ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരുന്നു. വഴക്ക് സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ടൊവിനോ സമ്മതിക്കുന്നില്ലെന്നായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ ആരോപണം. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം.

സനല്‍ കുമാര്‍ ശശിധരനോടുള്ള ബഹുമാനം കൊണ്ടായിരുന്നു വഴക്കിന്റെ പ്രൊഡക്ഷന്‍ ഏറ്റെടുത്തതെന്നും, 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അതെന്നും ടൊവിനോ പറയുന്നു. ഇത് ടൊവിനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് സനല്‍ കുമാര്‍ ശശിധരനോട് പറഞ്ഞതെന്നും ടൊവിനോ പറയുന്നു.

'2020ലാണ് 'വഴക്ക്' ചെയ്യാന്‍ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയന്‍സ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവന്‍ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിന്റെ പ്രൊഡകഷന്റെ പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്.

ഷൂട്ട് കഴിഞ്ഞ് വളരെ നാളുകള്‍ക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം അവര്‍ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇന്റര്‍നാഷമല്‍ കോക്കസ് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകള്‍ക്ക് കിട്ടി. എന്നാല്‍ പിന്നീട് ഐഎഫ്എഫ്ക്ക് അവസരം കിട്ടിയപ്പോഴും അവരും തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്‌ക്രീനിങ്ങിന് അവസരം കിട്ടി. അതിനുശേഷമാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റര്‍ റിലീസിന് എതിര്‍ക്കില്ല എന്ന് പറഞ്ഞു.

എന്നാല്‍ മറ്റൊരാളെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകള്‍ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയില്‍ കണ്ട ആളുകളൊന്നും തിയറ്ററില്‍ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് ഞാന്‍ പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും എനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം. എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ട്.

തിയറ്ററില്‍ റിലീസ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പരാജയ ചിത്രം എന്ന നിലയില്‍ ആ സിനിമ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാല്‍ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യല്‍ പ്രൊഫൈലും തടസമായി വന്നു. 'ഇത്തരം സിനിമകള്‍ ചെയ്താല്‍ തകര്‍ന്നുപോകുന്ന കരിയര്‍ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ 'അദൃശ്യജാലകങ്ങള്‍'എന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍ ആകുമായിരുന്നോ ഞാന്‍.

ആ സിനിമയുടെ ഒടിടി റിലീസിന് പോളിസികള്‍ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിന്റെ സോഷ്യല്‍ പ്രൊഫൈല്‍ നല്ലതായിരുന്നതുകൊണ്ടും യാതൊരു പ്രശ്നമുണ്ടായിട്ടില്ല. ഇപ്പോഴും 'വഴക്ക്' ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ല. ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തില്‍ ഇത് അവസാനത്തെ പ്രതികരണമാണ്." ടൊവിനോ തോമസ് പറഞ്ഞു.

