ഉം അതിൽ കൂടുതലും നേടിയപ്പോൾ 52.81% പേർ 75% ഉം അതിൽ കൂടുതലും നേടി. 14.29% വിദ്യാർത്ഥികൾ 90%-ഉം അതിനുമുകളിലും കൈവരിച്ചു. വിവിധ വെല്ലുവിളികൾക്കിടയിലും പരീക്ഷയെഴുതിയ 784 വിദ്യാർത്ഥികൾ അർപ്പണബോധവും മികവും പ്രതിഫലിപ്പിച്ച് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അക്കാദമിക്‌സ് ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ഇസി അംഗവുമായ രഞ്ജിനി മോഹൻ, മറ്റു ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും പിന്തുണയേകിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്ഥാപനത്തിന്റെയും അർപ്പണബോധം പ്രകടമാക്കുന്ന മികച്ച പരീക്ഷാഫലങ്ങളോടെ ഇന്ത്യൻ സ്‌കൂൾ അഭിമാനകരമായ മറ്റൊരു നേട്ടം ആഘോഷിക്കുന്നതായി ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. അക്കാദമിക മികവ് കൈവരിക്കുന്നതിൽ മാർഗനിർദേശത്തിന്റെയും പ്രോത്സാഹനത്തിന്റെയും നിർണായക പങ്ക് ഈ വിജയം അടിവരയിടുന്നതായി സെക്രട്ടറി വി.രാജപാണ്ഡ്യൻ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്ഥാപനത്തിന്റെ സമഗ്രവികസനത്തോടുള്ള പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നുവെന്ന് രഞ്ജിനി മോഹൻ പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടത്തിന് സംഭാവന നൽകിയ വിദ്യാർത്ഥികൾക്കും പിന്തുണയേകിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നന്ദി അറിയിച്ചു.
വിശദാംശങ്ങൾ ചുവടെ :
• സ്‌കൂൾ ടോപ്പർക്ക് 500-ൽ 490 (98%) ലഭിച്ചു
• 19 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും A1 ഗ്രേഡുകൾ
• 76 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ്
• 79.72% വിദ്യാർത്ഥികൾക്ക് (625) 60% ഉം അതിൽ കൂടുതലും
• 52.81% വിദ്യാർത്ഥികൾക്ക് (414) 75% ഉം അതിൽ കൂടുതലും
• 14.29% വിദ്യാർത്ഥികൾക്ക് (112) 90% ഉം അതിൽ കൂടുതലും
• ഗണിതത്തിൽ 4 വിദ്യാർത്ഥികൾക്ക് 100
• ഒരു വിദ്യാർത്ഥിക്ക് സംസ്‌കൃതത്തിൽ 100
• 2 വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് ഭാഷയിൽ 100
• 3 വിദ്യാർത്ഥികൾക്ക് മലയാളത്തിൽ 100
• ഒരു വിദ്യാർത്ഥിക്ക് ഇംഗ്ലീഷിൽ 100
• 5 വിദ്യാർത്ഥികൾക്ക് സയൻസിൽ 99
• സോഷ്യൽ സയൻസിൽ 2 വിദ്യാർത്ഥികൾക്ക് 99
• ഒരു വിദ്യാർത്ഥിക്ക് അറബിയിൽ 99
• 2 വിദ്യാർത്ഥികൾക്ക് തമിഴിൽ 98
• ഒരു വിദ്യാർത്ഥിക്ക് ഹിന്ദിയിൽ 97
• ഒരു വിദ്യാർത്ഥിക്ക് ഉറുദുവിൽ 95