മനാമ: പ്രൈമറി വിദ്യാർത്ഥികൾക്കിടയിൽ ജിജ്ഞാസ, ശാസ്ത്രീയ മനോഭാവം, പഠനത്തോടുള്ള ഇഷ്ടം എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടു ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗത്തിൽ സയൻസ് എക്‌സ്‌പ്ലോർ റൂമുകൾ തുറന്നു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് സയൻസ് എക്സ്പ്ലോർ സോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബോണി ജോസഫ് , മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, അദ്ധ്യാപകർ, രക്ഷിതാക്കൾ, പ്രിഫെക്ടോറിയൽ കൗൺസിൽ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ് ഗേൾ നൂറ റഹ്മത്തലി സ്വാഗതം പറഞ്ഞു.

തുടർന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് റിബൺ കട്ടിങ് നിർവഹിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു. ജലചക്രം, ഋതുക്കൾ, ജീവിതചക്രങ്ങൾ, ഭക്ഷ്യ ശൃംഖല, പ്രകാശസംശ്ലേഷണം, വിത്ത് മുളയ്ക്കൽ, സൗരയൂഥം, മനുഷ്യശരീരവും അവയവ സംവിധാനങ്ങളും, പ്രകാശവും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുന്ന വിവിധ പ്രദർശനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പര്യവേക്ഷണ മുറികളിലേക്ക് വിദ്യാർത്ഥികൾ സന്ദർശകരെ നയിച്ചു. ലളിതവും എന്നാൽ ആകർഷകവുമായ പരീക്ഷണങ്ങൾ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഇക്കോ അംബാസഡർ സാൻവിക രാജേഷ് വിത്ത് മുളയ്ക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള തന്റെ പരീക്ഷണത്തെക്കുറിച്ച് വിവരിച്ചു.

ഹെഡ് ബോയ് ജെഫ് ജോർജ്ജ് 'പ്രകാശം ഒരു നേർരേഖയിലൂടെ സഞ്ചരിക്കുന്നു' എന്ന് തെളിയിക്കുന്ന പരീക്ഷണം പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ, പ്രോജക്ടുകൾ എന്നിവയിലൂടെ ശാസ്ത്രീയ ആശയങ്ങൾ അന്വേഷിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് സയൻസ് എക്‌സ്‌പ്ലോർ റൂമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർഷം മുഴുവനും ആസൂത്രിതമായ പ്രവർത്തനങ്ങളുമായി കൊച്ചു ഗവേഷകർക്ക് ഇത് പുതിയ പഠന അനുഭവങ്ങൾ സമ്മാനിക്കും. സെക്രട്ടറി വി.രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.