vazhakkumovie 'വഴക്ക്' സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാന്‍ തയ്യാറായി എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങള്‍ പറഞ്ഞു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതില്‍ സങ്കടമുണ്ട്. ചില കാര്യങ്ങള്‍ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.
  1. എനിക്ക് 'വഴക്ക്' സിനിമയില്‍ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല. ടോവിനോ തോമസും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളത്. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചത്. ഗിരീഷ് നായരുടെ സുഹൃത്തായ ഷമീര്‍ ആയിരുന്നു പാരറ്റ് മൗണ്ട് പിക്ച്ചേഴ്സിന് വേണ്ടി പണം നിക്ഷേപിച്ചത്. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ സമയത്ത് ഞാന്‍ ഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഷമീര്‍ 20 ലക്ഷമേ തന്നുള്ളൂ എന്നും തന്റെ കയ്യില്‍ ഇപ്പോള്‍ പണമില്ല എന്നും ഗിരീഷ് നായര്‍ പറഞ്ഞു. ഏഴു ലക്ഷം രൂപയോളം ആവശ്യമുള്ളതിനാല്‍ ഞാന്‍ ടോവിനോ പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന അദ്ദേഹത്തിന്റെ അച്ഛനെ സമീപിച്ചു. പറഞ്ഞുറപ്പിച്ച പണം നല്‍കിയതിനാല്‍ ഇനി പണം നല്‍കാനാവില്ല എന്നദ്ദേഹം പറഞ്ഞു. കൂടുതല്‍ പണം പാരറ്റ് മൗണ്ട് പിക്ച്ചേഴ്സ് ഇന്‍വെസ്റ്റ് ചെയ്താല്‍ തുല്യമായ തുക തങ്ങളും ഇന്‍വെസ്റ്റ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കാതെ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്ന പണം ഞാന്‍ ഇടുകയായിരുന്നു. എന്റെ കയ്യില്‍ ആ സമയത്ത് കയറ്റത്തിലുള്ള എന്റെ അവകാശം എഴുതി നല്‍കിയതിന് പ്രതിഫലമായി ലഭിച്ച പണമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ പണം നിക്ഷേപിച്ചപ്പോള്‍ ടോവിനോ പ്രൊഡക്ഷന്‍ 2 ലക്ഷം രൂപ അധികമായി നിക്ഷേപിച്ചു. IFFK യില്‍ നിന്നും ലഭിച്ച പണം ഡയറക്ടര്‍ക്ക് പകുതി പ്രൊഡ്യൂസര്‍ക്ക് പകുതി എന്ന നിലയില്‍ വീതിക്കുകയാണുണ്ടായത്. എല്ലാം ഞാനെടുത്തു എന്ന് പറയുന്നത് കളവാണ്.
  2. 2022 ല്‍ #വഴക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ അല്ല തെരെഞ്ഞെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ India gold എന്ന മത്സരവിഭാഗത്തില്‍ ആയിരുന്നു സെലക്ഷന്‍. അത് അക്സപ്റ്റ് ചെയ്യുകയും സെലക്ഷന്‍ സംബന്ധിച്ച മെയില്‍ വന്നശേഷം ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ആക്കുകയാണെന്ന് എന്നെ അവര്‍ അറിയിക്കുകയും ആണുണ്ടായത്. 'വഴക്ക്' തിയേറ്ററില്‍ കാണിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ കാണിക്കാന്‍ ടോവിനോ സന്നദ്ധനായിരുന്നു. അങ്ങനെ കാണിച്ചാല്‍ ലീക്കാകും എന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്. പിന്നീട് 2023 ല്‍ ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
  3. എന്റെ നിസ്സഹകരണം കാരണമാണ് 'വഴക്ക്' OTT പ്ലാറ്റ്ഫോമുകളില്‍ വരാത്തത് എന്ന് ടോവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ പബ്ലിക് പ്രൊഫൈല്‍ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടോവിനോ പറയുന്നതില്‍ നിന്നും തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടോവിനോ പറയുന്നുണ്ട്. 'വഴക്ക്' പൂര്‍ത്തിയായത് 2021 ലാണ്. എന്റെ അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്. കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടോവിനോ. എന്നോടിങ്ങനെ ഒരിക്കല്‍ പോലും നേരിട്ട് ടോവിനോ പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞിരുന്നത് തിയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ OTT കള്‍ സിനിമ എടുക്കുന്നുള്ളു എന്നാണ്. (കേസുള്ളത് കൊണ്ട് OTT കള്‍ സിനിമ എടുക്കാത്തത് എന്റെ കാര്യത്തില്‍ മാത്രമാണ് എന്നതാണ് അത്ഭുതം)
  4. ടോവിനോയുടെ മാനേജരെ സിനിമയുടെ വില്പന നടത്താന്‍ ഏല്പിക്കേണ്ടതില്ല എന്ന് പറഞ്ഞത് 2021 മുതല്‍ ഉള്ള അനുഭവങ്ങള്‍ കൊണ്ടാണ്. അയാള്‍ OTT പ്ലാറ്റ്ഫോമുകളുമായി സംസാരിക്കുന്നുണ്ട് എന്ന് പറയുകയും അനിശ്ചിതമായി അത് നീട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അയാളുടെ മാനേജര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് ടോവിനോ പറയുന്നതും കളവാണ്. സിനിമയുടെ വിതരണാവകാശം തീരുമാനിക്കാനുള്ള റൈറ്റ്സ് അയാള്‍ക്ക് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ നിരസിച്ചു എന്നത് സത്യമാണ്.
