കുവൈത്ത് സിറ്റി : സി.എ.എ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നിൽ മത ധ്രുവീകരണമാണ് മോദി സർക്കാർ ലക്ഷ്യമാക്കുന്നതെന്നും ഇതിനെതിരെ ശക്തമായി സമൂഹം അണിചേരണമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടറിയേറ്റ് സൂചിപ്പിച്ചു. വിദ്യാഭ്യാസ പദ്ധതിയെ ഹിദ്ദുത്വധാരയിൽ മുക്കിയെടുക്കാനും ഏക സിവിൽകോഡിലേക്ക് കൊണ്ട് പോകാനും ഭാവനയിലുള്ള രാമരാജ്യ നിർമ്മിതിക്കുവേണ്ടി ഏതറ്റംവരെയും പോകാനും ഒരുങ്ങിയിരിക്കുന്നത് സംഘ്പരിവാർ സർക്കാറെന്ന് സൂര്യവെളിച്ചം പോലെ വ്യക്തമായിട്ടും ഇന്നലെവരെ സെക്കുലറിസത്തിനുവേണ്ടി കണ്ഠക്ഷോഭം നടത്തിയ മതേതര പാർട്ടി നേതാക്കൾ കാവിപാളയത്തിലേക്ക് ചേക്കേറാൻ മത്സരിക്കുന്നത് കാാണുമ്പോൾ രാജ്യത്തിന്റെ ഭരണഘടനയുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ഉയരുകയാണെന്ന് ഐ.ഐ.സി സെക്രട്ടറിയേറ്റ് വിശദീകരിച്ചു.

കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സയ്യിദ് സുല്ലമി, ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, കേന്ദ്ര സെക്രട്ടറിമാരായ സിദ്ധീഖ് മദനി, അനസ് മുഹമ്മദ്, ടി.എം അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.