കുവൈത്ത് സിറ്റി : ഇണയും തുണയും പരസ്പരം സ്‌നേഹവും വിശ്വസ്ഥതയും ആദരവും കാത്ത് സൂക്ഷിക്കുന്ന നന്മയുള്ള കുടുംബ ജീവിതമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്ന് പണ്ഡിതനും എഴുത്തുകാരനും സൗദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ഹസ്സാവിയ യൂണിറ്റ് സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആൻ 'മസ്‌കൻ' അഥവാ ശാന്തികേന്ദ്രം എന്നാണ് കുടുംബത്തെ കുറിച്ച് പറയുന്നത്. കുടുംബജീവിതം സംതൃപ്തവും ഭദ്രവുമാകാനാവശ്യമായ സ്‌നേഹം,ലാളന, കാരുണ്യം,വാത്സല്യം, വിനയം, വിട്ടുവീഴ്ച, സഹനം, സേവനം, ഉദാരത, ത്യാഗം, സമർപ്പണം, സഹിഷ്ണുത തുടങ്ങിയ മഹത്ഗുണങ്ങൾ വധൂവരാന്മാരിൽ നിന്നുണ്ടാവണം. കൃത്യമായ ആത്മീയ ബോധം അനിവാര്യമാണ്. നന്മയുള്ള കുടുംബ ജീവിതം ഉറപ്പ് വരുത്തുകയെന്നത് ഇക്കാലത്ത് സമൂഹത്തോട് ചെയ്യുന്ന വലിയ സുകൃതമാണ്. സയ്യിദ് സുല്ലമി വിശദീകരിച്ചു.

സംഗമം ഇസ് ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മുഹമ്മദ് ശാക്കിർ നന്തി അധ്യക്ഷത വഹിച്ചു. ഐ.ഐസി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി, കേന്ദ്ര സെക്രട്ടറി ടി.എം. അബ്ദുറഷീദ്, ഷിജാസ് നന്മണ്ട എന്നിവർ സംസാരിച്ചു. യാസീൻ ഖിറാഅത്ത് നടത്തി.