  5. 'വഴക്ക്' IFFK യില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിരുന്നു എന്നത് സത്യമാണ്. ജൂറിയില്‍ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്കുവേണ്ടി ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ് സിനിമ IFFK യില്‍ വന്നത്. സിനിമ ഉള്‍പ്പെടുത്തുന്നതിന് വോട്ടെടുപ്പ് പോലും വേണ്ടി വന്നിരുന്നു. പിന്നീട് അതിന്റെ ആദ്യ പ്രദര്‍ശന വേദിയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് കിട്ടാതെ വരികയും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലക്കാര്‍ടുകളുമായി കുറേപേര്‍ സമരം തുടങ്ങുകയും ചെയ്തു. സിനിമയെക്കുറിച്ചുള്ള ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്.
  6. തിയേറ്റര്‍ റിലീസിന്റെ കാര്യത്തില്‍ ടോവിനോ പറയുന്നതും കളവാണ്. അയാളുടെ സാധാരണ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടാക്കുന്ന ആള്‍ക്കൂട്ടം എന്റെ സിനിമയ്ക്ക് കിട്ടുമെന്ന് ഞാന്‍ പറഞ്ഞിട്ടോ പ്രതീക്ഷിച്ചിട്ടോ ഇല്ല. സിനിമ റിലീസ് ചെയ്യാന്‍ പണം നിക്ഷേപിക്കാം തയാറാണ് എന്ന് ഒരാള്‍ മുന്നോട്ട് വന്നപ്പോള്‍ നാല്പതോ അന്‍പതോ തിയേറ്ററുകളില്‍ മിനിമം തുക ചിലവാക്കി സിനിമ റിലീസ് ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്ത വോയിസ് ക്ലിപ്പുകള്‍ കേള്‍പ്പിക്കുന്ന ടോവിനോ അയാള്‍ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് പറഞ്ഞ വോയിസ് ക്ലിപ്പ് കേള്‍പ്പിക്കാന്‍ തയാറാവുമോ?
  7. ടോവിനോയുമായുള്ള കമ്യൂണിക്കേഷന്‍ മുടങ്ങിയത് 2023 ജൂലൈമുതലാണ്. പല സന്ദര്‍ഭങ്ങളിലായി ഈ സിനിമ ചര്‍ച്ചയില്‍ വരുന്നതുപോലും ടോവിനോ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് മനസിലായതുകൊണ്ടായിരുന്നു അത്. 2023 ജൂണ്‍ മാസത്തില്‍ കാനഡയിലെ ഒട്ടാവാ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് വഴക്കിനു ലഭിച്ചു. അത് ഞാന്‍ ടോവിനോയ്ക്ക് അയച്ചുകൊടുത്ത ശേഷം അതൊന്ന് ഷെയര്‍ ചെയ്യാമോ എന്ന് ചോദിച്ചു. അയാള്‍ മറുപടി തന്നില്ല. ഷെയര്‍ ചെയ്തുമില്ല. പിന്നീട് റോമാനിയയിലെ അനോനിമുല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ സിനിമ സെലക്ഷന്‍ വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ടോവിനോയ്ക്ക് ഇന്‍വിറ്റേഷനും യാത്ര-താമസചെലവുകളും വഹിക്കാന്‍ ഫെസ്റ്റിവല്‍ തയാറായപ്പോഴും ടോവിനോ വേണ്ടത്ര താല്പര്യം കാണിക്കാതെ വന്നു. (അത് അയാളുടെ വ്യക്തിപരമായ സൗകര്യമാണ് പക്ഷെ സിനിമയ്ക്ക് ഗുണകരമാവുന്ന ഒരു ഇവന്റായിരുന്നു അത്) ഇക്കാരണങ്ങള്‍ കൊണ്ട് ഇനി സിനിമയെക്കുറിച്ച് ടോവിനോയോട് സംസാരിക്കേണ്ടതില്ല എന്ന് കരുതിയതായിരുന്നു.
  8. എന്തായാലും സിനിമ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തമാണ്. ഞാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് എന്നത് കളവുമാണ്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധ്യത തെളിഞ്ഞപ്പോള്‍ വിതരണം ചെയ്യാമോ എന്ന് ചോദിച്ച് ഞാന്‍ സെഞ്ചുറി പിക്ച്ചേഴ്‌സിനെ സമീപിച്ചിരുന്നു. അവര്‍ക്ക് പണം മുടക്കില്ലാത്ത കാര്യമാണെങ്കില്‍ വിതരണം ചെയ്യുന്ന കാര്യം അവര്‍ പരിഗണിക്കാം എന്ന് പറയുകയും സിനിമ അവര്‍ കാണുകയും ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ട് അവര്‍ തീരുമാനം മാറ്റി എന്നെനിക്ക് അറിയില്ല.
    ഒരുകാര്യമുണ്ട് ടോവിനോ, നിങ്ങളെ ആളുകള്‍ തെറ്റിധരിക്കുമോ ശരിയായി ധരിക്കുമോ എന്നൊക്കെയുള്ള ആശങ്ക കൊണ്ടാണല്ലോ നിങ്ങള്‍ ഇപ്പോള്‍ ലൈവില്‍ പ്രതികരിച്ചത്. അതില്‍ എത്ര കള്ളം എത്ര സത്യം എന്ന് മറ്റാര്‍ക്കും അറിയില്ലെങ്കിലും നിങ്ങള്‍ക്ക് അറിയാമല്ലോ അല്ലെ, അതുമതി. നിങ്ങള്‍ക്ക് അറിയാവുന്ന സത്യം ഈ പ്രപഞ്ചത്തിനും അറിയാം. മറ്റുള്ളതൊക്കെ താല്‍ക്കാലികമായ ധാരണകള്‍ മാത്രം. പക്ഷെ പ്രപഞ്ചത്തിന് അറിയാവുന്ന സത്യത്തിന് അപാരമായ ശക്തിയുണ്ട് എന്ന് ഓര്‍ക്കുക.ഞാന്‍ പറഞ്ഞതൊക്കെ സത്യമായതുകൊണ്ട് മാപ്പുപറയാനും കോപ്പുപറയാനും ഒന്നും ഞാന്‍ തയ്യാറല്ല.
    അതൊക്കെ പോട്ടെ
    എന്റെ മാനസിക നിലയെക്കുറിച്ചൊക്കെ ലൈവില്‍ വല്ലാതെ ആശങ്കപ്പെടുന്നുണ്ടല്ലോ ടോവിനോ. നന്ദി. സിനിമയോട് കൂറുണ്ടെങ്കില്‍ ടോവിനോ സത്യത്തില്‍ ചെയ്യേണ്ടത് സിനിമ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. OTT പ്ലാറ്റ് ഫോമുകള്‍ ഒന്നും തയാറാവുന്നില്ല എങ്കില്‍ യുട്യൂബില്‍ റിലീസ് ചെയ്താലും മതി

