മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി - വനിതാ വിഭാഗം അംഗങ്ങളും, സജീവ പ്രവർത്തകരും പങ്കെടുത്തു.

ഭിന്ന ശേഷി മേഖലയിൽ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള ഈതവണത്തെ കേരള സർക്കാരിന്റെ പുരസ്‌കാരം നിയാർക്കിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ 'അമ്മത്തൊട്ടിൽ' പദ്ധതിയിലൂടെ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും നിയാർക്കിന് ഉണ്ട്.

ഇക്കഴിഞ്ഞ റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ സ്വരൂപിച്ച തുക അർഹതപ്പെട്ട ഭിന്ന ശേഷി കുട്ടികളുടെ ചെലവിലേക്കായി നൽകിയതും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മാതൃ സ്ഥപനമായ നെസ്റ്റ് നും സഹായം എത്തിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ കൂടുതൽ ഭിന്ന ശേഷി കുട്ടികളെ സഹായിക്കാനുള്ള തുക മാസവരിയായി കണ്ടെത്താനുള്ള ഭാവി പ്രവർത്തന രൂപരേഖയും പ്രവർത്തക സംഗമത്തിൽ തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.