ലണ്ടൻ: കാനഡയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന ലണ്ടൻ ഒന്റാരിയോ മലയാളികളുടെ കൂട്ടായ്മയായ ലോമയ്ക്ക് പുതിയ നേതൃനിര നിലവിൽ വന്നു. ഡോളറ്റ് സക്കറിയ (പ്രസിഡന്റ്), ഗിരീഷ് കുമാർ ജഗദീശൻ (വൈസ് പ്രസിഡന്റ്), നിധിൻ ജോസഫ് (സെക്രട്ടറി), ടിൻസി എലിസബത്ത് സക്കറിയ (ജോ.സെക്രട്ടറി), സൈമൺ സബീഷ് കാരിക്കശ്ശേരി(ട്രഷറർ), ഷോജി സിനോയ് (ജോ. ട്രഷറർ), അമിത് ശേഖർ, ലിജി സന്തോഷ് മേക്കര, മിഥു തെരേസ മാത്യു (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) എന്നിവരാണ് 2024 - 26 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. അസ്സോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയ സമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്ജസ്വലരായ പുത്തൻ തലമുറയുടെ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര തുടർന്നങ്ങോട്ട് ലോമയിലെ തങ്ങളുടെ പ്രവർത്തന കാലയളവിൽ ലണ്ടൻ മലയാളികൾക്ക് ആവേശമാകട്ടേയെന്ന് അറിയിച്ചുകൊണ്ട് ജനറൽ ബോഡി ഏകകണ്ഠമായാണ് പുതിയ ഭരണസമിതിയെ അംഗീകരിച്ചത്.

മാർച്ച് 23 ശനിയാഴ്ച 6 മണിക്ക് മെഡ്വേ കമ്മ്യൂണിറ്റി സെന്ററിൽ കൂടിയ പൊതുയോഗത്തിൽ ലോമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജോളി സേവ്യർ, മനോജ് പണിക്കർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലിനോ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ലോമ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇതുവരെയുള്ള ലോമയുടെ പ്രവർത്തനം വിലയിരുത്തിയ ജനറൽ ബോഡി ലണ്ടൻ മലയാളികൾ തുടർച്ചയായി നല്കിപ്പോരുന്ന പിന്തുണ എന്നെന്നും കാത്തുസൂക്ഷിക്കാൻ മാറി മാറി വരുന്ന ലോമയുടെ ഓരോ ഭരണസമിതിയും പ്രതിജ്ഞാബദ്ധമാണ് എന്നോർമ്മിപ്പിച്ചു. നിലവിൽ ലണ്ടനിലും സമീപപ്രദേശങ്ങളിൽ നിന്നുമായി ആയിരത്തോളം അംഗങ്ങൾ ഉൾപ്പെടുന്ന ലണ്ടൻ ഒന്റാരിയോ മലയാളി അസ്സോസിയേഷന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പുതിയ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.