കച്ചവടതാല്പര്യങ്ങളാണ് എല്ലാകാലത്തും സമൂഹം എന്ത് അറിയണം, എന്ത് ചിന്തിക്കണം, എങ്ങനെ ചലിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. എത്രതന്നെ വാര്‍ത്താപ്രാധാന്യം ഉണ്ടായിരുന്നാലും എല്ലാ സംഭവങ്ങളും വാര്‍ത്തകള്‍ ആവാത്തപോലെ, എത്രതന്നെ വിപ്ലവകരമായിരുന്നാലും എല്ലാ അറിവുകളും സമൂഹത്തിന്റെ മുന്നില്‍ എത്തുന്നില്ല, എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല, എല്ലാ കലകളും പ്രസിദ്ധീകൃതമാകുന്നില്ല. കാരണം മറ്റൊന്നുമല്ല; ജനങ്ങള്‍ എന്ത് കാണണം, എങ്ങനെ ചിന്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സാമ്പത്തിക അജണ്ടയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നതുതന്നെ. പ്രസിദ്ധമായില്ലെങ്കില്‍ അറിവൊന്നും അറിവല്ലെന്നും കലയൊന്നും കലയല്ലെന്നും ചിന്തിക്കുന്ന ജനതയുടെ സാമാന്യബുദ്ധിയെ മുതലെടുത്തു കൊണ്ടാണ് കച്ചവട താല്പര്യങ്ങളുടെ ഈ അജണ്ട നടപ്പാക്കപ്പെടുന്നത്.

