മനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിങ് 2024-25 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ്‌സ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നിറപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. ഹെഡ് ബോയ് ജെഫ് ജോർജ്, ഹെഡ് ഗേൾ നൂറ റഹ്മത്തലി, അസി. ഹെഡ് ബോയ്, ലക്ഷിത് ശ്രീനിവാസ്, അസി. ഹെഡ് ഗേൾ ജോവാൻ സിജോ, ഇക്കോ അംബാസഡർ സാൻവിക രാജേഷ് എന്നിവർ ഉൾപ്പെടെ 27 അംഗ പ്രിഫെക്ട്‌സ് കൗൺസിലാണ് സ്ഥാനമേറ്റത്.

അക്കാദമിക ചുമതല വഹിക്കുന്ന സ്‌കൂൾ അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം (ട്രാൻസ്‌പോർട്ട് ) മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാന അദ്ധ്യാപകർ, കോ-ഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു. രഞ്ജിനി മോഹനും മുഹമ്മദ് നയാസ് ഉല്ലയും ചേർന്ന് പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങളെ ബാഡ്ജ് അണിയിച്ചു. തുടർന്ന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെയും കാര്യക്ഷമതയോടെയും നിർവഹിക്കുമെന്ന് കൗൺസിൽ അംഗങ്ങൾ ഔപചാരികമായി പ്രതിജ്ഞയെടുത്തു. നേരത്തെ പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു.

ദേശീയ ഗാനത്തിനു ശേഷം വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണവും ഗ്രേഡ് 3 വിദ്യാർത്ഥികളുടെ സ്‌കൂൾ ഗാന ആലാപനവും നടന്നതോടെ പരിപാടി ആരംഭിച്ചു. പുതുതായി നിയമിതയായ ഇക്കോ അംബാസഡർ, മാലിന്യ സംസ്‌കരണ പരിപാടികൾ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സഹപാഠികളെ ബോധവൽക്കരിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അവതാരകരായിരുന്നു. ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നിവർ നന്ദി രേഖപ്പെടുത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സ്റ്റുഡന്റ്‌സ് കൗൺസിൽ അംഗങ്ങളെ അനുമോദിച്ചു.