മനാമ: ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന പ്രഥമ ആർട്ട് കാർണിവൽ ആലേഖിന് വർണ്ണശബളമായ തുടക്കം. ബഹ്റൈനിലെ കലാകാരന്മാർ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ-സ്‌കൂൾ ആർട്ട് കാർണിവൽ ആലേഖ്'24 നു ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിൽ തിരിതെളിഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആലേഖിന്റെയും കലാപ്രദർശനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല, ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്‌മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയാ ലാജി, ആർട്ട് എഡ്യുക്കേഷൻ വകുപ്പ് മേധാവി ലേഖാ ശശി, ജനറൽ കൺവീനർ വിപിൻ പി.എം എന്നിവർ സന്നിഹിതരായിരുന്നു.

ബഹ്റൈനിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെയും യുവത്വത്തിന്റെ അതിരുകളില്ലാത്ത സർഗ്ഗാത്മകതയുടെയും ആഘോഷമായി ആലേഖ് മാറിക്കഴിഞ്ഞു.ആർപി ബ്ലോക്കിലെ ആർട്ട് ഗാലറി എക്സിബിഷൻ കലാപരമായ ആവിഷ്‌കാരങ്ങളുടെ അതിശയകരമായ അനുഭവം സമ്മാനിക്കുന്നു. മൂവായിരത്തിലധികം യുവകലാകാരന്മാർ ചിത്രകലയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും. ഇന്ന് രാത്രി എട്ടു മണിക്ക് ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് സമ്മാന വിതരണവും സാംസ്‌കാരിക പരിപാടികളും നടക്കും. '

ഹാർമണി ഗ്രൂപ്പ് ചിത്രരചനയിൽ 12-18 വയസ് പ്രായമുള്ള വിദ്യാർത്ഥികൾ കൂട്ടായി പങ്കെടുക്കും. ആർട്ട് വാൾ മത്സരം 18 വയസ്സിന് മുകളിലുള്ള പ്രതിഭകളുടെ ആവിഷ്‌കാരമായിരിക്കും. ഈ ആവേശകരമായ ആഘോഷത്തിൽ പങ്കുചേരാനും ബഹ്റൈനിലെ വളർന്നുവരുന്ന കലാകാരന്മാർക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും എല്ലാ കലാസ്നേഹികൾക്കും രക്ഷിതാക്കൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഊഷ്മളമായ ക്ഷണമേകുന്നതായി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.