പുറമെ നിന്ന് നോക്കുമ്പോള്‍ നിര്‍ഭാഗ്യമെന്ന് തോന്നാമെങ്കിലും ഉള്ളില്‍ നിന്ന് അറിയുമ്പോള്‍ ഭാഗ്യമെന്ന് ബോധ്യമുള്ള ചില സംഭവങ്ങളിലൂടെ കടന്നുപോകാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കിത് നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ടോവിനോ തോമസ് സഹനിര്‍മാണം നടത്തുകയും അഭിനയിക്കുകയും ചെയ്ത വഴക്ക് എന്ന സിനിമ എനിക്ക് സമ്മാനിച്ചത്.

കൊവിഡ് കാരണം മലയാളം സിനിമാവ്യവസായശാല അടഞ്ഞുകിടന്ന സമയത്താണ് വഴക്ക് ഷൂട്ട് ചെയ്യുന്നത്. കേവലം രണ്ടാഴ്ച കൊണ്ടായിരുന്നു വളരെ സങ്കീര്‍ണമായ ചിത്രീകരണരീതികള്‍ അവലംബിച്ച ആ സിനിമ പൂര്‍ത്തിയാക്കിയത്. ടോവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു നിര്‍മാണചെലവ്. അന്‍പത് ശതമാനം പണം ടോവിനോയും അന്‍പത് ശതമാനം പണം എനിക്ക് കൂടി പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ പാരറ്റ് മൌണ്ട് പിക്ച്ചേഴ്സും നിക്ഷേപിച്ചുകൊണ്ടാണ് ബജറ്റ് കണ്ടെത്തിയത്. പാരറ്റ് മൌണ്ട് പിക്ച്ചേഴ്സിനായി പണം മുടക്കിയത് എന്റെ ബന്ധുവായ ഗിരീഷ് നായരും അദ്ദേഹത്തിന്റെ സുഹൃത്തായ ഫൈസല്‍ ഷാജിര്‍ ഹസനും ആയിരുന്നു.

വളരെ ചെറിയ ബജറ്റും വളരെ കുറഞ്ഞ ദിവസങ്ങളും ആയിരുന്നു കയ്യിലുണ്ടായിരുന്നത് എങ്കിലും വളരെ നല്ല രീതിയില്‍ തന്നെ തീരുമാനിച്ച ബജറ്റിലും സമയത്തിലും സിനിമ തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ തടസങ്ങള്‍ തുടങ്ങി. സിനിമയുടെ റഫ് കട്ട് കണ്ട ഒരു പ്രശസ്തമായ ഫെസ്റ്റിവല്‍ തുടക്കത്തില്‍ സിനിമ തങ്ങള്‍ക്ക് പ്രിമിയര്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മെയില്‍ അയച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം മാറ്റി. എന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് നിരവധി ഫെസ്റ്റിവലുകള്‍ 'വഴക്ക്' തിരസ്‌കരിച്ചു. 2022 ല്‍ മുംബൈ ഫിലിം ഫെസ്റ്റിവല്‍ അതിന്റെ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തുകൊണ്ട്

മെയില്‍ അയച്ചപ്പോള്‍ സിനിമ പുറത്തെത്താന്‍ വഴി തെളിഞ്ഞു എന്ന് ഞാന്‍ കരുതിയെങ്കിലും ആ വര്‍ഷം മുംബൈ ഫിലിം ഫെസ്റ്റിവല്‍ തന്നെ നടക്കാതെ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

IFFK യിലാണ് പിന്നെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിദൂരസാധ്യതയുണ്ടായിരുന്ന ഒരു ഇടം. എനിക്കെതിരെയുള്ള കുപ്രചാരണങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായിരുന്നത് കൊണ്ട് IFFK യില്‍ സിനിമ തെരെഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 'വഴക്ക്' OTT റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഞാന്‍ ടോവിനോയോട് ആവശ്യപ്പെട്ടു. വഴക്ക് ഒരു ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ല എന്നുമായിരുന്നു ടോവിനോയുടെ മറുപടി. ഫെസ്റ്റിവലുകള്‍ എല്ലാം തിരസ്‌കരിച്ചതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും മുന്‍വിധികളില്ലാതെ സിനിമയെ ജനങ്ങളില്‍ എത്തിക്കാന്‍ വഴി നോക്കണം എന്നും ഞാന്‍ പറഞ്ഞെങ്കിലും ടോവിനോ വിമുഖത തുടര്‍ന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് IFFK യില്‍ മലയാളം സിനിമ റ്റുഡേ വിഭാഗത്തില്‍ 'വഴക്ക്' തെരഞ്ഞെടുക്കപ്പെടുന്നത്. ആ സിനിമയെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പുറന്തള്ളാന്‍ വലിയ ചരടുവലികള്‍ നടന്നെങ്കിലും ആ വര്‍ഷം സെലക്ഷന്‍ ജൂറിയില്‍ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്നതുകൊണ്ട് 'വഴക്ക്' IFFK യില്‍ ഇടം പിടിച്ചു. (ഇതെക്കുറിച്ച് വിശദമായി പിന്നെ എഴുതാം) എന്റെ മാനസിക നില തകരാറിലായെന്നും ഞാന്‍ മയക്കു മരുന്നിനു അടിമയായി എന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് 'വഴക്ക്' IFFK യില്‍ പ്രദര്‍ശിപ്പിച്ചത് ഒരു തിരിച്ചടിയായി.

