കാനഡയിൽ ലണ്ടൻ ഒന്റാരിയോയിലും സമീപപ്രദേശങ്ങളിലുമുള്ള വ്യാപാരി വ്യവസായി സംരംഭകരെ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി ലണ്ടൻ ഒന്റാരിയോ മലയാളി അസ്സോസിയേഷൻ (ലോമ) ഒരു ബിസിനസ്സ് ഫോറത്തിന് 2024 മെയ് 3 ന് തുടക്കം കുറിച്ചു. ലോമയുടെ രജിസ്റ്റേർഡ് മെംബേഴ്‌സിനും മലയാളി വ്യാപാരി വ്യവസായികൾക്കും ഒരുപോലെ ഉപകരിക്കുന്ന ഈ ബിസിനസ്സ് ഫോറം നിറഞ്ഞ കയ്യടികളോട് കൂടിയാണ് സ്വാഗതം ചെയ്യപ്പെട്ടത്.

പ്രസിഡന്റ് ഡോളറ്റ് സക്കറിയയുടെയും മറ്റ് ഭാരവാഹികളുടേയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിസിനസ്സ് ഫോറത്തിന്റെ അവതരണം ലോമ ജോയിന്റ് സെക്രട്ടറി ടിൻസി സക്കറിയയും, ഭാവി പരിപാടികളും, ആനുകൂല്യങ്ങളും ലോമ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ ജഗദീശനും വിശദീകരിച്ചു. തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്ത സെക്രട്ടറി നിധിൻ ജോസഫ്, ട്രഷറർ സൈമൺ സബീഷ് കാരിക്കശ്ശേരി തുടങ്ങിയവർ ലോമയുടെ വളർച്ചയ്ക്ക് ബിസിനസ്സ് ഫോറത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഈ ഫോറത്തിന്റെ സുഗമമായ തുടർനടത്തിപ്പിനായി ഗിരീഷ് കുമാറിനൊപ്പം ഗീവർ തമ്പി, കാർത്തിക് തിരുമല, അഭിജിത് വിജയകുമാർ എന്നിവരെ ബിസിനസ്സ് ഗ്രൂപ്പ് കോർഡിനേറ്റഴ്സായി തിരഞ്ഞെടുത്തു.