മേളയില്‍ സിനിമകണ്ട പ്രേക്ഷകര്‍ വഴക്കിനെ ഏറ്റെടുത്തതോടെ സിനിമ വീണ്ടും ജനങ്ങളുടെ മുന്നിലെത്തും എന്ന പ്രതീക്ഷ എനിക്കുണ്ടായി. സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണം എന്ന് ഞാന്‍ ടോവിനോയോട് പറഞ്ഞു. അപ്പോഴും അതൊരു ഫെസ്റ്റിവല്‍ സിനിമയാണെന്ന നിലപാടില്‍ ടോവിനോ ഉറച്ചു നിന്നു.

ഒന്നുകില്‍ സിനിമ തിയേറ്ററില്‍ എത്തിക്കണം അല്ലെങ്കില്‍ അത് ഓണ്‍ലൈന്‍ റിലീസ് ചെയ്യണം എന്ന് ഞാന്‍ വാശിപിടിച്ചപ്പോള്‍ OTT പ്ലാറ്റുഫോമുകളുമായി സംസാരിക്കുന്നതിനായി തന്റെ മാനേജരെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ടോവിനോ പറഞ്ഞു. ഏറെ താമസിയാതെ സിനിമയുടെ വിതരണ അവകാശം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പൂര്‍ണമായും ടോവിനോയുടെ മാനേജരെ ഏല്പിക്കാന്‍ ഉള്ള ഒരു കരാറിന്റെ കരടും എനിക്ക് അയച്ചു തന്നു. 'കയറ്റം' എന്ന സിനിമയിലെ സമാനമായ ഒരു സംഭവത്തിന്റെ ദുരനുഭവം കാരണം ഞാന്‍ അതിനു വഴങ്ങിയില്ല. എങ്കിലും OTT പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച ചെയ്യുന്നതിന് മൂന്നു മാസത്തേക്കുള്ള അധികാരം ഞാനയാള്‍ക്ക് എഴുതി നല്‍കി.

പൊതുവെ 'വഴക്ക്' എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നു. പലതും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങള്‍. അതുകൊണ്ട് തന്നെ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമില്ല.

ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ സിനിമ പുറത്തു വരാനുള്ള ഒരു നീക്കവും ഉണ്ടായില്ല. OTT കള്‍ എല്ലാം സിനിമ നിരാകരിച്ചു എന്നാണ് പറഞ്ഞത്. ഇക്കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ, നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഏതെങ്കിലും പ്ലാറ്റുഫോമുകള്‍ വഴി പുറത്തുവന്ന സമയമാണ് ഇതെന്ന് ഓര്‍ക്കണം. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി.

വഴക്ക് തിയേറ്ററില്‍ എത്തിക്കാന്‍ എന്നെ സഹായിക്കാം എന്നും അതിനായി പണം മുടക്കാന്‍ സന്നദ്ധനാണ് എന്നും പറഞ്ഞുകൊണ്ട് ഒരാള്‍ മുന്നോട്ട് വന്നു. ഞാന്‍ വീണ്ടും ടോവിനോയെ വിളിച്ചു. 'വഴക്ക് തിയേറ്ററില്‍ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ' എന്നും അത് താന്‍ 'എഴുതി തരാം' എന്നും ടോവിനോ വാദിച്ചു. പണം മുടക്കാന്‍ തയാറായി വന്നയാള്‍ നഷ്ടം താങ്ങാന്‍ തയാറാണെങ്കില്‍ ടോവിനോ എന്തിന് അതില്‍ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. 'എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാന്‍ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും' എന്നായിരുന്നു അത്.

എന്താണ് ടോവിനോ ഉദ്ദേശിച്ചത് എന്നെനിക്ക് അപ്പോള്‍ മനസിലായില്ല. സിനിമ അയാള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ മറ്റെന്തെങ്കിലും ഭീതികള്‍ ആണോ അയാളെ അലട്ടിയത് എന്നെനിക്ക് മനസിലായിരുന്നില്ല. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു വഴക്ക് എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ചില സംഭവങ്ങള്‍ കാരണം ഞാന്‍ സിനിമാ സംവിധാനം നിര്‍ത്തി എന്നത് വാസ്തവമാണ്.

പക്ഷേ എന്റെ ഏറ്റവും നല്ല സിനിമ ചെയ്തിട്ടാണ് അത് അവസാനിപ്പിച്ചത് എന്ന തൃപ്തിയോടെയാണ് ഞാന്‍ പടിയിറങ്ങിയത്. 2020 ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയാവുകയും 2021 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്ത 'വഴക്ക്' 2024 മേയ് മാസത്തിലും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ട്? ടോവിനോ തോമസ് മനസുവെച്ചാല്‍ അയാള്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ പുറത്തുകൊണ്ടുവരാന്‍ സാധ്യമല്ലാത്തതാണോ? ഒരിക്കലുമല്ല! ഇങ്ങനെയാണ് കച്ചവടം അതിന്റെ കരുക്കള്‍ നീക്കുന്നത്.

ഇപ്പോള്‍ എനിക്ക് ടോവിനോ പറഞ്ഞതിന്റെ പൊരുള്‍ മനസിലായിട്ടുണ്ട്. 'വഴക്ക്' നിര്‍മിക്കുന്ന സമയത്ത് ടോവിനോ വളര്‍ന്നു വരുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അന്നത് പുറത്തു വന്നിരുന്നെങ്കില്‍ എനിക്കെതിരെയുള്ള വിരോധം ആയാള്‍ക്കെതിരെ തിരിയുമായിരുന്നു. സൂപ്പര്‍താരത്തിലേക്കുള്ള വളര്‍ച്ചയുടെ പാതയില്‍ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ടോവിനോ ചെയ്തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധര്‍മമാണ്!

എന്റെ ജീവനുനേരെയുള്ള ഭീഷണികള്‍ ശക്തമായപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് എന്റെ എല്ലാ സിനിമകളും വിശ്വസ്തരായ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക ആയിരുന്നു. വഴക്കിന്റെ ഉള്‍പ്പെടെ എല്ലാ സിനിമകളുടെയും ഒറിജിനല്‍ കോപ്പിറൈറ്റ് അവകാശം എനിക്കാണെന്നും അവരോട് പറഞ്ഞു. എന്റെ മരണമുണ്ടാകുന്ന പക്ഷം അവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണം എന്നും പറഞ്ഞു. ഇക്കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങള്‍ മരണത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ മാത്രമായിരുന്നു എന്റെ ജീവിതം. ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന തിരിച്ചറിവാണുള്ളത്. അത് കച്ചവടത്തിന്റെ തന്ത്രങ്ങളില്‍ നിന്ന് മുക്തവുമാണ്.

ചോല, കയറ്റം, വഴക്ക് ഈ മൂന്നു സിനിമകളും ജനങ്ങളില്‍ എത്തുന്നതില്‍ നിന്ന് തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇത്രകാലത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴും ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് ഈ സിനിമകള്‍ മൂന്നും ഇപ്പോഴും പുതിയത് തന്നെയാണ് എന്നതാണ്. ഈ സിനിമകള്‍ മേളകളില്‍ ഒന്നും കയറിപ്പറ്റാതിരിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടന്നിട്ടും മൂന്നു സിനിമകളും ശ്രദ്ദ്ധേയമായ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ചലച്ചിത്ര അവാര്‍ഡുകളില്‍ നിന്ന് പുറം തള്ളാന്‍ കഴിയുന്നത്ര ശ്രമങ്ങളുണ്ടായി എങ്കിലും എല്ലാ സിനിമകള്‍ക്കും എന്തെങ്കിലുമൊക്കെ അവാര്‍ഡുകള്‍ ലഭിച്ചു. ചോലക്ക് മികച്ച നടി, മികച്ച സഹനടന്‍, ശബ്ദസംവിധാനത്തിനുള്ള ജൂറി മെന്‍ഷന്‍, സംവിധാനത്തിനുള്ള ജൂറി മെന്‍ഷന്‍ എന്നിവ ലഭിച്ചു. കയറ്റത്തിന് മികച്ച ഛായാഗ്രഹണം , മികച്ച കളര്‍ കറക്ഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് ലഭിച്ചു. വഴക്കിനും മികച്ച ഛായാഗ്രഹണം, കളര്‍ കറക്ഷന്‍, ബാലതാരം, വിഷ്വല്‍ ഇഫക്ട്സ് എന്നിവയ്ക്ക് അവാര്‍ഡ് ലഭിച്ചു.

അതുകൊണ്ടുതന്നെ ചവറു സിനിമകളായതുകൊണ്ടാണ് പുറത്തിറങ്ങാത്തത് എന്ന വ്യാഖ്യാനങ്ങള്‍ ചെലവാകുന്നതല്ല. എനിക്ക് ഭ്രാന്താണ് തുടങ്ങിയ ജല്പനങ്ങള്‍ ഇനിയും നടത്തിക്കൊണ്ടിരിക്കുന്നതിലും അര്‍ത്ഥമില്ല. പൂര്‍ത്തിയാകുന്ന എല്ലാ സിനിമകളും വെളിച്ചം കാണുന്ന പുതിയകാലത്ത് എന്തുകൊണ്ട് സനല്‍ കുമാര്‍ ശശിധരന്റെ സിനിമകള്‍ മാത്രം പുറത്തിറങ്ങുന്നില്ല എന്നതിന് പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തേണ്ടിവരും. ഈ മൂന്ന് സിനിമകളും ചെയ്യാന്‍ താരങ്ങള്‍ എന്നറിയപ്പെടുന്ന ഇവരുടെ ആരുടേയും പിന്നാലെ ഞാന്‍ പോയതല്ല. എന്റെയൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുകൊണ്ട് എന്നെ സമീപിക്കുകയായിരുന്നു ഇവരെല്ലാം. ജോജുവും ടോവിനോയും സ്ത്രീകള്‍ ആയിരുന്നെങ്കില്‍ ഞാന്‍ അവരെ ഭോഗിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് സിനിമകള്‍ അവര്‍ പുറത്തിറക്കാത്തത് എന്ന് സില്‍ബന്ധികള്‍ക്ക് പറയാമായിരുന്നു. അത് സാധ്യമല്ലാത്തതുകൊണ്ടാണ് സിനിമ ചവറാണ് എനിക്ക് പ്രാന്താണ് എന്നൊക്കെയുള്ള ജല്പനങ്ങള്‍.
സത്യത്തില്‍ പുറത്തിറങ്ങാത്തതായി നാലാമതൊരു സിനിമ കൂടിയുണ്ട് ചോലയുടെ തമിഴ് പതിപ്പായ 'അല്ലി' ആയിരുന്നു അത്. ഒരു സിനിമയും വെറുതെ ഉണ്ടായി വരുന്നതല്ല. എല്ലാത്തിനും പിന്നില്‍ നിരവധി മനുഷ്യരുടെ വിയര്‍പ്പുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ച് പ്രൊഡക്ഷന് കൂടി നിര്‍മാണ പങ്കാളിത്തമുള്ള സിനിമയുടെ മുഴുവന്‍ ജോലികളും തീര്‍ത്തശേഷം അതിന്റെ പ്രിന്റ്റുകള്‍ എല്ലാം ഞാന്‍ അറിയാതെ ജോജു ജോര്‍ജ്ജ് പണം കൊടുത്തു വാങ്ങിക്കൊണ്ടുപോയി എന്നാണറിഞ്ഞത്. അതിനുവേണ്ടി പണിയെടുത്ത എനിക്ക് ഒരു ചില്ലിക്കാശും തന്നുമില്ല.
എനിക്ക് ഭ്രാന്തായെന്നും എന്റെ കഥ കഴിഞ്ഞെന്നും പറഞ്ഞുപരത്തി എന്നെ ഇല്ലാതാക്കി കഴിഞ്ഞാല്‍ ഇതൊന്നും ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു എന്റെ സിനിമകളോട് ഇത്രയും നീചമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇവര്‍ക്കൊക്കെ ധൈര്യം നല്‍കിയത്. ആരും ശബ്ദമുയര്‍ത്താനുണ്ടാകില്ല എന്നതിന്റെ ഉറപ്പില്‍ എന്നെ കുഴിച്ചുമൂടാമെന്ന മോഹം നല്ലതുതന്നെ. പക്ഷെ ചോദ്യങ്ങള്‍ ഞാന്‍ മരിച്ചാലും അവസാനിക്കില്ല സുഹൃത്തുക്കളെ. ഒരുപക്ഷെ മരിച്ചാലാവും അവയൊക്കെ നിങ്ങളുടെ കുത്തിനുപിടിക്കാന്‍ ഒരുമിച്ചു വരുന്നത്.
അതൊക്കെ അവിടെ നില്‍ക്കട്ടെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് ഒരു ലളിതമായ ചോദ്യം മാത്രം. കച്ചവടമോഹങ്ങള്‍ ഒന്നുമില്ലാത്ത സത്യം മാത്രമുള്ളതെന്ന് നിങ്ങള്‍ക്കും ഉറപ്പുള്ള സിനിമയോട് ഇത്രയും അനീതികള്‍ ചെയ്തിട്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലിരുന്ന് സിനിമ നല്‍കുന്ന അന്നം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നാറില്ലേ?